ടി.പി വധത്തിൽ സി.പി.എമ്മിനെ കുറ്റപ്പെടുത്താൻ എം.ടി കൂട്ടുനിന്നില്ല -എം.വി. ഗോവിന്ദൻ
text_fieldsകോഴിക്കോട്: ടി.പി ചന്ദ്രശേഖരൻ വധവുമായി ബന്ധപ്പെട്ട് എഴുത്തുകാർ പലരും സി.പി.എമ്മിനെ കുറ്റപ്പെടുത്തി നടത്തിയ ഒപ്പുശേഖരണത്തിൽ എം.ടി വാസുദേവൻ നായർ ഒപ്പിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സി.പി.എമ്മിനെ കുറ്റപ്പെടുത്തി എഴുത്തുകാർ ഒപ്പ് ശേഖരിച്ച് പത്രങ്ങൾക്കും മറ്റു മാധ്യമങ്ങൾക്കും നൽകിയിരുന്നു. ഓരോരുത്തരെയും പോയി കണ്ട് ഒപ്പ് ശേഖരിച്ചു. നിരവധി പേർ ഒപ്പിട്ടു. എം.ടിയുടെ അടുത്ത് പോയിരുന്നെങ്കിലും ഒപ്പിട്ടില്ല. സി.പി.എമ്മിനെതിരായ വിമർശനമുണ്ടാകും. എന്നാൽ, സി.പി.എമ്മില്ലാത്ത കേരളത്തെ ചിന്തിക്കാനാവില്ല എന്നായിരുന്നു എം.ടിയുടെ മറുപടിയെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. കമ്യൂണിസ്റ്റ് പാർട്ടിയെ വിമർശിക്കാത്തയാളായിരുന്നില്ല എം.ടി. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ സഹയാത്രികനെപ്പോലെയാണ് എക്കാലവും നിലനിന്നതെന്നും അദ്ദേഹം പറഞ്ഞു.
കേളുവേട്ടൻ പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച ‘എം.ടി: ഒരു രാഷ്ട്രീയ വായന’ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.വി. ഗോവിന്ദൻ.
അടിച്ചേൽപിക്കപ്പെടുന്ന ആചാരങ്ങളിലും അന്ധവിശ്വാസങ്ങളിലും സ്വയം എരിഞ്ഞുതീരുന്ന മനുഷ്യരെ ആദർശാത്മകമായി ചിത്രീകരിക്കുന്ന മതരാഷ്ട്ര വാദികളാണ് എം.ടിയെ വിമർശിക്കുന്നതെന്നും അതിൽ അത്ഭുതപ്പെടേണ്ടതില്ലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. നിലപാടുകളിൽ ഉറച്ചുനിന്ന് ശക്തമായി മുന്നോട്ടുപോകാൻ ശേഷി കാണിച്ച എഴുത്തുകാരനായിരുന്നു എം.ടി. ജനപക്ഷത്തുനിന്ന് പൊരുതുന്നവർക്ക് ഊർജമായിരുന്നു ആ വാക്കുകൾ. കേന്ദ്രസാഹിത്യ അക്കാദമിയെ കാവിവത്കരണത്തിൽനിന്ന് സംരക്ഷിക്കാനുള്ള മഹാപ്രസ്ഥാനത്തിന്റെ മുൻപന്തിയിൽ നിലയുറപ്പിച്ച എം.ടി തുഞ്ചൻ പറമ്പിനെ മതനിരപേക്ഷതയുടെ ലോകമായി നിലനിർത്തുന്നതിനും നിലകൊണ്ടുവെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.