പൊലീസിനോട് മര്യാദയുടെ ഭാഷ വേണ്ട, അർധരാത്രി അതിക്രമിച്ചു കയറിയാൽ എതിർക്കണമെന്ന് എം.ടി രമേശ്
text_fieldsആലപ്പുഴ: പോപുലർ ഫ്രണ്ട് ശമ്പളം കൊടുക്കുന്ന ചിലർ പൊലീസിലുണ്ടെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്. ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത് ശ്രീനിവാസന്‍റെ കൊലപാതകത്തിൽ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ജില്ല കമ്മിറ്റി ജില്ല പൊലീസ് ആസ്ഥാനത്തേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രഞ്ജിത് വധക്കേസിൽ പ്രതികളെ മുഴുവൻ പിടികൂടാൻ പൊലീസിന് സാധിക്കുന്നില്ലെങ്കിൽ ലിസ്റ്റ് തന്നാൽ മതി, പിടിച്ചുതരാം. ശരീരത്തിൽ ചില കേടുപാടുകൾ ഉണ്ടാകും. അതിന്‍റെ ഉത്തരവാദിത്തം പൊലീസ് ഏറ്റെടുക്കണം. അന്വേഷണത്തിന്‍റെ പേരിൽ ആർ.എസ്.എസ്-ബി.ജെ.പി പ്രവർത്തകരെ പൊലീസ് വേട്ടയാടുകയാണ്. പൊലീസിനോട് മര്യാദയുടെ ഭാഷ ഇനി വേണ്ട. അർധരാത്രി അതിക്രമിച്ചു കയറിയാൽ അതേരീതിയിൽ എതിർക്കണം.
രഞ്ജിത്തിന്‍റെ കൊലപാതകം പൊലീസ് അറിഞ്ഞ് നടത്തിയ ഗൂഢാലോചനയാണ്. പൊലീസ് നിരീക്ഷണം ഉണ്ടായിട്ടും പ്രതികൾ കടന്നുകളഞ്ഞു. ഇത് പൊലീസ് അറിഞ്ഞില്ലെന്ന് പറഞ്ഞാൽ വെള്ളംതൊടാതെ വിഴുങ്ങില്ല. പ്രതികൾ സംസ്ഥാനം വിട്ടെന്നാണ് അന്വേഷണസംഘത്തിന് നേതൃത്വം നൽകിയ എ.ഡി.ജി.പി പറഞ്ഞത്. എന്നാൽ, പ്രതികൾ മുഴുവൻ അറസ്റ്റിലായത് കേരളത്തിൽനിന്നാണ്. ഇതിൽ നിന്ന് പൊലീസ് നടത്തിയ ഗൂഢാലോചന വ്യക്തമാണ്.
പോപുലർ ഫ്രണ്ട് പ്രതികളാകുന്ന കേസുകളിൽ പൊലീസിന് ഭയമാണ്. എൻ.ഐ.എ അന്വേഷണത്തെ സി.പി.എമ്മിനും മുഖ്യമന്ത്രിക്കും ഭയമാണ്. പോപുലർ ഫ്രണ്ടിന് ക്വട്ടേഷൻ കൊടുത്ത് കൊല്ലിക്കുകയാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.