എം.ടിക്ക് മലയാളത്തിന്‍റെ വിട; സംസ്കാരം ഇന്ന് മാവൂർ റോഡ് ശ്മശാനത്തിൽ
text_fieldsകോഴിക്കോട്: അന്തരിച്ച മഹാസാഹിത്യകാരൻ എം.ടി വാസുദേവൻ നായർ ഇനി ഓർമ. സംസ്കാരം ഇന്ന് വൈകീട്ട് അഞ്ചിന് മാവൂർ റോഡ് ശ്മശാനത്തിൽ നടക്കും. എം.ടിയുടെ ആഗ്രഹ പ്രകാരം പൊതുദർശനം ഒഴിവാക്കിയിട്ടുണ്ട്.
ഇന്നലെ രാത്രിയോടെയാണ് ഭൗതിക ശരീരം കോഴിക്കോട് കൊട്ടാരം റോഡിലെ വസതിയായ സിതാരയിലെത്തിച്ചത്. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മേഖലയിലെ പ്രമുഖർ ആദരാഞ്ജലി അർപ്പിച്ചു.
സംസ്ഥാനത്ത് രണ്ട് ദിവസം ദുഃഖാചരണം
തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ എം.ടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചിച്ച് ആദര സൂചകമായി വ്യാഴം, വെള്ളി ദിവസങ്ങളിൽ സംസ്ഥാന സർക്കാർ ഔദ്യോഗികമായി ദുഃഖം ആചരിക്കും. 26 നു ചേരാനിരുന്ന മന്ത്രിസഭായോഗം ഉൾപ്പെടെ എല്ലാ സർക്കാർ പരിപാടികളും മാറ്റിവെക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി.
രണ്ട് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച് കെ.പി.സി.സി
എം.ടി വാസുദേവൻ നായരുടെ നിര്യാണത്തിൽ രണ്ട് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച് കെ.പി.സി.സി. മഹാത്മ ഗാന്ധി കോൺഗ്രസ് അധ്യക്ഷനായതിന്‍റെ 100-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടത്താനിരുന്ന സമ്മേളനങ്ങൾ കോൺഗ്രസ് സ്ഥാപക ദിനമായ ഡിസംബർ 28ലേക്ക് മാറ്റി.
കഴിഞ്ഞ 15നാണ് എം.ടിയെ ശ്വാസകോശ സംബന്ധിയായ അസുഖത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് നീർക്കെട്ട് വർധിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ച് നാലാം ദിവസം ഹൃദയാഘാതമുണ്ടായി ആരോഗ്യനില കൂടുതൽ വഷളായി.
ആരോഗ്യനിലയിൽ മാറ്റമില്ലാതെ തുടരുന്നതിനിടെ ബുധനാഴ്ച നില കൂടുതൽ വഷളായി. വിദഗ്ധ ഡോക്ടർമാരുടെ സംഘം അദ്ദേഹത്തെ പരിശോധിച്ചു വരികയായിരുന്നു. രാത്രി ഒൻപതോടെ വൃക്കകളുടെയും ഹൃദയത്തിന്‍റെയും പ്രവർത്തനം മന്ദഗതിയിലായി. പിന്നീട് രാത്രി പത്തോടെ മരണം ഡോക്ടർമാർ ഔദ്യോഗികമായി അറിയിക്കുകയായിരുന്നു.
നൃത്താധ്യാപികയായ കലാമണ്ഡലം സരസ്വതി ആണ് ഭാര്യ. യു.എസില്‍ ബിസിനസ് എക്സിക്യുട്ടീവായ സിതാര, നര്‍ത്തകിയും സംവിധായികയുമായ അശ്വതി എന്നിവര്‍ മക്കളാണ്. സഞജയ് ഗിര്‍മേ, ശ്രീകാന്ത് നടരാജന്‍ എന്നിവർ മരുമക്കള്‍. അധ്യാപികയും വിവര്‍ത്തകയുമായിരുന്ന പരേതയായ പ്രമീള നായര്‍ ആദ്യ ഭാര്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.