ഇടമലക്കുടിയിലെ ഗര്‍ഭിണികളെ ആശുപത്രികളിലെത്തിച്ചത് അതിസാഹസികമായി
text_fieldsഇടമലക്കുടി (ഇടുക്കി): ആദ്യം ചങ്ങാടത്തില്‍ കുത്തൊഴുക്കുള്ള മുളകുതറയാര്‍ മുറിച്ചുകടന്നു. പിന്നീട് മുളങ്കമ്പില്‍ കെട്ടിത്തൂക്കിയ തുണിത്തൊട്ടിയില്‍ കിടത്തി സംഘാംഗങ്ങള്‍ മാറിമാറി ചുമന്നു. വന്യമൃഗങ്ങളുടെ ഭീഷണിയും കാലില്‍ തുളച്ചുകയറുന്ന കാട്ടുവഴിയിലെ കല്ലുകളും അങ്ങേയറ്റം ഉത്കണ്ഠാകുലരായ അവര്‍ മറന്നിരുന്നു. ഇടമലക്കുടിയില്‍നിന്ന് അവശരായ ഗര്‍ഭിണികളെ കഴിഞ്ഞദിവസം ആശുപത്രികളിലത്തെിച്ചത് അതിസാഹസികമായി.
രണ്ട് പുരുഷ നഴ്സുമാര്‍ മാത്രമുള്ള പ്രാഥമികാരോഗ്യകേന്ദ്രമാണ് സംസ്ഥാനത്തെ ഏക ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയിലെ ഒരേയൊരു ആശുപത്രി. ഡോക്ടറുടെ സേവനം വല്ലപ്പോഴും മാത്രം. പ്രാഥമികാരോഗ്യകേന്ദ്രം ജീവനക്കാരുടെ സമയോചിത ഇടപെടലും ത്യാഗപൂര്‍ണ സേവനവുമാണ് അത്യാസന്ന നിലയിലായ പലരോഗികളെയും ഗര്‍ഭിണികളെയും മരണത്തില്‍നിന്ന് രക്ഷിച്ചത്.
ഇരിപ്പുകല്ലുകുടിയിലെ വാലപ്പുരയില്‍ അവശനിലയില്‍ കഴിഞ്ഞിരുന്ന പവിത്രയെന്ന (21) ഗര്‍ഭിണിയെ തിങ്കളാഴ്ചയാണ് വാല്‍പ്പാറയിലെ ആശുപത്രിയില്‍ എത്തിച്ചത്. പ്രസവത്തത്തെുടര്‍ന്ന് വിദഗ്ധചികിത്സക്ക് അമ്മയെയും കുഞ്ഞിനെയും പൊള്ളാച്ചി ജില്ല ആശുപത്രിയിലേക്ക് മാറ്റി. യുവതി അവശനിലയില്‍ കഴിയുന്നതറിഞ്ഞ് തിങ്കളാഴ്ച രാവിലെ ആറിന് സൊസൈറ്റിക്കുടിയിലെ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍നിന്ന് സ്റ്റാഫ് നഴ്സുമാരായ ഇ.ഐ. നജീബ്, സുരേഷ് ബാബു എന്നിവര്‍ രണ്ടര മണിക്കൂറോളം കാട്ടിലൂടെ സഞ്ചരിച്ച് ഇരിപ്പുകല്ലുകുടിയിലത്തെി. വനംവകുപ്പ് വാച്ചര്‍മാരായ രാമചന്ദ്രന്‍, ശിവസേനന്‍ എന്നിവരും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. വന്യമൃഗങ്ങളുടെ ഭീഷണിയുള്ള കൊടുംകാട്ടിലൂടെ നാലുമണിക്കൂര്‍ കാല്‍നടയായി സഞ്ചരിച്ച് ഉച്ചക്ക് 2.30ഓടെ യുവതിയെ ഇവരുടെ നേതൃത്വത്തില്‍ വാല്‍പ്പാറയിലത്തെിച്ചു.
മുളകുതറയാറും കൊടുംകയറ്റങ്ങളും താണ്ടിവേണം വാല്‍പ്പാറയിലത്തൊന്‍. യുവതിയെ മാറിമാറി ചുമക്കാന്‍ കുടിയില്‍നിന്നുള്ള 30 ചെറുപ്പക്കാരും സംഘത്തിലുണ്ടായിരുന്നു. ഡി.എം.ഒയും ആര്‍.സി.എച്ച് ഓഫിസറും ദേവികുളം, ചിത്തിരപുരം മെഡിക്കല്‍ ഓഫിസര്‍മാരും യഥാസമയം മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു.
ഏതാനും ദിവസം മുമ്പ് വൈദേഹിയെന്ന യുവതിയെയും ആശുപത്രിയിലത്തെിക്കാന്‍ ഏറെ സാഹസപ്പെടേണ്ടിവന്നിരുന്നു. അവശനിലയിലായ ഇവര്‍ക്ക് പ്രഥമശുശ്രൂഷ നല്‍കി ഒരുരാത്രി മുഴുവന്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ സ്റ്റാഫ് നഴ്സുമാര്‍ കാവലിരുന്ന ശേഷമാണ് ആശുപത്രിയിലത്തെിച്ചത്.
എന്നാല്‍, അടിമാലിയില്‍നിന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കുള്ള വഴിമധ്യേ വൈദേഹിയുടെ കുഞ്ഞ് മരിച്ചു. കിടത്തിച്ചികിത്സയുള്ള ആശുപത്രിയും സ്ഥിരം ഡോക്ടറുടെ സേവനവുമില്ലാത്തതാണ് ആരോഗ്യരംഗത്ത് ഇടമലക്കുടി നേരിടുന്ന പ്രധാന വെല്ലുവിളി. അടിയന്തരഘട്ടങ്ങളില്‍ രോഗികളെ ആശുപത്രിയിലത്തെിക്കാന്‍ വാഹനസൗകര്യമുള്ള റോഡുമില്ല. ദേശീയ മനുഷ്യവകാശ കമീഷന്‍വരെ ഈ വിഷയത്തില്‍ ഇടപെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.