എം.എസ്.എഫ് നേതാക്കൾക്ക് കൈവിലങ്ങ്: പ്രതിഷേധം ശക്തം; പൊലീസ് നടപടി ക്രൂരമെന്ന് പി.എം.എ. സലാം
text_fieldsകോഴിക്കോട്: എം.എസ്.എഫ് നേതാക്കളെ കൈവിലങ്ങണിയിച്ച പൊലീസ് നടപടിയിൽ വ്യാപക പ്രതിഷേധം. ഞായറാഴ്ച കൊയിലാണ്ടിയിൽ പൊതുപരിപാടിയിൽ പങ്കെടുക്കാനെത്തിയ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയെ കരിങ്കൊടി കാണിക്കാൻ ശ്രമിച്ചതിന് അറസ്റ്റിലായ എം.എസ്.എഫ് ജില്ല കൺവീനർ ടി.ടി. അഫ്രിൻ, മണ്ഡലം സെക്രട്ടറി സി. ഫസീഹ് എന്നിവരെ പൊലീസ് കൈവിലങ്ങണിയിച്ച് വൈദ്യപരിശോധനക്ക് കൊണ്ടുപോയതാണ് കടുത്ത വിമർശനത്തിന് ഇടയാക്കിയത്.
ആശുപത്രിയിൽ വൈദ്യപരിശോധനക്ക് കൊണ്ടുപോകുമ്പോൾ വിലങ്ങുവെക്കണമെന്ന് സർക്കാർ ഉത്തരവുണ്ടെന്നായിരുന്നു ഇതുസംബന്ധിച്ച് കൊയിലാണ്ടി സി.ഐയുടെ വിശദീകരണം. കരിങ്കൊടി കാണിക്കുമ്പോൾ ചെറിയ പിടിവലി നടന്നതുകൊണ്ടാണ് വൈദ്യപരിശോധനക്ക് വിധേയമാക്കേണ്ടിവന്നതെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്. അതേസമയം, സുപ്രീംകോടതി ഉത്തരവനുസരിച്ച് കൈവിലങ്ങണിയിക്കാൻ മജിസ്ട്രേറ്റിന്‍റെ അനുമതി വാങ്ങേണ്ടതുണ്ടെന്ന് എം.എസ്.എഫ് നേതാക്കൾ വ്യക്തമാക്കുന്നു. വ്യാജരേഖ ചമച്ച പ്രതിയോടുപോലും ചെയ്യാത്തതാണ് നീതിക്കായി സമരം ചെയ്തവരോട് കാണിച്ചതെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
സംഭവത്തിൽ മുസ്ലിംലീഗ് നേതാക്കൾ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തിറങ്ങി. മര്യാദയില്ലാത്ത നടപടിയാണ് പൊലീസിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും ലീഗ് ദേശീയ ജന.സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. അനിവാര്യമായ കാര്യത്തിന് സമരംചെയ്തവരെ സുപ്രീംകോടതിയുടെ നിർദേശം ലംഘിച്ചാണ് കൈവിലങ്ങണിയിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യാജരേഖ ചമച്ച എസ്.എഫ്.ഐ നേതാവിനെ സംരക്ഷിക്കാൻ പാടുപെടുന്ന സർക്കാർ, ന്യായമായ ആവശ്യവുമായി സമരം ചെയ്യുന്നവരെ കൈവിലങ്ങണിയിച്ച് രണ്ടുതരം നീതി നടപ്പാക്കുകയാണെന്ന് സംസ്ഥാന ജന. സെക്രട്ടറി പി.എം.എ. സലാം പറഞ്ഞു. സർക്കാറിനെ പ്രീതിപ്പെടുത്താനുള്ള ചില പൊലീസുകാരുടെ നടപടി ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പൊലീസ് പിണറായിയുടെ കൂലിപ്പട്ടാളമായി മാറിയെന്ന് സെക്രട്ടറി ഡോ. എം.കെ. മുനീർ എം.എൽ.എ പറഞ്ഞു.
