Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎം.ടി മലയാള...

എം.ടി മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയിൽ എത്തിച്ച പ്രതിഭ -മുഖ്യമന്ത്രി

text_fields
bookmark_border
എം.ടി മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയിൽ എത്തിച്ച പ്രതിഭ -മുഖ്യമന്ത്രി
cancel

തിരുവനന്തപുരം: മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയിൽ എത്തിച്ച പ്രതിഭയെയാണ് എം.യുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. കേരളത്തിനു പൊതുവിലും മലയാള സാഹിത്യലോകത്തിന് സവിശേഷമായും നികത്താനാവാത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ചെറുകഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്ര സംവിധായകൻ, പത്രാധിപർ, സാംസ്‌കാരിക നായകൻ എന്നിങ്ങനെ എഴുത്തിന്റെയും കലാ-സാംസ്‌കാരിക പ്രവർത്തനങ്ങളുടെയും മേഖലകളിൽ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു എം.ടി വാസുദേവൻ നായർ. കേരളീയ ജീവിതത്തിന്റെ സൗന്ദര്യവും സങ്കീർണതയുമായിരുന്നു തന്റെ എഴുത്തുകളിലൂടെ അദ്ദേഹം പകർന്നുവെച്ചത്. വള്ളുവനാടൻ നാട്ടുജീവിത സംസ്‌കാരത്തിൽ വേരുറപ്പിച്ചുനിന്നാണ് ലോകത്തിന്റെ ചക്രവാളങ്ങളിലേക്ക് അദ്ദേഹം ഉയർന്നത്. അങ്ങനെ മലയാളികളുടെ വ്യക്തിമനസ്സിനെ മുതൽ കേരളക്കരയുടെയാകെ സമൂഹമനസ്സിനെ വരെ തന്റെ എഴുത്തുകളിലൂടെ എം.ടി അടയാളപ്പെടുത്തി.

ഇരുട്ടിന്റെ ആത്മാവും കുട്ട്യേടത്തിയും അടക്കമുള്ള കഥാലോകത്തിലൂടെ മലയാള കഥാഖ്യാനത്തെ ഭാവുകത്വപരമായി ഉയർത്തിയെടുത്തു എം.ടി. നാലുകെട്ടും രണ്ടാമൂഴവും ഉൾപ്പെടെയുള്ള അദ്ദേഹത്തിന്റെ നോവലുകൾ മലയാളത്തിന്റെ ക്ലാസിക് രചനകളാണ്. ദേശീയ - അന്തർദേശീയ തലങ്ങളിൽ ശ്രദ്ധിക്കപ്പെടുകയും പുരസ്‌ക്കാരങ്ങൾ നേടിയെടുക്കുകയും ചെയ്തിട്ടുള്ള അദ്ദേഹത്തിന്റെ തിരക്കഥകളും ചലച്ചിത്രാവിഷ്‌ക്കാരങ്ങളും എം.ടിയുടെ ബഹുമുഖ പ്രതിഭയുടെ ദൃഷ്ടാന്തമാണ്.

ഏഴ് പതിറ്റാണ്ടിലേറെക്കാലത്തെ തന്റെ രചനകളിലൂടെ സാധാരണക്കാർക്കും ബുദ്ധിജീവികൾക്കും ഒരുപോലെ കടന്നുചെല്ലാൻ കഴിയുന്ന സാഹിത്യലോകമായിരുന്നു എം.ടി സൃഷ്ടിച്ചത്. അതുകൊണ്ടുതന്നെ ഇന്ത്യയിലെ പരമോന്നത സാഹിത്യപുരസ്‌ക്കാരമായ ജ്ഞാനപീഠം മുതൽ രാഷ്ട്രത്തിന്റെ ആദരവായ പത്മഭൂഷൺ വരെ എം.ടിയെ തേടിയെത്തിയിരുന്നു. മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപർ, കേരള സാഹിത്യ അക്കാദമിയുടെ അധ്യക്ഷൻ, കേന്ദ്ര സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗം, തുഞ്ചൻ സ്മാരക ട്രസ്റ്റിന്റെ അധ്യക്ഷൻ തുടങ്ങിയ നിലകളിൽ ഭാഷയ്ക്കും സാഹിത്യത്തിനും എം ടി നൽകിയ സേവനങ്ങൾ എക്കാലത്തും ഓർമിക്കപ്പെടും.

എന്നും മതനിരപേക്ഷമായ ഒരു മനസ്സ് കാത്തുസൂക്ഷിച്ചിരുന്നു എം.ടി. ഇതര മതസ്ഥരെ സ്വന്തം കുടുംബാംഗങ്ങളെ പോലെ കരുതുന്നവരും മതങ്ങളുടെ അതിർവരമ്പുകളെ മറികടന്നുകൊണ്ട് മനുഷ്യത്വത്തിന്റെ സ്‌നേഹത്തെ പ്രകടിപ്പിക്കുന്നവരും ഒക്കെയായിരുന്നു എം.ടിയുടെ പല കഥാപാത്രങ്ങളും. ജനമനസ്സുകളെ ഒരുമിപ്പിക്കാൻ വേണ്ട കരുത്തുള്ള ഉപാധിയായി അദ്ദേഹം സാഹിത്യത്തെ പ്രയോജനപ്പെടുത്തി. അതുകൊണ്ടുതന്നെ വലിയ ഒരു സാംസ്‌കാരിക മാതൃകയായിരുന്നു എം.ടി സ്വന്തം ജീവിതത്തിലൂടെ മുന്നോട്ടുവെച്ചത് -മുഖ്യമന്ത്രി അനുശോചിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MT Vasudevan Nair
News Summary - MT Vasudevan Nair demise: Chief Minister's condolence message
Next Story