കഠ്വ-ഉന്നാവ് ഫണ്ട്: കണക്കുകൾ പരിശോധിച്ച് വ്യക്തത വരുത്തിയെന്ന് മുഈനലി തങ്ങൾ
text_fieldsകോഴിക്കോട്: യൂത്ത് ലീഗ് പിരിച്ച കഠ്വ ഫണ്ട് സംബന്ധിച്ച കണക്കുകൾ വ്യക്തമല്ലെന്ന പ്രസ്താവനയിൽ വിശദീകരണവുമായി ദേശീയ വൈസ് പ്രസിഡന്‍റും പാണക്കാട് ഹൈദരലി തങ്ങളുടെ മകനുമായ മുഈനലി തങ്ങൾ. കഠ്വ -ഉന്നാവ് സഹായ ഫണ്ടിന്‍റെ കണക്കുകൾ പരിശോധിച്ച് വ്യക്തത വരുത്തിയെന്ന് മുഈനലി തങ്ങൾ പറഞ്ഞു.
ദേശീയ സമിതി മുൻ അംഗം യൂസഫ് പടനിലം ഉയർത്തിയ ആരോപണത്തിൽ വിശദീകരണം നൽകാൻ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിലാണ് മുഈനലി തങ്ങൾ ഇക്കാര്യം വ്യക്തമാക്കിയത്. യൂത്ത് ലീഗ് പിരിച്ച കഠ്വ ഫണ്ട് സംബന്ധിച്ച കണക്കുകൾ വ്യക്തമല്ലെന്നാണ് മുഇൗനലി തങ്ങൾ ഇന്നലെ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഫണ്ട് സംബന്ധിച്ച കണക്കുകൾ വ്യക്തമാക്കണമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും അതുണ്ടായില്ല. എം.എസ്.എഫും ഇതിനായി ഫണ്ട് പിരിച്ചിരുന്നുവെന്നും അതിനും കണക്കുകളില്ലെന്നും മുഇൗനലി തങ്ങൾ വ്യക്തമാക്കിയിരുന്നു.
യൂസഫ് പടനിലത്തിന്‍റെ ആരോപണം ശരിയെന്ന തരത്തിൽ മുഈനലി തങ്ങൾ മാധ്യമങ്ങളോട് പ്രതികരിച്ചത് യൂത്ത് ലീഗിന് വലിയ തിരിച്ചടിയാണ് നൽകിയത്. അതുകൊണ്ടാണ് മുഈനലി തങ്ങളെ കൂടി ഉൾപ്പെടുത്തി ദേശീയ ജനറൽ സെക്രട്ടറി സി.കെ. സുബൈർ വാർത്താസമ്മേളനം നടത്തിയത്.
കഠ്വ -ഉന്നാവ് സഹായ ഫണ്ട് ഫണ്ട് വകമാറ്റിയിട്ടില്ലെന്ന് സി.കെ. സുബൈർ വ്യക്തമാക്കി. ആരോപണത്തിന് പിന്നിൽ ആസൂത്രിതനീക്കമുണ്ട്. സുതാര്യമായ ഫണ്ട് കൈമാറ്റത്തെ തെറ്റായി വ്യാഖ്യാനിച്ചു. കഠ് വ കുടുബത്തിന് സഹായത്തുക കൈമാറി. നിയമ നടപടികൾക്കായും പണം വിനിയോഗിക്കുന്നുണ്ടെന്നും സുബൈർ ചൂണ്ടിക്കാട്ടി. സഹായ ഫണ്ട് കൈമാറുന്നതിന്‍റെ ചിത്രങ്ങളും വാർത്താസമ്മേളനത്തിൽ പ്രദർശിപ്പിച്ചു.
സംസ്ഥാന സെക്രട്ടറി പി.കെ. ഫിറോസിനെതിരായ ആരോപണത്തിന് പിന്നിൽ രാഷ്ട്രീയ താൽപര്യമാണെന്നും ഏത് അന്വേഷത്തെയും സ്വാഗതം ചെയ്യുന്നതായും സുബൈർ വ്യക്തമാക്കി.
