മൃദംഗ വിഷന്‍ എം.ഡി നിഗോഷ് കുമാർ അറസ്റ്റിൽ; ഇന്ന് കോടതിയിൽ ഹാജരാക്കും
text_fieldsകൊച്ചി: ഉമ തോമസ് എം.എൽ.എ. വീണ് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ, കലൂർ സ്റ്റേഡിയത്തിൽ കൂട്ട നൃത്തപരിപാടി സംഘടിപ്പിച്ച ‘മൃദംഗ വിഷന്‍റെ’ മാനേജിങ് ഡയറക്ടർ വയനാട് മേപ്പാടി മലയിൽ എം. നിഗോഷ് കുമാർ (40) അറസ്റ്റിൽ. ഏഴര മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
ഹൈകോടതി നിർദേശപ്രകാരമാണ് ഇയാൾ വ്യാഴാഴ്ച ഉച്ചക്ക് രണ്ടേകാലോടെ എറണാകുളം പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. മുൻകൂർ ജാമ്യം തേടി ഹൈകോടതിയെ സമീപിച്ചപ്പോഴാണ് കീഴടങ്ങാൻ ആവശ്യപ്പെട്ടത്.
കേസിലെ മൂന്നാം പ്രതി ഓസ്കർ ഇവന്‍റ് മാനേജ്മെന്‍റ് പ്രൊപ്രൈറ്റർ തൃശൂർ പൂത്തോൾ പേങ്ങാട്ടയിൽ പി.എസ്. ജനീഷ് കീഴടങ്ങാൻ എത്തിയില്ല. ആരോഗ്യപരമായ കാരണങ്ങളാലാണ് കീഴടങ്ങാത്തതെന്ന് ഇയാൾ പൊലീസിനെ അറിയിച്ചു.
ഇതിനിടെ മൃദംഗ വിഷന്‍റെ ഒരു ബാങ്ക് അക്കൗണ്ട് പൊലീസ് മരവിപ്പിച്ചു. ഇതിൽ 38 ലക്ഷത്തോളം രൂപയുണ്ടെന്നാണ് വിവരം. അതേസമയം, നൃത്തപരിപാടിക്ക് നേതൃത്വം കൊടുത്ത നടി ദിവ്യ ഉണ്ണി യു.എസിലേക്ക് മടങ്ങി. ബുധനാഴ്ച രാത്രി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്നായിരുന്നു യാത്ര.
മൃദംഗ വിഷൻ സി.ഇ.ഒ എ.ഷമീർ, ചലച്ചിത്രതാരം ദിവ്യ ഉണ്ണിയുടെ സുഹൃത്ത് പൂർണിമ, നിഗോഷ്‌കുമാറിന്‍റെ ഭാര്യ എന്നിവർക്കെതിരെ വിശ്വാസവഞ്ചനയടക്കം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പാലാരിവട്ടം പൊലീസ് കേസെടുത്തിട്ടുണ്ട്. നിഗോഷ്‌കുമാർ, ഷമീർ എന്നിവർ ഉൾപ്പെടെ പ്രതികൾക്കെതിരെ നരഹത്യശ്രമത്തിനും കേസെടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്‌തശേഷം വേണ്ടി വന്നാൽ ദിവ്യ ഉണ്ണിയെ ചോദ്യം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.