മുജാഹിദ് വിഭാഗങ്ങള്‍ ഒന്നായി; 20ന് പ്രഖ്യാപന സമ്മേളനം
text_fieldsകോഴിക്കോട്: മുജാഹിദ് കുടുംബത്തിലെ പ്രബലമായ രണ്ടു വിഭാഗങ്ങള്‍ ഒന്നായി. ടി.പി.അബ്ദുല്ലക്കോയ മദനി നേതൃത്വം നല്‍കുന്ന കേരള നദ്വത്തുല് മുജാഹിദീന്‍ ഒൗദ്യോഗിക വിഭാഗവും സി.പി. ഉമര്‍ സുല്ലമി നേതൃത്വം നല്‍കുന്ന കേരള നദ്വത്തുല് മുജാഹിദീന്‍ (മര്‍കസുദ്ദഅ്വ) വിഭാഗവുമാണ് ലയിക്കാന്‍ ധാരണയായത്. കോഴിക്കോട് അരയിടത്തുപാലത്തെ സി.ടി. ടവറില്‍ സംയുക്ത എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ നേതാക്കള്‍ ലയനപ്രഖ്യാപനം നടത്തി. ലയനപ്രഖ്യാപന സമ്മേളനം ഡിസംബര്‍ 20ന് വൈകീട്ട് 4.30ന് കോഴിക്കോട് കടപ്പുറത്ത് നടക്കും. അന്ന് രാവിലെ കെ.എന്‍.എം സമ്പൂര്‍ണ കൗണ്‍സില്‍ ഒരുമിച്ചു ചേരും. പുതിയ ഭാരവാഹികളെ സമ്മേളനത്തിലാണ് പ്രഖ്യാപിക്കുക. മാതൃസംഘടനയോടൊപ്പം യുവജന, വിദ്യാര്‍ഥി, വനിത ഘടകങ്ങളും ഇനി ഒന്നാകും. എന്നാല്‍, മറ്റൊരു പ്രബലവിഭാഗമായ വിസ്ഡം ഗ്ളോബല്‍ ഇസ്ലാമിക് മിഷന്‍ ഐക്യത്തില്‍ പങ്കാളിയല്ലെന്നും നേതാക്കള്‍ വ്യക്തമാക്കി.
മുജാഹിദ് പ്രസ്ഥാനത്തിലെ ഭിന്നിപ്പുകള്‍ അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും തിരിച്ചുവരവിനും അപകടകരമായ ചിന്തകള്‍ കടന്നുവരവിനും ഇടയാക്കുന്ന സാഹചര്യത്തിലാണ് ലയനമെന്ന് ഇവര്‍ പറഞ്ഞു. ആള്‍ ദൈവങ്ങളും ആത്മീയ കേന്ദ്രങ്ങളും അനുദിനം വര്‍ധിച്ചുവരികയാണ്. ഭിന്നിപ്പുകളില്‍ മനസ്സുമരവിച്ച യുവാക്കള്‍ അരാഷ്ട്രീയ വാദത്തിലേക്കും അപകടകരമായ ചിന്തകളിലേക്കും ആകൃഷ്ടരാകുമോ എന്ന ഭയവും നിലനില്‍ക്കുന്നു. ഒരുവര്‍ഷം നീണ്ട കൂടിയാലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷമാണ് ലയനം. 2002 ആഗസ്റ്റിലാണ് കേരള നദ്വത്തുല് മുജാഹിദീന്‍ പിളര്‍ന്നത്. എം. അബ്ദുറഹ്മാന്‍ സലഫി, എ. അസ്ഗറലി എന്നിവര്‍ മുന്‍കൈയെടുത്ത് നടത്തിയ നീക്കങ്ങളാണ് വിജയം കണ്ടത്. മണ്ഡലം തലത്തില്‍ കണ്‍വെന്‍ഷനുകള്‍ നടത്തി കീഴ്ഘടകങ്ങളെയും പ്രവര്‍ത്തകരെയും ലയന തീരുമാനം ബോധ്യപ്പെടുത്തിയതായും നേതാക്കള്‍ അറിയിച്ചു.
