എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്‍റ് പി.പി ഷൈജലിനെ പദവിയിൽ നിന്ന് നീക്കി
text_fieldsകോഴിക്കോട്: ഹരിത വിഷയത്തിൽ മുസ് ലിം ലീഗിൽ അച്ചടക്ക നടപടികൾ തുടരുന്നു. എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്‍റ് പി.പി ഷൈജലിനെ പദവികളിൽ നിന്ന് നീക്കി. ഗുരുതര അച്ചടക്കലംഘനം ചൂണ്ടിക്കാട്ടിയെന്ന ലീഗ് വയനാട് ജില്ലാ കമ്മിറ്റിയുടെ കണ്ടെത്തലിനെ തുടർന്നാണ് സംസ്ഥാന കമ്മിറ്റിയുടെ നടപടി.
എം.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് പി.കെ നവാസ് അശ്ലീല പരാമർശം നടത്തിയ സംഭവത്തിൽ പരാതിക്കാരായ ഹരിത നേതാക്കൾക്ക് നീതി കിട്ടിയില്ലെന്ന് ആരോപിച്ച് ഷൈജൽ രംഗത്തു വന്നിരുന്നു. അഭിപ്രായം പറയുന്നവരെ വേട്ടയാടുന്നുവെന്നും ഷൈജൽ ആരോപിച്ചിരുന്നു.
എം.എസ്.എഫ് സംസ്ഥാന പ്രവർത്തക സമിതി യോഗത്തിൽ പ്രസിഡന്‍റ് പി.കെ നവാസ് അശ്ലീല പരാമർശം നടത്തിയെന്ന് കാണിച്ച് ഹരിത ഭാരവാഹികൾ മുസ്ലിം ലീഗ് നേതൃത്വത്തിന് പരാതി നൽകിയിരുന്നു. മലപ്പുറം ജില്ലയിൽ നിന്നും സമാനമായി പരാതി ഉയർന്നു. എന്നാൽ, ഈ പരാതിയിൽ നേതൃത്വം നടപടി എടുക്കാത്തതിനാൽ ഹരിത ഭാരവാഹികൾ വനിത കമീഷന് പരാതി നൽകിയതോടെ വിഷയം പൊതുചർച്ചയായി.
ഇതേ തുടർന്ന് മുസ്ലിം ലീഗ് നേതൃത്വം നടത്തിയ ഇടപെടലുകൾ ഫലം കണ്ടിരുന്നില്ല. തുടർന്ന്, ഹരിത കമ്മിറ്റിയെ ആദ്യം മരവിപ്പിക്കുകയും പിന്നീട് പിരിച്ചുവിടുകയും ചെയ്തു. മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം നേരിട്ട് പുതിയ ഭാരവാഹികളെ നിയമിക്കുകയും ചെയ്തു.
ഈ വിവാദങ്ങൾക്കിടെ ഹരിതയെ പിന്തുണച്ചു കൊണ്ട് ഫാത്തിമ തഹ്ലിയ രംഗത്തെത്തിയിരുന്നു. ഇതേ തുടർന്ന് എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് അവരെ കഴിഞ്ഞ ദിവസം നീക്കി. ദേശീയ വൈസ് പ്രസിഡന്‍റ് സ്ഥാനത്തു നിന്ന് നീക്കിയ അവർ പാർട്ടി മാറുമെന്ന തരത്തിൽ വ്യാപക പ്രചരണമുണ്ടായിരുന്നു. ഇതെല്ലാം നിഷേധിച്ചുകൊണ്ടാണ് ഇപ്പോൾ ഫാത്തിമ തഹ്ലിയ രംഗത്തെത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.