എം.എസ്.എഫ് പ്രായപരിധി നീട്ടണമെന്നാവശ്യപ്പെട്ട് കത്ത്
text_fieldsമലപ്പുറം: എം.എസ്.എഫിലെ പ്രായപരിധി 32 വയസ്സാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ഭാരവാഹികൾ മുസ്ലിം ലീഗിന് കത്ത് നൽകി. നിലവിൽ 30 വയസ്സാണ് എം.എസ്.എഫിലെ പ്രായപരിധി. ഇത് രണ്ടു വർഷംകൂടി നീട്ടണമെന്നാണ് ആവശ്യം. വിമർശനങ്ങൾക്ക് ഇടയാവുമെന്നതിനാൽ പാർട്ടി അംഗീകരിച്ചിട്ടില്ലെന്നാണ് സൂചന.
രണ്ടു വർഷം കൂടുമ്പോഴാണ് എം.എസ്.എഫ് ഭാരവാഹി തെരഞ്ഞെടുപ്പ്. ഏറ്റവുമൊടുവിൽ 2018ലാണ് മെംബർഷിപ് കാമ്പയിൻ നടന്നത്. അഞ്ചു വർഷവും പത്തു മാസവും പിന്നിട്ടിട്ടും മെംബർഷിപ് കാമ്പയിൻ നടക്കാത്തതിനെതിരെ സംഘടനക്കുള്ളിൽ പരാതിയുണ്ട്. നിലവിലെ കമ്മിറ്റി വന്നിട്ട് നാലു വർഷമായി. നേതാക്കളിൽ പലരും പ്രായപരിധി കഴിയാനായവരാണ്. ഇവരിലെ പ്രമുഖരെ നിലനിർത്താനാണ് നീക്കമെന്നാണ് എതിരാളികൾ ചൂണ്ടിക്കാട്ടുന്നത്.
നിലവിലെ എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി രൂപവത്കരണം മുതലുള്ള വിഭാഗീയത ഇപ്പോഴും വിട്ടുമാറിയിട്ടില്ല. അതാണ് ഹരിത വിഷയത്തിലേക്കുവരെ എത്തിയതും വലിയ വിവാദങ്ങൾക്ക് കാരണമായതും. സംസ്ഥാന പ്രസിഡന്റിനെ തുണക്കുന്നവരും എതിർക്കുന്നവരുമുണ്ട്. മലപ്പുറം ജില്ലയിലാണ് എം.എസ്.എഫിന് ഏറ്റവും കൂടുതൽ മെംബർഷിപ്പുള്ളത്. കമ്മിറ്റിയെ ഭാവിയിലും കൂടെ നിർത്താനുള്ള നീക്കങ്ങളാണ് പ്രായപരിധി വർധിപ്പിക്കാനുള്ള ശ്രമങ്ങൾക്കു പിന്നിലെന്നാണ് എതിരാളികൾ പറയുന്നത്. സംസ്ഥാന കൗൺസിലിൽ ചർച്ചചെയ്യാതെയാണ് ഭാരവാഹികൾ മാതൃസംഘടനക്ക് കത്ത് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.