ഇരു മുജാഹിദ് വിഭാഗങ്ങളിലെയും പ്രതിനിധികള്‍ ചേര്‍ന്ന സംയുക്ത ഭരണസമിതി അംഗങ്ങള്‍, ജില്ലാ പ്രസിഡന്‍റുമാര്‍, സെക്രട്ടറിമാര്‍, ഐ.എസ്.എം, എം.എസ്.എം, എം.ജി.എം ഭാരവാഹികള്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. കെ.എന്‍.എം സംസ്ഥാന പ്രസിഡന്‍റ് ടി.പി. അബ്ദുല്ലക്കോയ മദനിയാണ് തീരുമാനങ്ങള്‍ വിശദീകരിച്ചത്. ഒൗദ്യോഗിക വിഭാഗം ജനറല്‍ സെക്രട്ടറി പി.പി. ഉണ്ണീന്‍കുട്ടി മൗലവി, മര്‍കസുദ്ദഅ്വ വിഭാഗം സംസ്ഥാന പ്രസിഡന്‍റ് സി.പി. ഉമര്‍ സുല്ലമി, ജനറല്‍ സെക്രട്ടറി എം. സലാഹുദ്ദീന്‍ മദനി, ഡോ. ഹുസൈന്‍ മടവൂര്‍, എം. മുഹമ്മദ് മദനി, എം. അബ്ദുറഹ്മാന്‍ സലഫി, എ. അസ്ഗറലി, പി.കെ. അഹമ്മദ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഉപസമിതി
ഇരു മുജാഹിദ് വിഭാഗങ്ങളിലെ തര്‍ക്കങ്ങളില്‍ ഉപസമിതി തീര്‍പ്പുണ്ടാക്കും. എം. അബ്ദുറഹ്മാന്‍ സലഫി, മുഹമ്മദ് നൂര്‍ഷാ, അബ്ദുല്ലത്തീഫ് കരിമ്പുലാക്കല്‍, അഹമ്മദ് കുട്ടി, എം.ടി. അബ്ദുസ്സമദ് സുല്ലമി, കെ. സകരിയ, സി. മുഹമ്മദ് സലീം, അലി മദനി മൊറയൂര്‍, അബ്ദുറഹ്മാന്‍ പാലത്ത് എന്നീ ഇരു വിഭാഗങ്ങളിലെയും നേതാക്കള്‍ ഉള്‍ക്കൊള്ളുന്നതാണ് ഉപസമിതി.
മറ്റ് തീരുമാനങ്ങള്‍
-ആശയപരമായ ഭിന്നതകളില്‍ കേരള ജംഇയ്യത്തുല്‍ ഉലമയിലെ പണ്ഡിതസഭയുടെ തീര്‍പ്പ് അംഗീകരിക്കും
-തര്‍ക്ക വിഷയങ്ങള്‍ പ്രശ്നം ഉണ്ടാക്കുന്ന തരത്തില്‍ പൊതുസമൂഹത്തില്‍ അവതരിപ്പിക്കരുത്
-പോഷക സംഘടനാ ഭാരവാഹിത്വ കാലാവധി തീരും വരെ നിലവിലുള്ളവര്‍ തുടരും.
-സ്ഥാപനങ്ങള്‍, പ്രസിദ്ധീകരണങ്ങള്‍ എന്നിവ നിലനിര്‍ത്തും. ഇവയുടെ ഉടമസ്ഥത, സാമ്പത്തിക ഇടപാടുകള്‍ എന്നിവ സംബന്ധിച്ച് ഉപസമിതി തീരുമാനമെടുക്കും
-നിലവിലെ സ്ഥാപനങ്ങളുടെ ഗുണമേന്മ വര്‍ധിപ്പിക്കുകയും പുതിയ സ്ഥാപനങ്ങള്‍ തുടങ്ങുകയും ചെയ്യും
-യുവാക്കളിലെ അരാഷ്ട്രീയ വാദത്തിനെതിരെ വിദ്യാര്‍ഥി-യുവജന വിഭാഗങ്ങളില്‍ കര്‍മപദ്ധതി തയാറാക്കും
-ഭീകരവാദത്തിനെതിരെ സെമിനാറുകള്‍ സംഘടിപ്പിക്കും
-ആരാധനാലയങ്ങളിലെ സ്ത്രീപ്രവേശനത്തിനായി കൂട്ടായ ബോധവത്കരണം നടത്തും
-ഏക സിവില്‍ കോഡിനെതിരെ ഇതര സംഘടനകളുമായി ചേര്‍ന്ന് പരിപാടികള്‍ സംഘടിപ്പിക്കും
-മത-സാമൂഹിക-സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് വിഭവസമാഹരണം നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.