എം.ടി വീണ്ടും പറഞ്ഞു, 'വരും വരാതിരിക്കില്ല'; ജ്ഞാനപീഠ ജേതാക്കളുടെ അപൂർവ സമാഗമം
text_fieldsകോഴിക്കോട്: കേരളത്തിലെത്തിയാൽ എം.ടിയെ കാണണം, സൗഹൃദം പുതുക്കണം. അതായിരുന്നു ജ്ഞാനപീഠം പുരസ്കാര ജേതാവ് ദാമോദർ മൗജോയുടെ ഒരേയൊരു നിർബന്ധം. മാധ്യമം ആഴ്ചപ്പതിപ്പ് രജതജൂബിലി ആഘോഷ പരിപാടിയിൽ സംബന്ധിക്കാൻ സ്വദേശമായ ഗോവയിൽനിന്ന് കോഴിക്കോട്ടെത്തുമ്പോഴും അദ്ദേഹം ആവശ്യപ്പെട്ടത് അതുമാത്രം. മൗജോയുടെ ഏറ്റവും പ്രിയപ്പെട്ട കഥാകാരനുമാണ് എം.ടി.
മാർച്ച് 26 ശനിയാഴ്ച രാവിലെ മുതൽ, വർഷങ്ങൾക്കുശേഷം സുഹൃത്തിനെ കണ്ടുമുട്ടുന്നതിന്റെ ആവേശത്തിലായിരുന്നു മൗജോ. എം.ടിക്ക് സമ്മാനിക്കാൻ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഉപഹാരങ്ങളും വാങ്ങിവെച്ചു. ഭാര്യ ഷൈലയും എഴുത്തുകാരൻ കെ.പി. രാമനുണ്ണിയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ഗോവയിൽ തുടങ്ങിയതാണ് ഇരുവരുടെയും സൗഹൃദം. പലപ്പോഴും മൗജോയുടെ വീട്ടിലെ അതിഥിയായിട്ടുണ്ട് എം.ടി. വിദേശയാത്രകളിലും ഇരുവരും ഒരുമിച്ചുണ്ടായിരുന്നു.
വർഷങ്ങൾക്കുശേഷം മൗജോയെ കാണുന്നതിന്റെ ആവേശത്തിലായിരുന്നു എം.ടിയും. ശാരീരിക അവശതകളെ അവഗണിച്ച് പ്രസരിപ്പോടെ പ്രിയ സുഹൃത്തിനെ കോഴിക്കോട് കൊട്ടാരം റോഡിലെ 'സിതാര'യിൽ അദ്ദേഹം കാത്തിരുന്നു. അങ്ങനെ സാഹിത്യലോകത്തെ 'ശിലാലിഖിത'ങ്ങളിലൊന്നായി മാറി, എം.ടി. വാസുദേവൻ നായരുടെയും ദാമോദർ മൗജോയുടെയും കൂടിക്കാഴ്ച.
സിതാരയിലെ സ്വീകരണമുറിയിൽ മൗജോയെ ചേർത്തിരുത്തി പഴയ സൗഹൃദകാലം എം.ടി അനുസ്മരിച്ചു. 'എം.ടി കൂടുതൽ ഊർജസ്വലനായിരിക്കുന്നു' എന്ന് പറഞ്ഞപ്പോൾ 'ഒരു ചെറുപുഞ്ചിരി'യോടെ മൗജോയുടെ കൈകൾ അദ്ദേഹം ചേർത്തുപിടിച്ചു. 'കാലം' ആയിരുന്നു പിന്നീട് ഇരുവരുടെയും സംസാരവിഷയം. ''ആരോഗ്യപ്രശ്നങ്ങളും വ്യക്തിപരമായ അസ്വസ്ഥതകളുമല്ല എന്നെ അലട്ടുന്നത്. ലോകത്ത് മഹാമാരികൊണ്ടുണ്ടാകുന്ന പ്രശ്നങ്ങൾ മാനസിക അസ്വസ്ഥതകളുണ്ടാക്കുന്നു. ആ പഴയകാലം ഇനി തിരിച്ചുവരില്ല'' -എം.ടി ഇതു പറയുമ്പോൾ മൗജോയും അതു ശരിവെച്ചു. അരമണിക്കൂറിലധികം ഇരുവരും ഓർമകൾ പുതുക്കി, ആശങ്കകൾ പങ്കുവെച്ചു.
യാത്രപറഞ്ഞ് ഇറങ്ങുമ്പോൾ മൗജോ എം.ടിയെ ഒരിക്കൽക്കൂടി ഗോവയിലേക്ക് ക്ഷണിച്ചു. ''ഇപ്പോൾ അധികം യാത്രകൾ ചെയ്യാറില്ല. കാലം അത്ര മാറിയിരിക്കുന്നു. എങ്കിലും... വരും'' -എം.ടി പറഞ്ഞു. മടങ്ങുമ്പോഴും മൗജോ പറഞ്ഞു, ''ഞാൻ ഇനിയും കേരളത്തിൽ വരും. അന്നും എം.ടിയെ കാണും.''
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.