തുഗ്ലക് എന്ന് പറഞ്ഞപ്പോൾ ബി.ജെ.പിക്കാർ അവരുടെ നേതാവിനെ ഓർത്തു -ഐസക്
text_fieldsകോഴിക്കോട്: സാഹിത്യകാരൻ എം.ടി വാസുദേവൻ നായരുടെ തുഗ്ലക് പരാമർശം കേട്ടപ്പോൾ ബി.ജെ.പിക്കാർക്ക് തങ്ങളുടെ ഏതോ നേതാവിനെ ഓർമ വന്നുവെന്ന് ധനമന്ത്രി തോമസ് ഐസക്. ആ നേതാവിന്‍റെ പ്രവൃത്തികൾക്ക് തുഗ്ലക്കിന്‍റെ മണ്ടത്തരങ്ങളുമായും അധികാര പ്രമത്തതയുമായും അസഹിഷ്ണുതയുമായും ക്രൂരതയുമായും ഒക്കെ സാദൃശ്യവും തോന്നിയിരിക്കണം. ഇതാകാം സംഘികൾ എം.ടിക്കെതിരെ തിരിയാൻ കാരണമെന്നും ഐസക് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
എന്‍റെ പുസ്തകം പ്രകാശനം ചെയ്യവെ മലയാളത്തിന്‍റെ സാഹിത്യക്കാരണവരായ എം.ടി. നടത്തിയ പ്രസംഗമാണ് സംഘികളെ അദ്ദേഹത്തിനെതിരെ തിരിച്ചത്. അദ്ദേഹം ബി.ജെ.പി അടക്കം സംഘപരിവാറിലെ ഏതെങ്കിലും സംഘടനയെയോ മോഡി അടക്കം അവയിൽ ഏതിന്‍റെയെങ്കിലും നേതാക്കളെയോപറ്റി അവിടെ ഒന്നും പറഞ്ഞില്ല. പതിനാലാം നൂറ്റാണ്ടിൽ വടക്കേ ഇന്ത്യയിൽ സാമ്രാജ്യം സ്ഥാപിച്ചു ഭരിച്ച മുഹമ്മദ് ബിൻ തുഗ്ലക്കിനെപ്പറ്റിയാണു അദ്ദേഹം സംസാരിച്ചത്. തുഗ്ലക്കിന്‍റെ കാലത്ത് ഇവിടം സന്ദർശിച്ച വിദേശസഞ്ചാരി എഴുതിയതും നമ്മിൽ പലർക്കും അറിയാത്തതുമായ കൗതുകകരമായ ചിലകാര്യങ്ങളാണ് എം.ടി. പറഞ്ഞത്.
കൂട്ടത്തിൽ, നാണയവ്യവസ്ഥ വച്ചു കളിച്ച രാജ്യങ്ങളൊക്കെ അപകടത്തിലേക്കു പോയതിനെയും സർക്കാറിന്‍റെ വീണ്ടുവിചാരമില്ലാത്ത നോട്ടുനിരോധന നടപടി ഉണ്ടാക്കിയ ബുദ്ധിമുട്ടുകളെയും പറ്റി പൊതുവെ പറയുകയും ചെയ്തു. അതും വളരെ സൗമ്യമായി. പ്രകോപനകരമായി ഒന്നും ആ ഭാഗത്തും ഉണ്ടായിരുന്നില്ല. ഇക്കാര്യങ്ങളൊക്കെ ഇതിലും ശക്തിയായി വേറെ പലരും പറഞ്ഞിട്ടുള്ളതുമാണ്. അപ്പോൾ, ഇതിൽ സംഘികളെ ഇത്ര പ്രകോപിപ്പിച്ചത് എന്താണ്? ആദ്യം എനിക്കു പിടികിട്ടിയില്ല. പിന്നീടാണു കാര്യം മനസിലായത്. തുഗ്ലക്കിനെപ്പറ്റി പറഞ്ഞതാകണം പ്രകോപനമായത്. തുഗ്ലക്ക് എന്നു കേട്ടപ്പോൾ തങ്ങളുടെ ഏതോ നേതാവിനെ അവർക്ക് ഓർമ വന്നിട്ടുണ്ടാകണം. ആ നേതാവിന്‍റെ പ്രവൃത്തികൾക്ക് തുഗ്ലക്കിന്‍റെ മണ്ടത്തരങ്ങളുമായും അധികാര പ്രമത്തതയുമായും അസഹിഷ്ണുതയുമായും ക്രൂരതയുമായും ഒക്കെ സാദൃശ്യവും തോന്നിയിരിക്കണം. അതോ തുഗ്ലക്കാണോ ഇക്കൂട്ടരുടെ കുലപതി? ഇവിടെ അറ്റാച്ച് ചെയ്യുന്ന എം.ടിയുടെ പ്രസംഗം നിങ്ങൾ ഒന്നു കേട്ടുനോക്കൂ. നിങ്ങൾക്കും തോന്നും ഇതേ സംശയങ്ങൾ.
