കഥകളുടെ പെരുന്തച്ചൻ നവതിയിലേക്ക്
text_fieldsകോഴിക്കോട്: മനുഷ്യജീവിതത്തിന്റെ അഗാധതകളെ നിളയുടെ ആഴത്തോളം മലയാളിയെ അനുഭവിപ്പിച്ച എഴുത്തുകാരൻ. മലയാള ചെറുകഥയെ കവിതയുടെ ഉദാത്തതയിലേക്ക് ആനയിച്ച കാഥികൻ. ജ്ഞാനപീഠമേറിയ വാക്കുകളുടെ പെരുന്തച്ചൻ. എഴുത്തിന്റെ പടിക്കെട്ടുകൾ താണ്ടാൻ ഒട്ടേറെ പേർക്ക് വഴിതെളിച്ച പത്രാധിപർ. തൊട്ടതിലെല്ലാം പൊൻമുദ്ര ചാർത്തിയ സർഗപ്രതിഭ. മലയാളത്തിലെ ഏറ്റവും വിലയേറിയ തിരക്കഥാകൃത്ത്.
നടപ്പുശീലങ്ങളിൽനിന്ന് മലയാള സിനിമയുടെ നെറുകയിൽ കടുംവെട്ട് ചാർത്തിയ സംവിധായകൻ. മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ എന്ന എം.ടി ഇന്ന് നവതിയിലേക്കു കടക്കുന്നു.1933 ജൂലൈ 15ന് മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ കൂടല്ലൂരിൽ പുന്നയൂര്ക്കുളം ടി. നാരായണന് നായരുടെയും അമ്മാളു അമ്മയുടെയും നാല് ആണ്മക്കളില് ഏറ്റവും ഇളയവനായി ജനിച്ച വാസുവിന് കണ്ടുവളർന്ന നിളക്കൊപ്പം കഥകളായി പരന്നൊഴുകാനായിരുന്നു നിയോഗം.
പഴമയുടെ നാലുകെട്ടുകൾക്കകത്ത് നിസ്സഹായരായി ദിനങ്ങൾ തള്ളിനീക്കുന്ന മനുഷ്യരുടെ സങ്കടങ്ങൾക്ക് സ്വന്തം ജീവിതത്തിന്റെ ഛായയുണ്ടായിരുന്നു. കാലവും മഞ്ഞും അസുരവിത്തും പാതിരാവും പകൽവെളിച്ചവും രണ്ടാമൂഴവും പോലുള്ള കൃതികൾ മലയാള നോവൽസാഹിത്യത്തെ മാറ്റിപ്പണിതു. ദാർ എസ് സലാമും ഷെർലകും വാരിക്കുഴിയും നിന്റെ ഓർമക്കും വാനപ്രസ്ഥവും പോലുള്ള മികവുറ്റ കഥകൾ. നഗരമേ നന്ദിയും കുട്ട്യേടത്തിയും പഞ്ചാഗ്നിയും അടിയൊഴുക്കുകളും വൈശാലിയും ഒരു വടക്കൻ വീരഗാഥയും പെരുന്തച്ചനും താഴ്വാരവും പോലുള്ള ക്ലാസിക് സിനിമകളുടെ തിരക്കഥാകൃത്ത്.
ദേശീയ പുരസ്കാരം നേടിയ നിർമാല്യത്തിന്റെ സംവിധായകൻ. തൊട്ടതെല്ലാം പൊന്നാക്കിയ എം.ടി കോഴിക്കോട് കൊട്ടാരം റോഡിലെ 'സിതാര'യിൽ 89 പൂർത്തിയാക്കി തൊണ്ണൂറിലേക്കു കടക്കുന്നത് പതിവുപോലെ ആൾക്കൂട്ടമോ ആഘോഷങ്ങളോ ഇല്ലാതെയാണ്. ജന്മദിനത്തിൽ തൃശൂർ ഭാഗത്തേക്ക് ഒരു യാത്രയുണ്ട്. കോവിഡ് ലോകത്തെ വരിഞ്ഞുമുറുക്കിയപ്പോൾ എം.ടിയുടെ യാത്രകളും നിലച്ചിരുന്നു. അപൂർവം സന്ദർശകരെ മാത്രം വീട്ടിൽ സ്വീകരിച്ചു.
ജന്മദിനാശംസ നേർന്ന് നിയമസഭ
തിരുവനന്തപുരം: നവതി ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയ കഥാകാരൻ എം.ടി. വാസുദേവൻ നായർക്ക് ജന്മദിനാശംസകൾ നേർന്ന് നിയമസഭ. ധനാഭ്യർഥന ചർച്ചക്ക് മറുപടി പറയവെ സാംസ്കാരിക വകുപ്പിന്റെ ചുമതലയുള്ള മന്ത്രി വി.എൻ. വാസവനാണ് എം.ടിക്ക് ആദ്യം ആശംസ നേർന്നത്. ആശംസയിൽ സഭ ഒന്നടങ്കം പങ്കുചേരുന്നുവെന്ന് സ്പീക്കർ എം.ബി. രാജേഷും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.