തീപ്പൊള്ളലേറ്റ് മുഫീദയുടെ മരണം, സി.പി.എം നേതൃത്വത്തിനെതിരെ ആരോപണം
text_fieldsവെള്ളമുണ്ട: ദുരൂഹസാഹചര്യത്തില്‍ തീപൊള്ളലേറ്റ് ചികിത്സയിലായിരുന്ന പുലിക്കാട് കണ്ടിയില്‍പൊയില്‍ മുഫീദ(50)യുടെ മരണവുമായി ബന്ധപ്പെട്ട കേസ് സി.ഐ തലത്തിൽ അന്വേഷിക്കുന്നതിന് നിർദേശം. രണ്ട് മാസം മുമ്പ് രാത്രിസമയത്ത് പ്രദേശവാസികളായ ചിലര്‍ ഇവര്‍ താമസിക്കുന്ന വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായി പരാതി ഉയര്‍ന്നിരുന്നു. അന്നു തന്നെയാണ് ഇവരെ തീപൊള്ളലേറ്റ നിലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.
എന്നാല്‍, ഇവര്‍ പൊലീസില്‍ നല്‍കിയ മൊഴിയില്‍ ആര്‍ക്കെതിരെയും പരാതികളുന്നയിക്കാത്തതിനാല്‍ കേസെടുത്തിരുന്നില്ല. മരണശേഷം മക്കൾ പരാതി നൽകിയതിന്‍റെ അടിസ്ഥാനത്തിൽ വെള്ളമുണ്ട പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. സംഭവം വിവാദമായതോടെ സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ വിവിധ സ്ക്വാഡുകളായി തിരിഞ്ഞ് അന്വേഷിക്കാനാണ് ഉന്നതതല നിർദേശം.
സംഭവത്തിൽ, പ്രാദേശിക സി.പി.എം നേതൃത്വത്തിനെതിരെ ആരോപണമുയർന്നിട്ടുണ്ട്. എന്നാൽ, പുലിക്കാട് മുഫീദയുടെ മരണവുമായി ബന്ധപ്പെട്ട് പാർട്ടിക്കെതിരെയും നേതാക്കൾക്കെതിരെയും രാഷ്ട്രീയ വിരോധം തീർക്കുന്നത് പ്രതിഷേധാർഹമാണെന്ന് പൊരുന്നന്നൂർ ലോക്കൽ സെക്രട്ടറി നജ്മുദ്ദീൻ പറഞ്ഞു. രാഷ്ട്രീയ താൽപര്യത്തിന് വേണ്ടി ആരോപണങ്ങൾ നടത്തിയവർ പിൻമാറണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു. മുഫീദയുടെ മരണവുമായി ബന്ധപ്പെട്ട് പാർട്ടിക്കും പോഷക സംഘടനക്കും പാർട്ടി നേതാക്കൾക്കും എതിരെ ഉയർന്ന ആരോപണം സി.പി.എം പുലിക്കാട് ബ്രാഞ്ചും നിഷേധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.