നവതിയുടെ നിറവിൽ മലയാളത്തിന്റെ എം.ടി
text_fieldsകോഴിക്കോട്: കഥയും കഥാപാത്രങ്ങളും കൊണ്ട് മലയാളിയുടെ മനസ്സിൽ വാക്കിന്റെ പെരുന്തച്ചനായി ഹൃദയം കീഴടക്കിയ മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ എന്ന എം.ടിക്ക് ഇന്ന് നവതി. 90 വർഷത്തിന്റെ ജീവിതസപര്യക്കിടയിൽ മനുഷ്യജീവിതത്തിന്റെ ആഴവും പരപ്പും എം.ടിയോളം വായനക്കാരിലെത്തിച്ച എഴുത്തുകാരൻ മലയാളത്തിൽതന്നെ അപൂർവം.
മലയാള ചെറുകഥയെ കവിതയുടെ ഉത്തുംഗതയിലേക്ക് നയിച്ച കാഥികൻ. ജ്ഞാനപീഠം കീഴടക്കിയ എഴുത്തുകാരൻ. പല തലമുറയെ എഴുത്തിന്റെ വഴിയിൽ കണ്ടെത്തിയ പത്രാധിപർ. നിർമാതാക്കൾ കാത്തുകിടന്നത്രയും വിലയേറിയ തിരക്കഥാകൃത്ത്. നടപ്പുശീലങ്ങളുടെ നെറുകയിൽ തിരുത്തിന്റെ പള്ളിവാൾ വീശിയ സംവിധായകൻ. അങ്ങനെ തൊട്ടതെല്ലാം പൊന്നാക്കിയ മറ്റൊരു സർഗപ്രതിഭയും എം.ടിയെപ്പോലെ കേരളത്തിലില്ല. 1933 ജൂലൈ 15ന് മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ കൂടല്ലൂരിൽ പുന്നയൂര്ക്കുളം ടി. നാരായണന് നായരുടെയും അമ്മാളു അമ്മയുടെയും നാലു ആണ്മക്കളില് ഏറ്റവും ഇളയവനായായിരുന്നു വാസുവിന്റെ ജനനം. സ്വന്തം അനുഭവപരിസരങ്ങളിൽ തൊട്ടടുത്ത് കണ്ട മനുഷ്യരായിരുന്നു എം.ടിയുടെ കഥാപാത്രങ്ങളിൽ ഏറെയും. ജീർണിച്ചു നിലംപൊത്താറായ നാലുകെട്ടുകൾക്കുള്ളിൽ നെടുവീർപ്പിടുന്ന മനുഷ്യരെ എം.ടി ലോകത്തിനു മുന്നിൽ മാറാല നീക്കി കാട്ടിക്കൊടുത്തു.
കാലവും മഞ്ഞും അസുരവിത്തും പാതിരാവും പകൽവെളിച്ചവും രണ്ടാമൂഴവും പോലുള്ള കൃതികൾ മലയാള നോവൽ സാഹിത്യത്തെ മാറ്റിപ്പണിതു. ദാർ എസ് സലാമും ഷെർലകും വാരിക്കുഴിയും വാനപ്രസ്ഥവും നിന്റെ ഓർമക്കും പോലുള്ള മികവുറ്റ കഥകൾ കാലങ്ങൾക്കുമപ്പുറത്തേക്ക് സഞ്ചരിച്ചു. കൈക്കുറ്റപ്പാട് തീർത്ത തിരക്കഥകളായിരുന്നു എം.ടിയുടെ തൂലികയിൽനിന്ന് പിറന്നത്. കാലമേറെ കഴിഞ്ഞിട്ടും മലയാള സിനിമ പുതിയ ചക്രവാളങ്ങളിലേക്ക് പറന്നുയർന്നിട്ടും എം.ടി വെള്ളിത്തിരയിൽ ജീവൻ നൽകിയ കഥാപാത്രങ്ങളുടെ സംഭാഷണങ്ങൾ ഇപ്പോഴും മലയാളികൾ ഓർത്തിരിക്കുന്നു. ആവർത്തിച്ച് ഉരുവിടുന്നു. മകനെ വീതുളി എറിഞ്ഞുവീഴ്ത്തിയ പെരുന്തച്ചനും ചതിയനെന്ന് മുദ്രപതിഞ്ഞ ചന്തുവിനും എം.ടി നൽകിയ തിരഭാഷ്യം ലോക സിനിമയിൽതന്നെ അപൂർവം.
നഗരമേ നന്ദിയും കുട്ട്യേടത്തിയും പഞ്ചാഗ്നിയും അടിയൊഴുക്കുകളും വൈശാലിയും ഒരു വടക്കൻ വീരഗാഥയും പെരുന്തച്ചനും താഴ്വാരവും പോലുള്ള ക്ലാസിക് സിനിമകൾ മാത്രമല്ല, ദേശീയ പുരസ്കാരം നേടിയ നിർമാല്യത്തിന്റെ സംവിധായകനുമാണ് അദ്ദേഹം. എം.ടിയുടെ നവതി കഴിഞ്ഞ കുറച്ചുനാളുകളായി കേരളീയ സമൂഹം ആഘോഷമാക്കിയിരിക്കുകയാണ്. തുഞ്ചൻപറമ്പിൽ നടന്ന ആഘോഷങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയനും നടൻ മമ്മൂട്ടിയും പോലുള്ള പ്രമുഖരാണ് എത്തിയത്. മാതൃഭൂമി ഒരാഴ്ച നീണ്ട പരിപാടികളും സംഘടിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.