ഇനി ഓർമയിലെ അക്ഷര സുകൃതം
text_fieldsകോഴിക്കോട്: ആളും ആരവവും ഒഴിഞ്ഞെങ്കിലും ആ നിലവിളക്കിപ്പോഴും നിറഞ്ഞുകത്തുന്നുണ്ട്. മലയാള സാഹിത്യത്തിന് വിശ്വപ്രശസ്തിയുടെ പെരുമ സമ്മാനിച്ച് വിടചൊല്ലിയ എം.ടി. വാസുദേവൻ നായരുടെ ചേതനയറ്റ ശരീരത്തിനുസമീപം ഒരു രാപ്പകൽ മുഴുവൻ തെളിഞ്ഞുകത്തിയ പോലെതന്നെ. മരണാനന്തര ചടങ്ങുകൾ പൂർത്തിയാകുന്നതോടെ ആ വിളക്കിന്റെ തിരിയണയുമെങ്കിലും അതൊരു സാഹിത്യ ശോഭ പോലെ മലയാളിയുടെ മനസ്സിലെന്നും എം.ടിയെന്ന രണ്ടക്ഷരമായി പ്രകാശിക്കും.
രണ്ടാമൂഴമില്ലാതെ എം.ടി യാത്രയായതോടെ കൊട്ടാരം റോഡിലെ ‘സിതാര’ വീട്ടിലാകെ മൗനം തളംകെട്ടി നിൽക്കുകയാണ്. പ്രിയ എഴുത്തുകാരന്റെ വേർപാടറിഞ്ഞ് ആയിരങ്ങൾ ഒഴുകിയെത്തിയ ആ വീട്ടിൽ വെള്ളിയാഴ്ച അധികമാളുകളില്ല. എം.ടിയുടെ സഹധർമിണി സരസ്വതി, മകൾ അശ്വതി, മരുമകൻ ശ്രീകാന്ത്, കൊച്ചുമകൻ മാധവൻ എന്നിവർക്കൊപ്പം വിരലിലെണ്ണാവുന്ന അടുത്ത ബന്ധുക്കൾ മാത്രമാണുണ്ടായിരുന്നത്. എം.ടിയുടെ അടുപ്പക്കാരായ എൻ.ഇ. സുധീറും സുധീർ അമ്പലപ്പാടും രാവിലെ എത്തി.
മന്ത്രി പി.എ. മുഹമ്മദ് റിയാസ്, ഇ.ടി. മുഹമ്മദ് ബഷീർ എം.പി, ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, എഴുത്തുകാരി ബി.എം. സുഹ്റ, സിനിമ പ്രവർത്തകരായ ബേസിൽ ജോസഫ്, മേജർ രവി, ഹൗസ് ഫെഡ് ചെയർമാൻ കെ.സി. അബു തുടങ്ങിയവർ വെള്ളിയാഴ്ച വീട്ടിലെത്തി. ബുധനാഴ്ച രാത്രി വിടപറഞ്ഞ എം.ടിയുടെ മൃതദേഹം വ്യാഴാഴ്ച വൈകീട്ട് അഞ്ചിനാണ് മാവൂർ റോഡ് സ്മൃതിപഥ് വാതക ശ്മശാനത്തിലെ തീനാളം ഏറ്റുവാങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.