കാലത്തിനൊപ്പം മധുരത്തെരുവിൽ ഇതിഹാസ കഥാകാരൻ
text_fieldsകോഴിക്കോട്: പുതുമോടിയുടെ മൊഞ്ചണിഞ്ഞു നിൽക്കുന്ന മധുരത്തെരുവിലെ കുളിരുള്ള പുലരി. മിഠായിതെരുവിെൻറ മാധുര്യം ലോകത്തിനു പരിചയപ്പെടുത്തിയ വിശ്വസാഹിത്യകാരൻ എസ്.കെ. പൊറ്റെക്കാട്ടിെൻറ ചിരിതൂകുന്ന മുഖം നോക്കി കാലത്തിെൻറ കഥാകാരൻ നടന്നുതുടങ്ങി. മുഖ്യമന്ത്രി നാടിനു സമർപ്പിച്ച നവീകരിച്ച മിഠായിതെരുവിലൂടെ ശനിയാഴ്ച രാവിലെ എം.ടി. വാസുദേവൻ നായർ പ്രഭാത സവാരിക്കിറങ്ങിയപ്പോൾ ഈ തെരുവിെൻറ പൈതൃകവും ഓർമകളും ഗൃഹാതുരത്വവും അദ്ദേഹത്തിനൊപ്പം നടന്നുനീങ്ങുകയായിരുന്നു.
പ്രധാന കവാടത്തിലൂടെ രാവിലെ 7.20ന് തുടങ്ങിയ നടത്തം മുന്നോട്ടു നീങ്ങുന്നതിനിടെ ജില്ല കലക്ടർ യു.വി. ജോസും ഒപ്പം ചേർന്നു.
ഓരോ ഇടത്തെത്തിയപ്പോഴും എം.ടിയിൽ ഓർമകളുടെ മഞ്ഞുപെയ്ത്ത് തുടങ്ങി. പഴയ കാലത്ത് ഈ വഴിയെല്ലാം എത്രയേറെ നടന്നിട്ടുണ്ടെന്ന് ഗൃഹാതുരതയോടെ അദ്ദേഹം പറഞ്ഞു. തെരുവിെൻറ അടയാളങ്ങളിലൊന്നായ രാധ തിയറ്ററിനടുത്തെത്തിയപ്പോൾ മാഗസിനുകൾ മാത്രം വിൽക്കുന്ന കടയെക്കുറിച്ചായി വർത്തമാനം. കുറെക്കൂടി നടന്നപ്പോൾ എന്തു സാധനവും കിട്ടുന്ന ഒരു സായിപ്പിെൻറ കടയെക്കുറിച്ചുള്ള ഓർമകൾ തിരയടിച്ചെത്തി. താൻ വളർത്തിയ നായുടെ കഴുത്തിലിടാനായി കോളർ അന്വേഷിച്ച് പോയപ്പോൾ സായിപ്പ് നാലുതരം കോളർ എടുത്തുതന്നതും ഓർത്തെടുത്തു.
അക്കാലത്തെ പ്രശസ്ത സ്ഥാപനങ്ങളായ നാഷനൽ സ്റ്റുഡിയോ, പീതാംബർ സ്റ്റുഡിയോ, പി.കെ ബ്രദേഴ്സ് പുസ്തകക്കട എന്നിവയെക്കുറിച്ചുള്ള വിശേഷങ്ങളും ഓർമച്ചെപ്പിൽനിന്ന് അടർത്തിയെടുത്തു. അതിനിടയിൽ ഒപ്പം വന്ന മാധ്യമപ്രവർത്തകരോട് അൽപനേരം മനസ്സു തുറക്കാനും എം.ടി മടിച്ചില്ല. തെരുവിെൻറ മുഖങ്ങളിലൊന്നായ എസ്.കെ പൊറ്റെക്കാട്ടിെൻറ വചനങ്ങൾ സന്ദർശകർ കാണുന്ന രീതിയിൽ എഴുതിവെക്കണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ‘‘ലോകത്തിെൻറ ഏത് കോണിൽ പോയാലും അവസാനം ഈ മിഠായിതെരുവിൽ വന്ന് അൽപനേരം നടന്നാലേ തനിക്ക് സുഖം കിട്ടൂ എന്നു പറഞ്ഞയാളാണ് എസ്.കെ. അദ്ദേഹത്തിെൻറ വചനങ്ങൾ ഇവിടെ ഇടംപിടിക്കേണ്ടതുണ്ട്’’-എം.ടി പറഞ്ഞു.
ലോകത്ത് എല്ലാ രംഗത്തും സംഘടനകളുള്ള പോലെ കാൽനടയാത്രക്കാർക്കും സംഘടനകൾ വേണമെന്നും അദ്ദേഹം പറഞ്ഞു. പതിയെയുള്ള നടത്തം അരമണിക്കൂറോളം പിന്നിട്ടപ്പോൾ മൊയ്തീൻ പള്ളി റോഡിലെത്തി. മിഠായിതെരുവിെൻറ നവീകരിച്ച മുഖം ഏറെ ഇഷ്ടപ്പെട്ടെന്നു പറഞ്ഞ് നടത്തം അവസാനിച്ചപ്പോൾ വാക്കുകളിലെ തിളക്കം ആ മുഖത്തുമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.