എം.എസ്.എഫ്, യൂത്ത് ലീഗ് സമരങ്ങളിൽ സംഘർഷം; ലാത്തിച്ചാർജ്
text_fieldsകോഴിക്കോട്: ബന്ധുനിയമനത്തിന് ഉത്തരവാദിയായ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീൽ രാജിെവക്കണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ് നടത്തിയ കലക്ടറേറ്റ് മാർച്ചിൽ ലാത്തിച്ചാർജും കണ്ണീർ വാതക പ്രയോഗവും. കലക്ടറേറ്റ് മാർച്ചിൽ അറസ്റ്റിലായ പ്രവർത്തകർക്ക് ചികിത്സ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നടക്കാവ് പൊലീസ് സ്റ്റേഷന് മുന്നിൽ മുസ്ലിം യൂത്ത് ലീഗ് നടത്തിയ ഉപരോധത്തിലും സംഘർഷവും ലാത്തിച്ചാർജുമുണ്ടായി. കലക്ടറേറ്റ് മാർച്ചിൽ എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് മിസ്ഹബ് കീഴരിയൂര്‍ അടക്കം ആറു പ്രവര്‍ത്തകര്‍ക്കും ചേവായൂര്‍ ഇന്‍സ്‌പെക്ടര്‍ കെ.കെ. ബിജു ഉൾപ്പെടെ അഞ്ച് പൊലീസുകാര്‍ക്കും പരിക്കേറ്റു. സംഭവത്തിൽ 20 പേർക്കെതിരെ നടക്കാവ് പൊലീസ് കേസെടുത്തു.
പിടികൂടിയ വിദ്യാർഥികളെ വിട്ടയക്കണമെന്നാവശ്യപ്പെട്ടാണ് നടക്കാവ് പൊലീസ് സ്റ്റേഷന് മുന്നിൽ യൂത്ത് ലീഗ് -എം.എസ്.എഫ് പ്രവർത്തകർ പ്രതിഷേധിച്ചത്. ഇതേതുടർന്നുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ യൂത്ത് ലീഗ് ജില്ല വൈസ് പ്രസിഡൻറ് ജാഫര്‍ സാദിഖ്, നൂറുദ്ദീന്‍ ചെറുവറ്റ, ഷമീര്‍ പാഴൂര്‍, കാലിക്കറ്റ് സർവകലാശാല സെനറ്റ് അംഗം ഷുഹൈബ് മുഖദാര്‍, കെ.പി. ഷിഹാബ് തുടങ്ങിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാവിലെ 11.50ഒാടെ എരഞ്ഞിപ്പാലത്തുനിന്ന് നൂറുകണക്കിന് വിദ്യാർഥികളുടെ മാർച്ച് കലക്ടറേറ്റിന് മുന്നിലെത്തിയതോടെയാണ് സംഘർഷങ്ങളുടെ തുടക്കം. പൊലീസ് കലക്ടറേറ്റ് കവാടത്തിൽ തടഞ്ഞ മാർച്ചിന് മുൻനിരയിലുള്ള ഏഴുപേർ താൽക്കാലിക ബാരിക്കേഡ് ചാടിക്കയറിയതോടെ കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിക്കുകയായിരുന്നു. പൊലീസിെൻറ ജലപീരങ്കി പ്രവർത്തനരഹിതമായതോടെയാണ് കണ്ണീർവാതകം പ്രയോഗിച്ചത്. രണ്ട് കണ്ണീർവാതക ഷെല്ലുകൾ എറിഞ്ഞതിൽ ഒരെണ്ണം പ്രതിഷേധക്കാർക്കിടയിൽ വീണ് പൊട്ടിയതോടെ വിദ്യാർഥികൾ അക്രമാസക്തമായി.
പരിസരത്തുണ്ടായിരുന്ന കുപ്പികളും മറ്റുമെടുത്ത് പൊലീസിനെതിരെ എറിഞ്ഞു. ഇതോടെ പ്രക്ഷോഭകരെ ലാത്തി വീശി ഒാടിച്ചു. അൽപസമയം കഴിഞ്ഞ് പ്രവർത്തകർ തിരിച്ചെത്തിയാണ് എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. നവാസ് മാർച്ച് ഉദ്ഘാടനം നടത്തിയത്. ജില്ല വൈസ് പ്രസിഡൻറ് കെ.സി. ഷിഹാബ് അധ്യക്ഷത വഹിച്ചു. അഫ്‌നാസ് ചേറോട്, കെ.ടി. ജാസിം, സാജിദ് നടുവണ്ണൂര്‍, ലത്തീഫ് തുറയൂര്‍ എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് കുത്തിയിരിപ്പ് സമരം നടത്തിയവരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുന്നതിനിടയിലും നേരിയ സംഘർഷമുണ്ടായി. അരമണിക്കൂറിലേറെ കലക്ടറേറ്റിന് മുന്നിൽ സംഘർഷാവസ്ഥയായിരുന്നു. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയശേഷമാണ് പുതിയ ജലപീരങ്കി എത്തിക്കാനായത്.
അറസ്റ്റ് ചെയ്ത് നടക്കാവ് സ്റ്റേഷനിലെത്തിച്ചവരിൽ പരിക്കേറ്റവർക്ക് ചികിത്സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഉപരോധം നടന്നത്. ഉച്ച ഒരുമണിയോടെ ആരംഭിച്ച പ്രതിഷേധത്തിൽ പലതവണ ആവശ്യപ്പെട്ടിട്ടും പ്രവർത്തകർ പിരിഞ്ഞുപോകാത്തതിനെ തുടർന്ന് ലാത്തി വീശുകയായിരുന്നു. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്, ജോയൻറ് സെക്രട്ടറി വി.വി. മുഹമ്മദലി, സീനിയര്‍ വൈസ് പ്രസിഡൻറ് നജീബ് കാന്തപുരം എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധം.
20 പേർ റിമാൻഡിൽ
കോഴിക്കോട്: യൂത്ത് ലീഗ് -എം.എസ്.എഫ് സമരങ്ങളിലെ സംഘർഷവുമായി ബന്ധപ്പെട്ട് 20 പ്രവർത്തകർക്കെതിരെ നടക്കാവ് പൊലീസ് കേസെടുത്തു. അഫ്‌നാസ്, ലത്തീഫ്, മിസ്ഹബ്, സാബിത് മായനാട്, മുഹമ്മദ് യാസിർ, എൻ.പി. നവാസ്, സാഹിബ് മുഹമ്മദ്, ഷമീർ, ഷാഫി, അബ്ദുൽ ഖാദർ, നൂറുദ്ദീൻ ചെറുവറ്റ, അനസ്, കെ.സി. ഷിഹാബ്, അസനുൽ ബന്ന, അനീസ് തോട്ടുങ്ങൽ, സാജി റഹ്മാൻ, സിയാദ്, അജ്ഹർ, ഷാഫി, മുഹമ്മദ്, ഷംസീർ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കോടതി റിമാൻറ്ഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.