എം.ടി ലാസർ മാസ്റ്റർ, കാലം മായ്ക്കാത്ത ചിത്രം
text_fieldsഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് ജയിൽശിക്ഷ അനുഭവിച്ചയാളാണ് മാള സ്വദേശി എം.ടി. ലാസർ മാസ്റ്റർ. തിരുകൊച്ചിയുടെ ഗർജിക്കുന്ന സിംഹം എന്ന വിശേഷണമുള്ള വ്യക്തിത്വമായിരുന്നു അദ്ദേഹം.
മാള മാമ്പിള്ളി വീട്ടിൽ തോമൻ-മറിയം ദമ്പതികളുടെ മകനായി 1921ൽ ജനനം. യുവാവായിരിക്കെ ലാസർ 1941ൽ രൂപംകൊണ്ട കൊച്ചിരാജ്യം പ്രജാമണ്ഡലം പാർട്ടിയുമായി സഹകരിച്ച് പ്രവർത്തിച്ചു. കൂറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട്, എസ്. നീലകണ്ഠൻ, ഇക്കണ്ട വാരിയർ, വി.ആർ. കൃഷ്ണൻ എഴുത്തച്ഛൻ എന്നിവരുടെ പ്രവർത്തനങ്ങളാണ് അദ്ദേഹത്തെ ആകർഷിച്ചത്.
ക്വിറ്റ് ഇന്ത്യ സമരത്തിന്റെ നാലാം വാർഷികദിനത്തിൽ 1946ലാണ് ബ്രിട്ടീഷ് സൈന്യം അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് വിയ്യൂർ ജയിലിലടച്ചത്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച് ജവഹർലാൽ നെഹ്റു പ്രധാനമന്ത്രിയായ ശേഷമാണ് ലാസർ മാസ്റ്റർ മോചിതനായത്.
അഞ്ച് വർഷത്തിനു ശേഷം 1952ൽ നിയമസഭയിലേക്ക് മത്സരിക്കാൻ നിർബന്ധിതനായി. 1977ൽ ഇരിങ്ങാലക്കുടയിൽനിന്ന് സീറ്റ് നൽകിയെങ്കിലും നിരസിച്ചു. സ്വാതന്ത്ര്യസമര സേനാനികൾക്കുള്ള പെൻഷൻ വാങ്ങാൻപോലും അദ്ദേഹം ആദ്യം തയാറായിരുന്നില്ല. സമരത്തിൽ പങ്കെടുത്തത് പെൻഷന് വേണ്ടിയല്ലെന്നായിരുന്നു വാദം.
പിന്നീട് ജീവിതം ദുസ്സഹമായ വേളയിൽ സുഹൃത്തുക്കളുടെ നിർബന്ധത്തിനു വഴങ്ങി ചുരുങ്ങിയ കാലം പെൻഷൻ സ്വീകരിച്ചു. 1998 ജൂലൈ 29ന് അന്തരിച്ചു. റിട്ട. അധ്യാപിക ത്രേസ്യയാണ് ഭാര്യ. നാല് പെൺമക്കളും രണ്ട് ആൺമക്കളും ഉണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.