കേരളത്തിലെ സി.പി.എമ്മുകാര്‍ക്ക് ഒരു നീതിയും മറ്റുള്ളവര്‍ക്ക് മറ്റൊരു നീതിയുമാണ് നടപ്പാക്കുന്നത്. വിലങ്ങണിയിച്ച് കൊണ്ടുപോയ പൊലീസുകാര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും നിയമസഭ തല്ലിത്തകര്‍ത്ത വ്യക്തിയാണ് വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടിയെന്നും എം.കെ. മുനീര്‍ കൂട്ടിച്ചേര്‍ത്തു.
പൊലീസ് നടപടി ക്രൂരം -പി.എം.എ. സലാം
മലപ്പുറം: പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ ന്യായമായ സമരം ചെയ്ത രണ്ട് എം.എസ്.എഫുകാരായ വിദ്യാർഥികളെ വിലങ്ങുവെച്ച് തെരുവിലൂടെ നടത്തിയ പൊലീസ് നടപടി ക്രൂരവും പ്രകടമായ വിവേചനവുമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം പറഞ്ഞു. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാട്ടുകള്ളന്മാരായ പ്രതികളെ അറസ്റ്റ് ചെയ്തപ്പോൾപോലും കാണാത്ത നടപടികളാണ് വിദ്യാർഥികൾക്കെതിരെ കൊയിലാണ്ടിയിൽ പൊലീസിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായത്.
ക്രൂരമായി പ്രവർത്തിക്കാനാണ് പൊലീസിന് നിർദേശം കിട്ടുന്നത്. ചൈനയെയും ക്യൂബയെയും പോലെ ഇതൊരു കമ്യൂണിസ്റ്റ് രാജ്യമല്ല. ഭരിക്കുന്ന സർക്കാറുകൾക്കെതിരെ വിമർശിക്കാൻ അവകാശമുള്ള രാജ്യമാണ് ഇന്ത്യ. സർക്കാറിന്‍റെ തെറ്റായ നയങ്ങൾ തുറന്നുകാട്ടേണ്ടത് പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്തമാണ്. സർക്കാറിന്‍റെ അഴിമതിയും തെറ്റായ നിലപാടുകളും വിളിച്ചുപറഞ്ഞതിനാണ് കെ.പി.സി.സി പ്രസിഡന്‍റിന്റെ പേരിലും പ്രതിപക്ഷ നേതാവിന്‍റെ പേരിലുമൊക്കെ കേസെടുത്തിരിക്കുന്നത്. പ്ലസ് വണ്‍ പ്രവേശനത്തില്‍ മെറിറ്റില്‍ അലോട്ട്‌മെന്റ് കഴിയുന്നതിനുമുമ്പ് കമ്യൂണിറ്റി േക്വാട്ടയില്‍ അഡ്മിഷന്‍ കൊടുക്കുന്നത് സംവരണം അട്ടിമറിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ്.
നല്ല മാര്‍ക്ക് കിട്ടിയ മെറിറ്റില്‍ വരേണ്ട കുട്ടികളെയാണ് കമ്യൂണിറ്റി േക്വാട്ടയിലേക്ക് മാറ്റുന്നത്. മെറിറ്റില്‍ സാധ്യതയുള്ള കുട്ടികള്‍ക്ക് അതിന് അവസരം പൂര്‍ണമായി നല്‍കിയശേഷം മാത്രമാണ് കമ്യൂണിറ്റി േക്വാട്ട കൊടുക്കേണ്ടത്. ഇതിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ട്. പ്ലസ് വണ്‍ രണ്ടാമത്തെ അലോട്ട്‌മെന്റ് കഴിഞ്ഞിട്ടും അര ലക്ഷത്തോളം പേര്‍ക്ക് സീറ്റ് കിട്ടിയിട്ടില്ല. അവസാന അലോട്ട്‌മെന്റ് വന്നിട്ടും കുട്ടികള്‍ക്ക് അഡ്മിഷന്‍ കിട്ടാത്ത സാഹചര്യമുണ്ടായാല്‍ മുസ്‍ലിം ലീഗ് പ്രക്ഷോഭം ശക്തമാക്കുമെന്നും പി.എം.എ. സലാം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.