2018 ഏപ്രിൽ 20ന് വെള്ളിയാഴ്ച പള്ളികളിൽ നടത്തിയ ഫണ്ട് സമാഹരണത്തിലൂടെയും വിദേശനാടുകളിൽ നിന്നടക്കം പണപ്പിരിവ് നടത്തിയും ഒരു കോടിയോളം രൂപ സമാഹരിച്ചിട്ടുണ്ടെന്നാണ് യൂത്ത് ലീഗ് ദേശീയ സമിതിയംഗം യൂസഫ് പടനിലം ആരോപിക്കുന്നത്. എന്നാൽ, ഇതു സംബന്ധിച്ച കണക്കുകൾ കമ്മിറ്റികളിൽ അവതരിപ്പിക്കാൻ നേതൃത്വം തയാറായിട്ടില്ല. ചോദിച്ചപ്പോൾ 48 ലക്ഷം രൂപ സമാഹരിച്ചതായി അനൗദ്യോഗികമായി അറിയിക്കുകയാണ് ഉണ്ടായത്.
കഠ്വ ഫണ്ടിൽ നിന്ന് സി.കെ. സുബൈറും പി.കെ. ഫിറോസും അടക്കമുള്ള നേതാക്കൾ ഫണ്ട് വകമാറ്റിയിട്ടുണ്ട്. പി.കെ. ഫിറോസ് നയിച്ച 2019ലെ യുവജന യാത്രയുടെ കടംതീർക്കാൻ 15 ലക്ഷം രൂപ ഈ ഫണ്ടിൽ നിന്നാണ് വകമാറ്റിയത്. രോഹിത് വെമുലയുടെ കുടുംബത്തിന് വീട് നിർമിക്കാൻ മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി നൽകിയ 10 ലക്ഷം രൂപയുടെ ചെക്ക് മടങ്ങിയപ്പോൾ മുഖം രക്ഷിക്കാനായി വെമുലയുടെ അമ്മക്ക് നേരിട്ട് കൈമാറിയ അഞ്ച് ലക്ഷം രൂപയും ഈ ഫണ്ടിൽ നിന്ന് വകമാറ്റിയതാണ്. എന്തിനു വേണ്ടിയാണ് ഫണ്ട് പിരിവ് നടത്തിയത് അവർക്ക് മാത്രം ഒരു രൂപ പോലും ഇതുവരെ നൽകിയിട്ടില്ലെന്നും യൂസഫ് ആരോപിക്കുന്നു.
കഠ്വ കേസിൽ ആദ്യ വിധി വന്നപ്പോൾ നേതാക്കൾ അവിെട ചെന്ന് അവർക്കൊപ്പം നിന്ന് ഫോട്ടോ എടുത്ത് പത്രങ്ങളിൽ വാർത്ത നൽകി. എന്നാൽ, പഞ്ചാബ് മുസ്ലിം ഫെഡറേഷനാണ് കേസ് നടത്തിയത്. ഫണ്ട് സംബന്ധിച്ച കണക്ക് ചോദിച്ചിട്ടും ലഭിക്കാത്തതിനാലാണ് യൂത്ത് ലീഗ് ദേശീയ പ്രസിഡന്‍റ് രാജിവെച്ചത്. അഴിമതി ചോദ്യം ചെയ്തതിന്റെ പേരിലാണ് യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡൻറ് മുഇൗനലി തങ്ങളെ ഭാരവാഹിത്വത്തിൽ നിന്നകറ്റാനുള്ള ശ്രമം നടക്കുന്നത്. ബാങ്ക് വിവരം പുറത്തുവിടാൻ യൂത്ത് ലീഗ് തയാറാകണമെന്ന് ആവശ്യപ്പെട്ട യൂസഫ് പടനിലം സംഭവത്തിൽ വിജിലൻസിന് പരാതി നൽകുമെന്നും പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.