‘പെണ്ണുങ്ങൾ വോട്ട് ചെയ്യാൻ മാത്രം പുറത്തിറങ്ങിയാൽ മതി’; എം.എസ്.എഫ് നേതൃത്വത്തിനെതിരെ ഒളിയമ്പുമായി ഹരിത പ്രസിഡന്‍റ്
text_fieldsകോഴിക്കോട്: എം.എസ്.എഫ് സംസ്ഥാന ഭാരവാഹികളുടെ പട്ടിക പുറത്തുവന്നതിന് പിന്നാലെ വനിതകൾക്ക് പ്രാതിനിധ്യം നൽകാത്തതിനെതിരെ ഒളിയമ്പുമായി വനിത നേതാവിന്‍റെ ഫേസ് ബുക്ക് പോസ്റ്റ്. എം.എസ്.എഫ് വനിതാവിഭാഗമായ ഹരിതയുടെ സംസ്ഥാന പ്രസിഡൻറ് മുഫീദ തെസ്നിയാണ് പോസ്റ്റിട്ടത്. കൊറോണയിൽ തുടങ്ങി മുളകുപൊടി പ്രയോഗത്തിലൂടെ വോട്ടെടുപ്പിലെത്തുന്ന പോസ്റ്റ് പെൺകുട്ടികൾക്ക് എം.എസ്.എഫ് നേതൃത്വത്തിൽ പ്രാതിനിധ്യം നൽകാത്തതിലുള്ള രോഷപ്രകടനമാണെന്ന് പ്രവർത്തകർക്കിടയിൽ ചർച്ച ആരംഭിച്ചിട്ടുണ്ട്.
''കൊറോണ വന്നാൽ എല്ലാരേയും പിടിക്കും. പെണ്ണുങ്ങൾ മാത്രമല്ല ആണുങ്ങളും വീട്ടിൽ ഇരിക്കേണ്ടി വരും. ഇടക്കൊന്നു അടുക്കളയിലേക്ക് എത്തിനോക്കിയാൽ മുളക് കണ്ണിൽ തേക്കാൻ മാത്രമല്ല കറിയിൽ ഇടാനും ഉപയോഗിക്കാമെന്ന് മനസ്സിലാക്കാം. കൊറോണക്കാലം കഴിഞ്ഞാലും പെണ്ണുങ്ങൾ വീട്ടിൽ തുടരട്ടെ. വോട്ട് ചെയ്യാൻ മാത്രം പുറത്തിറങ്ങിയാൽ മതി. വീട്ടിൽ വോട്ട് എന്ന സംവിധാനം കൊണ്ടുവന്നാൽ അത്രയും നന്ന്.''-എന്നാണ് മുഫീദയുടെ പരോക്ഷ വിമർശനം.
എം.എസ്.എഫ് സംസ്ഥാന ഭാരവാഹിപ്പട്ടികയിൽ പെൺകുട്ടികളെയും ഉൾപ്പെടുത്തണമെന്ന് സംഘടനയുടെ വനിതാ വിഭാഗമായ ഹരിത ആവശ്യപ്പെട്ടു വരികയായിരുന്നു. എന്നാൽ, 18 അംഗ പട്ടികയിൽ ഒരു പെൺകുട്ടിപോലുമില്ല.
ഒരുമാസം മുമ്പ്, സംസ്ഥാന കൗൺസിലിലുണ്ടായ ബഹളത്തെത്തുടർന്ന് എം.എസ്.എഫ് മലപ്പുറം ജില്ല പ്രസിഡൻറ് റിയാസ് പുല്‍പ്പറ്റയെ സ്ഥാനത്ത് നിന്ന് നീക്കിയതിനെതിരെ ഹരിത മുന്‍ സംസ്ഥാന വൈസ് പ്രസിഡൻറ് ഹഫ്‌സ മോള്‍ പരസ്യപ്രതികരണവുമായി രംഗത്തെത്തിയിരുന്നു. 'നമ്മുടെ പാര്‍ട്ടിയിലെ ജനാധിപത്യം ചില മാടമ്പി തമ്പുരാക്കന്മാര്‍ കവര്‍ന്നെടുക്കുകയും തന്നിഷ്ടം നടപ്പിലാക്കുകയും ചെയ്യുന്നത് അണ്ണാക്കില്‍ പിരിവെട്ടിയവനെ പോലെ നമ്മള്‍ നോക്കി നില്‍ക്കുകയാണെ'ന്ന് ഹഫ്സ തുറന്നടിച്ചു. പാർട്ടി പത്രത്തിലെ വാർത്തയിലൂടെയാണ് റിയാസ് തന്നെ നീക്കിയത് അറിയുന്നത്. സംസ്ഥാന ഭാരവാഹി പ്രഖ്യാപനത്തിലും സംഭവിച്ചിരിക്കുന്നത് ഇത് തന്നെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.