സമാദരണീയനായ ഒരു സാംസ്ക്കാരിക നായകൻ താൻ വായിച്ച ഒരു യാത്രാ വിവരണത്തിൽ പതിനാലാം നൂറ്റാണ്ടിലെ ഒരു ചക്രവർത്തിയെപ്പറ്റി പറഞ്ഞ കാര്യങ്ങൾ ഇത്രവലിയ പ്രകോപനമാകുന്നതിന്‍റെ കാരണം ഈ താദാത്മ്യവും തുഗ്ലക്കിനുണ്ടായിരുന്നതായി എം.ടി പ്രസംഗത്തിൽ പറയുന്ന, വിമർശനങ്ങളോടുള്ള അസഹിഷ്ണുതയും തന്നെയാണ്. ശിക്ഷയെന്ന നിലയിൽ താൻ ദിവസവും വെട്ടിക്കൊല്ലുന്നവരുടെ ജഡങ്ങൾ കൊട്ടാര വാതിലിൽ രണ്ടു ദിവസം ഇടണം. സന്ദർശകർ അതു കടന്നുവേണം തന്‍റെ അടുത്ത് എത്താൻ. പ്രജകളെ ഭയചകിതരാക്കി ഭരിക്കാനുള്ള ഈ തന്ത്രം എം.ടി ഉദ്ധരിക്കുന്നുണ്ട്. തന്‍റെ ഭരണപരാജയങ്ങളെപ്പറ്റി ആരെങ്കിലും വിമർശിക്കുന്നത് കേൾക്കാനുള്ള സഹിഷ്ണുത ഇല്ലാഞ്ഞതിനാലാണ് അദ്ദേഹം തലസ്ഥാനം മാറ്റിയതെന്നും വിദേശസഞ്ചാരി രേഖപ്പെടുത്തിയിട്ടുണ്ടത്രേ.
ഈ സ്വഭാവങ്ങൾ - ഭയപ്പെടുത്തി നിർത്തലും എതിർശബ്ദങ്ങളെ ഭയക്കലും അസഹിഷ്ണുതയും – തന്നെയാണ് സംഘപരിവാറിലെ എല്ലാവരിലും കാണുന്നത്. എല്ലാ മലയാളികളും സ്നേഹിക്കുന്ന സംവിധായകൻ കമലിന്‍റെയും എഴുത്തുകാരനും അധ്യാപകനുമായ എം.എം. ബഷീറിന്‍റെയുമൊക്കെ കാര്യത്തിൽ ഇവക്കൊപ്പം വർഗ്ഗീയവെറികൂടി കലരുന്നു. ദേശീയഗാനം പാടിയപ്പോൾ കമൽ എഴുന്നേൽക്കാതിരിക്കുകയോ എഴുന്നേൽക്കാതിരുന്നവരെ പ്രേരിപ്പിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ തീയറ്ററിൽ ദേശീയഗാനം പാടുന്നതിനെ വിമർശിക്കുകയോ ചെയ്തിട്ടില്ല. മറിച്ച്, ചലച്ചിത്രോത്സവ പ്രതിനിധികൾ എഴുന്നേറ്റു നിന്നു സഹകരിക്കണമെന്ന് അഭ്യർഥിക്കുകയാണു ചെയ്തത്. എന്നിട്ടും കമലിനെതിരെ ആക്രമണം അഴിച്ചുവിട്ടതിൻ അവരുടെ മനസിലെ മുറ്റിയ കാളകൂടവിഷം അല്ലാതെ മറ്റൊന്നുമില്ല. ഏതു മതക്കാരനാണെന്ന് ഇത്രകാലവും മലയാളികളെ മനസിലാക്കിക്കാതെ മതനിരപേക്ഷനായി ജീവിച്ച കമലിന്‍റെമേൽ മതത്തിന്‍റെ മുദ്രചാർത്തി ആക്രമിച്ചതുതന്നെ ആ മനസുകളിലെ അധമത്വത്തിന്‍റെ സാക്ഷ്യമാണ്. ഇന്ത്യൻ ഇതിഹാസങ്ങളെപ്പറ്റി മുസ് ലിമായ പണ്ഡിതൻ എഴുതിക്കൂടാ എന്നു പറയുന്നതിലെ സംസ്ക്കാര ശൂന്യത എത്ര കടുത്തതാണ്.
ഇത് ഭാരതസംസ്ക്കാരമല്ല. മതസഹിഷ്ണുതയിൽ പുലർന്നുവന്ന സാത്വികമായ ഭാരതസമൂഹത്തെ വിദ്വേഷത്തിന്‍റെ വിഷം കലർത്തി എന്നെന്നത്തേക്കുമായി തകർക്കുകയാണവർ. ഇവർ ഭാരതത്തിനു ഭൂഷണമല്ല. എന്നിട്ട്, ഇവരാണു ഭാരതീയതയോടെ ജീവിക്കുന്ന മറ്റുള്ളവരോടു പറയുന്നത് രാജ്യം വിട്ടുപോകാൻ! എന്തൊരു അസംബന്ധവും ധാർഷ്ട്യവുമാണിത്. നമ്മുടെയെല്ലാം ഇന്ത്യയെ ഇവർക്ക് ആരെങ്കിലും എഴുതിക്കൊടുത്തിട്ടുണ്ടോ ആവോ? എന്താ ഏതാ എന്നറിയാതെ എസ്.എം.എസ്. അയച്ചവരെയെല്ലാം ചേർത്തിട്ടും ജനസംഖ്യയുടെ പത്തു ശതമാനം മാത്രം അംഗത്വമുള്ള ഇവരെല്ലാംകൂടി രാജ്യം വിട്ട് എങ്ങോട്ടെങ്കിലും പോകുന്നതല്ലേ എളുപ്പം. ബാക്കി 90 ശതമാനം പേരും സന്തോഷവും സമാധാനവുമായി മുമ്പത്തെപ്പോലെ ജീവിച്ചുകൊള്ളുമല്ലോ- ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.