പരാതി പിൻവലിക്കാൻ ലീഗ് സമ്മർദ്ദം ശക്തം; നിലപാടിൽ വിട്ടുവീഴ്ചയില്ല, രാജിക്കൊരുങ്ങി 'ഹരിത' നേതാക്കൾ
text_fieldsമലപ്പുറം: എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് ഉൾപ്പെടെയുള്ളവർ ലൈംഗികമായി അധിക്ഷേപിച്ചെന്ന് കാണിച്ച് വനിതാ കമീഷന് നൽകിയ പരാതി പിൻവലിക്കാൻ മുസ് ലിം ലീഗ് സമ്മർദ്ദം ശക്തമാക്കവേ രാജിഭീഷണിയുമായി ഹരിത സംസ്ഥാന ഭാരവാഹികൾ. തിങ്കളാഴ്ച രാവിലെ പാണക്കാട്ട് പി.കെ. കുഞ്ഞാലിക്കുട്ടിയടക്കമുള്ളവരുമായി ഇവർ നടത്തിയ ചർച്ച തീരുമാനമാകാതെ പിരിഞ്ഞിരുന്നു. എം.എസ്.എഫ് പ്രസിഡൻറ് പി.കെ. നവാസ്, മലപ്പുറം ജില്ലാ പ്രസിഡൻറ് കബീർ മുതുപറമ്പ്, ജനറൽ സെക്രട്ടറി വി.എ വഹാബ് എന്നിവർക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യത്തിൽ ഹരിത ഉറച്ചുനിന്നു. അല്ലാത്തപക്ഷം പരാതി പിൻവലിക്കില്ലെന്നാണ് ഇവരുടെ നിലപാട്. ഒടുവിൽ, വിഷയത്തിൽ തീരുമാനമെടുക്കുന്നതിന് ഹരിതക്ക് 24 മണിക്കൂർ സമയം അനുവദിച്ച് പിരിയുകയായിരുന്നു. ഈ സമയപരിധി അവസാനിക്കവെയാണ് രാജി ചർച്ചകൾ സംഘടനയിൽ പുരോഗമിക്കുന്നത്.
പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളുടെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. കുഞ്ഞാലിക്കുട്ടിക്കും മുനവ്വറലി തങ്ങൾക്കും പുറമെ ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ രണ്ടത്താണി, എം.എസ്.എഫ് ദേശീയ പ്രസിഡൻറ് ടി.പി അഷ്റഫലി, വൈസ് പ്രസിഡൻറ് അഡ്വ. ഫാത്തിമ തഹിലിയ, ഹരിതയെ പ്രതിനിധീകരിച്ച് സംസ്ഥാന പ്രസിഡൻറ് മുഫീദ തസ്നി, ജനറൽ സെക്രട്ടറി നജ്മ തബ്ഷീറ എന്നിവരും പങ്കെടുത്തു. നവാസിനോട് വിശദീകരണം ചോദിക്കുകയോ ശാസിക്കുകയോ ചെയ്യാമെന്നും പെൺകുട്ടികൾ ഉന്നയിച്ച വിവിധ വിഷയങ്ങൾക്ക് ഭാവിയിൽ പരിഹാരമുണ്ടാക്കാമെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു. എന്നാൽ, നവാസിനെ പ്രസിഡൻറ് സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്നാണ് ഹരിതയുടെ ആവശ്യം. ഇതിൽ തീരുമാനമുണ്ടാവത്തതിനാൽ മലപ്പുറം ജില്ലാ എം.എസ്.എഫ് ഭാരവാഹികളുടെ വിഷയം ചർച്ചക്കെടുത്തില്ല.
ജൂൺ 22ന് കോഴിക്കോട്ട് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി യോഗത്തിൽ സംഘടന സംബന്ധിച്ച് കാര്യങ്ങളിൽ നവാസ് ഹരിതയുടെ അഭിപ്രായം ആവശ്യപ്പെട്ടു കൊണ്ടു സംസാരിക്കവെ അതിനെ വിശേഷിപ്പിച്ചത് 'വേശ്യക്കും വേശ്യയുടേതായ ന്യായീകരണം ഉണ്ടാകും' എന്നാണെന്ന് വനിതാ കമീഷന് നൽകിയ പരാതിയിൽ പറയുന്നു. ലൈംഗിക ചുവയോടെ ചിത്രീകരിക്കുകയും ദുരാരോപണങ്ങൾ ഉന്നയിച്ച് മാനസികമായും സംഘടനപരമായും വ്യക്തിപരമായും തകർക്കാൻ ശ്രമിക്കുകയുമാണ്. എം.എസ്.എഫ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറിയായ വഹാബ് ഫോൺ മുഖേനയും മറ്റും അസഭ്യവാക്കുകൾ ഉപയോഗിച്ചാണ് അധിക്ഷേപിച്ചെന്നും ഇവർ ആരോപിച്ചു. ജില്ലാ കമ്മിറ്റി യോഗത്തിൽ അധിക്ഷേപിച്ചെന്ന് വ്യക്തമാക്കി കഴിഞ്ഞ ദിവസം ജില്ലാ പ്രസിഡൻറ് കബീറിനെതിരെ ഹരിത നേതാവ് ആഷിഖ ഖാനവും രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.