മാറ്റത്തിന് പച്ചക്കൊടി; പെൺകുട്ടികളെയും ഉൾപ്പെടുത്തി എം.എസ്.എഫ് കമ്മിറ്റികൾ
text_fieldsമലപ്പുറം: 'ഹരിത' വിഷയത്തിൽ മുസ്ലിം ലീഗിന്റെ സ്ത്രീപക്ഷ നിലപാടിലെ വിവാദങ്ങളും ചർച്ചകളും പുരോഗമിക്കുന്നതിനിടെ പെൺകുട്ടികളെയും ഉൾപ്പെടുത്തി എം.എസ്.എഫ് കമ്മിറ്റികൾ. താഴെ തലം തൊട്ട് എം.എസ്.എഫിൽ പെൺകുട്ടികൾക്കും ഭാരവാഹിത്വം നൽകണമെന്ന മുറവിളിക്ക് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും ആൺകമ്മിറ്റികളായി തുടരുകയായിരുന്നു. നാല് വർഷം മുമ്പ് ദേശീയ കമ്മിറ്റി വന്നപ്പോഴാണ് ഫാത്തിമ തഹിലിയയിലൂടെ ചരിത്രത്തിലെ ആദ്യ വനിതാ പ്രാതിനിധ്യമുണ്ടാവുന്നത്. തുടർന്ന്, സംസ്ഥാന, ജില്ലാ ഭാരവാഹികളെ പ്രഖ്യാപിച്ചപ്പോഴൊന്നും പക്ഷെ പഴയ അവസ്ഥയിൽ മാറ്റമുണ്ടായില്ല. ഇതിന് അപവാദമെന്നോണം കഴിഞ്ഞ ദിവസങ്ങളിൽ നിലവിൽ വന്ന ചില ശാഖ കമ്മിറ്റികളിലൂടെയാണ് പെൺകുട്ടികൾക്ക് ഭാരവാഹിത്വം നൽകിത്തുടങ്ങിയിരിക്കുന്നത്.
പിരിച്ചുവിട്ട ഹരിത സംസ്ഥാന കമ്മിറ്റി, എം.എസ്.എഫിലും വനിത പ്രാതിനിധ്യം വേണമെന്ന ശക്തമായ ആവശ്യവുമായി രംഗത്തുണ്ടായിരുന്നു. ഇതിൻറെ ഫലമെന്നോണം കാമ്പസ് കമ്മിറ്റികളിൽ പെൺകുട്ടികളെ ഉൾപ്പെടുത്തി. കോഴിക്കോട് ഫാറൂഖ് കോളജ് എം.എസ്.എഫ് യൂനിറ്റ് പ്രസിഡൻറ് സ്ഥാനം റിസ് വാന ഷെറിനും യൂനിയൻ ചെയർപേഴ്സൻ പദവി മിന ഫർസാനയും അലങ്കരിച്ച് ചരിത്രമെഴുതി. 'ഹരിത'യും എം.എസ്.എഫ് നേതൃത്വവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ ഉടലെടുത്തതോടെ നടന്ന ചർച്ചകളിലും ലീഗ് നേതാക്കൾക്ക് മുന്നിൽ ഇവർ അവതരിപ്പിച്ച വിഷയങ്ങളിൽ പ്രധാനപ്പെട്ടത് ഭാരവാഹിത്വത്തിൽ 20 ശതമാനമെങ്കിലും പെൺകുട്ടികൾക്ക് നീക്കിവെക്കണമെന്നായിരുന്നു. തെരഞ്ഞെടുപ്പ് തോൽവി പഠിക്കാൻ ലീഗ് നിയോഗിച്ച പത്തംഗ ഉപസമിതിയുടെ റിപോർട്ടിലും പോഷക സംഘടനകളിൽ വനിതാപ്രാതിനിധ്യം നിർദേശിക്കുന്നുണ്ട്.
എം.എസ്.എഫ് മെംബർഷിപ്പ് കാമ്പയിൻ നടക്കാനിരിക്കുകയാണ്. പ്രവർത്തനം നിർജീവമായിക്കിടക്കുന്ന സ്ഥലങ്ങളിൽ ശാഖ കമ്മിറ്റി രൂപവത്ക്കരണം പുരോഗമിക്കുന്നുണ്ട്. കണ്ണൂർ നാറാത്ത് പാറപ്പുറം യൂനിറ്റിൽ രണ്ട് വീതം വൈസ് പ്രസിഡൻറുമാരും ജോയൻറ് സെക്രട്ടറിമാരും പെൺകുട്ടികളാണ്. കണ്ണൂർ ആറളം, മലപ്പുറം വരിക്കോട് തുടങ്ങിയ ശാഖ കമ്മിറ്റികളിലും പെൺ പ്രാതിനിധ്യം ഉറപ്പാക്കി. 'ഹരിത'യുടെ പ്രവർത്തനം കാമ്പസുകളിലേക്ക് ചുരുക്കണമെന്ന അഭിപ്രായം ലീഗിലും എം.എസ്.എഫിലും ഉയർന്നിട്ടുമുണ്ട്. എം.എസ്.എഫ് കമ്മിറ്റികളിൽ പെൺകുട്ടികൾ വരുന്നത് ഏറെ സന്തോഷമുള്ള കാര്യമാണെന്ന് 'ഹരിത' സംസ്ഥാന പ്രസിഡൻറ് പി.എച്ച് ആയിഷ ബാനു പറഞ്ഞു. എം.എസ്.എഫ് ആൺകുട്ടികൾക്ക് മാത്രമാണെന്ന് എവിടെയും പറഞ്ഞിട്ടില്ല. എന്നാൽ, 'ഹരിത' പെൺകുട്ടികൾക്ക് മാത്രമുള്ളതാണെന്നും അത് നിലനിൽക്കുമെന്നും അവർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.