വാതിൽ പൂട്ടി എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി യോഗം, കോടതി ഉത്തരവുമായെത്തിയ ഷൈജലിന് പങ്കെടുക്കാനായില്ല
text_fieldsകോഴിക്കോട്: സംഘടനയിൽ നിന്ന് പുറത്താക്കിയ നടപടി റദ്ദാക്കിയ കോടതി ഉത്തരവുമായെത്തിയ എം.എസ്.എഫ് നേതാവ് പി.പി. ഷൈജലിനെ സംസ്ഥാന കമ്മിറ്റി യോഗവേദിയിൽ പ്രവേശിപ്പിച്ചില്ല. സംസ്ഥാന കമ്മിറ്റി ചേർന്ന ഹാളിന്‍റെ വാതിൽ പൂട്ടിയതിനാലാണ് യോഗ വേദിയിൽ പ്രവേശിക്കാൻ ഷൈജലിന് കഴിയാതിരുന്നത്. ഇതോടെ യോഗം നടക്കുന്ന ഹാളിന് പുറത്ത് പ്രതിഷേധ മുദ്രാവാക്യം വിളിച്ച ശേഷം ഷൈജൽ മടങ്ങി. സംസ്ഥാന പ്രസിഡന്‍റ് പി.കെ. നവാസിന്‍റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.
കോടതി വിധി സംഘടനയുടെ നേതൃത്വം ലംഘിച്ചെന്ന് ഷൈജൽ മാധ്യമങ്ങളോട് പറഞ്ഞു. എം.എസ്.എഫ് നേതൃത്വത്തിനെതിരെ കോടതിയലക്ഷ്യ ഹരജി നൽകും. പെൺകുട്ടികളെ ആക്ഷേപിച്ചതിലും തട്ടിപ്പ് നടത്തിയതിന്‍റെ പേരിലും കോടതിയിലും ജയിലിലും കയറിയിറങ്ങുന്നവരായി എം.എസ്.എഫ് നേതൃത്വം മാറിയെന്ന് ഷൈജൽ ആരോപിച്ചു.
എം.എസ്.എഫ് വനിത കൂട്ടായ്മയായ ഹരിതയുമായി ബന്ധപ്പെട്ട വിഷയത്തിൽ നേതൃത്വത്തെ വിമർശിച്ചതിന്‍റെ പേരാണ് സംസ്ഥാന പ്രസിഡന്‍റായ ഷൈജലിനെ സംഘടനയിൽ നിന്ന് പുറത്താക്കിയത്. നടപടി ചോദ്യം ചെയ്ത് ഷൈജൽ സമർപ്പിച്ച ഹരജി പരിഗണിച്ച വയനാട് മുൻസിഫ് കോടതി തീരുമാനം റദ്ദാക്കുകയും ഷൈജലിനെ തിരിച്ചെടുക്കാൻ ഉത്തരവിടുകയും ചെയ്തിരുന്നു. സംഘടനയുടെ ഭരണഘടനക്ക് വിരുദ്ധമായാണ് തന്നെ പുറത്താക്കിയതെന്ന വാദം അംഗീകരിച്ചാണ് കോടതിയുടെ വിധി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.