എം.ടി. പത്മയുടെ ഓർമയിൽ ലീഡറും തെരഞ്ഞെടുപ്പ് പോരാട്ടങ്ങളും
text_fieldsകോഴിക്കോട്: തെരഞ്ഞെടുപ്പ് ചൂടേറിയപ്പോൾ ആ ചൂടിൽ അലിയാൻ കഴിയാത്തതിെൻറ വിഷമത്തിലാണ് നിരവധി തവണ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും ഒരു തവണ മന്ത്രിയാവുകയും ചെയ്ത എം.ടി. പത്മ.
നിയമസഭ തെരഞ്ഞെടുപ്പ്, പാർലെമൻറ് തെരഞ്ഞെടുപ്പ്, കോഴിക്കോട് കോർപറേഷൻ തെരഞ്ഞെടുപ്പ് എന്നിവയിൽ മത്സരിക്കുകയും വിജയവും പരാജയവും ഒരുപോലെ രുചിക്കുകയും ചെയ്തയാളാണ്. കണ്ണൂർ സ്വദേശിയായ പത്മ കോഴിക്കോടേക്ക് ചേക്കേറി, തുടർന്ന് ഇവിടത്തുകാരിയായി വെള്ളയിൽ വീടുവെച്ച് താമസിക്കുകയായിരുന്നു.
ലോകോളജിൽ പഠിക്കുേമ്പാൾ കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. കെ.എസ്.യു ജില്ല വൈസ് പ്രസിഡൻറ്, സംസ്ഥാന വൈസ് പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ച ഇവർ 14 വർഷത്തോളം കോഴിക്കോട് വിവിധ കോടതികളിൽ അഭിഭാഷക ജീവിതവും നയിച്ചു.
അതിനിടെ കെ. കരുണാകരനാണ് നാദാപുരത്ത് മത്സരിക്കാൻ ആവശ്യപ്പെട്ടതെന്ന് എം.ടി. പത്മ പറയുന്നു. 1982 ലാണ് ആദ്യ മത്സരം. അന്ന് 2000ൽ പരം വോട്ടുകൾക്ക് തോറ്റു. പിന്നീട് 1987 ലും 1991ലും കൊയിലാണ്ടിയിൽ നിന്ന് മത്സരിച്ച് ജയിച്ചു. 1991 ൽ കെ. കരുണാകരൻ -എ.െക. ആൻറണി മന്ത്രിസഭയിൽ ഫിഷറീസ് ആൻഡ് റൂറൽ ഡെവലപ്പ്മെൻറ് മന്ത്രിയായി.
അന്ന് മത്സ്യത്തൊഴിലാളികൾക്കു വേണ്ടി പ്രവർത്തിക്കാനായി. അന്നത്തെ പ്രവർത്തനങ്ങൾക്ക് കേന്ദ്ര സർക്കാറിൽ നിന്ന് നാഷനൽ യൂനിറ്റി അവാർഡും ലഭിച്ചു. 1999ൽ പാലക്കാടുനിന്ന് ലോക്സഭയിലേക്ക് മത്സരിച്ച് സി.പി.എമ്മിെൻറ എൻ.എൻ. കൃഷ്ണദാസിനോട് 30,000 വോട്ടുകൾക്ക് തോറ്റു. 2004ൽ വടകരയിൽനിന്ന് മത്സരിച്ചെങ്കിലും 1,30,000 വോട്ടുകൾക്ക് സി.പി.എമ്മിെൻറ സതീദേവിയോട് തോറ്റു. 2013ൽ കോഴിക്കോട് കോർപറേഷൻ കൗൺസിലറും കോർപറേഷനിലെ പ്രതിപക്ഷ നേതാവുമായി.
കെ. കരുണാകരനും കുടുംബവുമാണ് തന്നെ വളർത്തിയതെന്ന് അവർ പറയുന്നു. ഭർത്താവ് രാധാകൃഷ്ണനായിരുന്നു രാഷ്ട്രീയ പ്രവർത്തനത്തിന് പ്രേരണ നൽകിയത്. തെൻറ രണ്ട് മക്കളെ നോക്കി കുടുംബാംഗങ്ങളും പിന്തുണ നൽകി. എന്നാൽ, ഇൗ തെരഞ്ഞെടുപ്പ് കാലത്ത് മകൾക്കൊപ്പം ബംഗളൂരുവിലാണ്.
കോവിഡിനു മുമ്പ് വന്നതാണ്. അതിനിടെ ഭർത്താവ് രാധാകൃഷ്ണന് തലച്ചോറിൽ രക്തം കട്ടപിടിച്ച് ചികിത്സ വേണ്ടി വന്നു. പൂർണമായും രോഗമുക്തനാകാത്തതിനാൽ നാട്ടിലേക്ക് മടങ്ങാനായിട്ടില്ല. തെരഞ്ഞെടുപ്പ് തിരക്കിൽ അലിയേണ്ട ഈ സമയത്ത് അവിടെയുണ്ടാകാനാകാത്തതിൽ വളരെയധികം വേദനയുണ്ടെന്നും എം.ടി. പത്മ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.