ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പിനെതിരെ മുഹമ്മദ് ഫൈസൽ സുപ്രീംകോടതിയിൽ
text_fieldsന്യൂഡൽഹി: ലക്ഷദ്വീപിൽ തിരക്കിട്ട് ഉപതെരഞ്ഞെടുപ്പ് നടത്താനുള്ള തെരഞ്ഞെടുപ്പ് കമീഷൻ നീക്കം തടയണമെന്ന ആവശ്യവുമായി എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ട മുഹമ്മദ് ഫൈസൽ സുപ്രീംകോടതിയിൽ. ശിക്ഷാ വിധി സ്റ്റേ ചെയ്യാൻ കേരള ഹൈകോടതിയിൽ സമർപ്പിച്ച ഹരജിയുടെ ഉത്തരവിന് കാത്തുനിൽക്കാതെ താൻ പ്രതിനിധാനംചെയ്ത മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് ഏകപക്ഷീയവും നിയമവിരുദ്ധവും വഞ്ചനാപരവുമാണെന്ന് ഹരജിയിൽ ഫൈസൽ ബോധിപ്പിച്ചു. ഹരജി അടിയന്തരമായി കേൾക്കാൻ വെള്ളിയാഴ്ച ചീഫ് ജസ്റ്റിസ് മുമ്പാകെ അഭിഭാഷകൻ ആവശ്യപ്പെട്ടേക്കും.
14 വർഷം മുമ്പ് മുൻ കേന്ദ്രമന്ത്രിയും മുൻ ലോക്സഭാ ഡെപ്യൂട്ടി സ്പീക്കറും പരേതനായ കോൺഗ്രസ് നേതാവുമായ പി.എം. സഈദിന്റെ മരുമകൻ പടന്നയിൽ മുഹമ്മദ് സ്വാലിഹിനെ ആക്രമിച്ച് മാരകമായി പരിക്കേൽപിച്ച കേസിൽ ഈ മാസം 11നാണ് എൻ.സി.പി എം.പിയായിരുന്ന ഫൈസലിനെ കവരത്തി ജില്ല സെഷൻസ് കോടതി 10 വർഷം കഠിന തടവിന് ശിക്ഷിച്ചത്. അത് കഴിഞ്ഞ് രണ്ടാം ദിവസം തന്നെ ഫൈസലിനെ 13ന് ലോക്സഭാ സെക്രട്ടറി ജനറൽ അയോഗ്യനാക്കുകയും ചെയ്തു.
തനിക്കെതിരായ ശിക്ഷ ഹൈകോടതി സ്റ്റേ ചെയ്താല്‍ ജനപ്രാതിനിധ്യ നിയമത്തിലെ എട്ടാം വകുപ്പ് പ്രകാരം അയോഗ്യനാക്കപ്പെട്ട നടപടി റദ്ദാകുമെന്ന് ഫൈസൽ ഹരജിയിൽ ചൂണ്ടിക്കാട്ടി.ഇത്തരം കേസുകളില്‍ ശിക്ഷ സ്റ്റേ ചെയ്യാൻ സമർപ്പിക്കുന്ന ഹരജികൾ തീര്‍പ്പാക്കുന്നതുവരെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനാകുമോ എന്ന കാര്യം പരിശോധിക്കണമെന്നും ഫൈസൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.