മുതലപ്പൊഴി: നീട്ടിയ കാലാവധി അവസാനിച്ചു, വീണ്ടും ദീർഘിപ്പിക്കുമെന്ന് മന്ത്രി
text_fieldsആറ്റിങ്ങൽ: മുതലപ്പൊഴിയുടെ ആഴം വർധിപ്പിക്കുന്നതിന് ദീർഘിപ്പിച്ചുനൽകിയ കരാർ കാലാവധി അവസാനിച്ചിട്ടും ലക്ഷ്യം പൂർത്തിയായില്ല. വീണ്ടും ദീർഘിപ്പിച്ചു നൽകാൻ നടപടി ആരംഭിച്ചതായി ഫിഷറീസ് വകുപ്പ് മന്ത്രി. താഴമ്പള്ളി തുറമുഖത്തിലെ അപകടമരണങ്ങള്‍ സ്ഥിരമായി ഒഴിവാക്കുന്നതിനുള്ള അടിയന്തര നടപടികള്‍ സംബന്ധിച്ച് വി. ശശി എം.എല്‍.എയുടെ സബ്മിഷന് നിയമസഭയിൽ നൽകിയ മറുപടിയിലാണ് ഫിഷറീസ് മന്ത്രി സജി ചെറിയാൻ ഇത് അറിയിച്ചത്.
2001 ൽ നിർമാണം ആരംഭിച്ച മുതലപ്പൊഴി മത്സ്യബന്ധനതുറമുഖം 2020 ജൂണിലാണ് കമീഷൻ ചെയ്തത്. വാമനപുരം നദി, അഞ്ചുതെങ്ങ് കായൽ എന്നിവ കടലുമായി ചേരുന്ന മുതലപ്പൊഴിയിൽ മണൽ അതിവേഗം അടിഞ്ഞുകൂടിയാണ് പൊഴിമുഖത്ത് മണൽതിട്ടകൾ രൂപം കൊള്ളുന്നത്. കൂടാതെ എല്ലാക്കാലത്തും രൂക്ഷമായ തിരമാലകൾ കാലാവസ്ഥ പ്രക്ഷുബ്ധമാകുമ്പോൾ കൂടുതൽ അപകടകരമാകുന്നു.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമാണത്തിനുള്ള കല്ലുകൾ ബാർജ് വഴി കടൽ മാർഗം കൊണ്ടുപോകുന്നതിന് മുതലപ്പൊഴി ഹാർബറിന്റെ തെക്കേ പുലിമുട്ട് പൊളിച്ച് ലോഡ് ഔട്ട് ഫെസിലിറ്റി നിർമിക്കുന്നതിന് 2019-2020 കാലയളവിൽ അദാനി പോർട്ട്സിന് അനുമതി നൽകിയിരുന്നു. ഇതിനായി അദാനി പോർട്ട്സ് 2018 ഏപ്രിൽ 10ന് ഹാർബർ എൻജിനീയറിങ് വകുപ്പുമായി ധാരണപത്രം ഒപ്പുവെച്ചിരുന്നു.
ഇതുപ്രകാരം മുതലപ്പൊഴി ഫിഷിങ് ഹാർബർ മൗത്തിലും ചാനലിലും അഞ്ച് മീറ്ററും ഹാർബർ ബേസിനിൽ മൂന്ന് മീറ്ററും ആഴം ഉറപ്പാക്കണമെന്നും ബ്രേക്ക് വാട്ടറിന് കേടുപാടുകൾ സംഭവിച്ചാൽ പരിഹരിക്കണമെന്നും ഗൈഡ് ലൈറ്റ്, ബോയ എന്നിവ സ്ഥാപിക്കണമെന്നും വ്യവസ്ഥ ചെയ്തിരുന്നു. ഇതുപ്രകാരം അദാനി പോർട്ട്സ് മുതലപ്പൊഴി ഹാർബറിന്റെ ചാനലിൽ ഡ്രെഡ്ജിങ് നടത്തിയിരുന്നു.
2021 വർഷത്തെ ടൗട്ടേ ചുഴലിക്കാറ്റ്, 2022 വർഷത്തെ മൺസൂൺ എന്നിവ മൂലം മുതലപ്പൊഴി ഫിഷിങ് ഹാർബറിലെ തെക്കേ പുലിമുട്ടിന്റെ ഹെഡ് തകരുകയും ടെട്രാപോഡുകൾക്ക് സ്ഥാനഭ്രംശം സംഭവിച്ച് പ്രവേശന കവാടത്തിലും ചാനലിലും ചിതറിവീഴുകയുമുണ്ടായി. ഇവ മത്സ്യത്തൊഴിലാളികളുടെ ജീവനും സുരക്ഷക്കും ഭീഷണിയാണെന്നതിനാൽ കല്ലുകൾ നീക്കാൻ നിരവധി തവണ അദാനി പോർട്സിന് നിർദേശം നൽകിയിരുന്നു.
അതനുസരിച്ച് ചാനലിൽ ചിതറിക്കിടക്കുന്ന കല്ലുകളും ടെട്രോപോഡുകളും നീക്കം ചെയ്യുന്ന പ്രവൃത്തി 80 ശതമാനത്തോളം പൂർത്തീകരിച്ചിട്ടുണ്ട്. ധാരണപത്രംപ്രകാരമുളള ആഴം നിലനിർത്താൻ അദാനി പോർട്സിന് കർശന നിർദേശം നൽകിയതുപ്രകാരം മൂന്ന് ലോങ് ബൂം എസ്കവേറ്ററും രണ്ട് ഷോർട്ട് ബൂം എസ്കവേറ്ററും ഉപയോഗിച്ച് നിലവിൽ മണ്ണ് നീക്കം ചെയ്തുവരുന്നു.
ധാരണപത്രം പ്രകാരമുള്ള സമയപരിധിയിൽ പ്രവൃത്തി പൂർത്തീകരിക്കാത്തതിനാൽ ദീർഘിപ്പിച്ച കാലാവധി ബുധനാഴ്ച അവസാനിച്ചിരുന്നു. ദീർഘിപ്പിച്ച് നൽകിയ കാലയളവിലും അദാനി പോർട്ട്സിന് ധാരണപത്രം പ്രകാരമുള്ള ആഴം ഉറപ്പാക്കാൻ കഴിയാത്ത സാഹചര്യത്തിൽ കരാറിന്റെ കാലാവധി ദീർഘിപ്പിക്കാൻ നടപടി സ്വീകരിച്ചുവരുന്നതായി മന്ത്രി അറിയിച്ചു.
അന്തിമ മാതൃകാപഠന റിപ്പോർട്ടിലെ ശിപാർശകൾക്കനുസൃതമായിട്ടുളള നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതുവരെ അഴിമുഖത്തും ചാനലിലും അടിഞ്ഞുകൂടുന്ന മണ്ണ് നീക്കം ചെയ്യേണ്ടതുണ്ട്. ഇതിനായി അദാനി പോർട്ടുമായുളള ധാരണപത്രത്തിന്റെ കാലവധിക്ക് ശേഷവും മണ്ണ് നീക്കുന്നതിനായി മൂന്ന് കോടി രൂപയുടെ പദ്ധതിക്ക് കഴിഞ്ഞ ഏപ്രിൽ 13ന് ചേർന്ന വർക്കിങ് ഗ്രൂപ്പിൽ ചീഫ് ടെക്നിക്കൽ എക്സാമിനറുടെ അംഗീകാരത്തിന് വിധേയമായി അനുമതി നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.