മുഹമ്മദ് ഹാജി വധം: പ്രതികൾക്ക് ജീവപര്യന്തം തടവും ലക്ഷം രൂപ പിഴയും
text_fieldsകാസർകോട്: മുഹമ്മദ് ഹാജി വധക്കേസിലെ പ്രതികൾക്ക് ജീവപര്യന്തം കഠിന തടവും ലക്ഷം രൂപ പിഴയും ശിക്ഷ. അടുക്കത്ത്ബയലിലെ ബിലാല്‍ മസ്ജിദിന് സമീപത്തെ സി.എ. മുഹമ്മദ് ഹാജിയെ (56) കുത്തിക്കൊലപ്പെടുത്തിയ കേസിലെ നാലു പ്രതികൾക്കാണ് ജില്ല അഡി. സെഷൻസ് കോടതി (രണ്ട്) ജഡ്ജ് കെ. പ്രിയ ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചത്.
സന്തോഷ് നായിക് എന്ന ബജെ സന്തോഷ് (36), കെ. ശിവപ്രസാദ് എന്ന ശിവൻ (40), കെ. അജിത് കുമാർ എന്ന അജ്ജു (35), കെ.ജി. കിഷോർ കുമാർ എന്ന കിഷോർ (39) എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. അടുക്കത്ത്ബയല്‍ ബിലാല്‍ മസ്ജിദിന്റെ പ്രസിഡന്റായിരുന്ന മുഹമ്മദ് ഹാജി 2008 ഏപ്രിൽ 18ന് വെള്ളിയാഴ്ച ഉച്ചക്ക് മകൻ ശിഹാബിനൊപ്പം ഗുഡ്ഡെ ടെമ്പ്ൾ റോഡിലൂടെ ജുമാ നമസ്കാരത്തിന് പോകുമ്പോഴായിരുന്നു കുത്തിക്കൊലപ്പെടുത്തിയത്.
2008ലെ വർഗീയസംഘർഷങ്ങളിൽ നാലുപേരാണ് തുടർച്ചയായി കൊല്ലപ്പെട്ടത്. ഇതിലെല്ലാമായി 11 കേസ് രജിസ്റ്റർ ചെയ്തതിൽ ഒമ്പത് കേസിലും കുറ്റം തെളിയിക്കാൻ കഴിയാത്തതിനെ തുടർന്ന് പ്രതികളെയും വെറുതെ വിട്ടിരുന്നു. അവശേഷിക്കുന്ന രണ്ടെണ്ണത്തിൽപെട്ടതായിരുന്നു മുഹമ്മദ് ഹാജി വധക്കേസ്.
വർഗീയസംഘർഷവുമായി ബന്ധപ്പെട്ട കേസുകളിൽ 32 വർഷത്തിനുശേഷമാണ് പ്രതികൾ ശിക്ഷിക്കപ്പെടുന്നതെന്ന പ്രത്യേകത കൂടി ഈ കേസിനുണ്ട്. ദൃക്സാക്ഷിയായ മുഹമ്മദ് ഹാജിയുടെ മകൻ ശിഹാബ്, ഒരു വഴിയാത്രക്കാരൻ എന്നിവരുടെ മൊഴിയാണ് കേസിൽ നിർണായകമായത്.
സ്പെഷല്‍ പ്രോസിക്യൂട്ടർ അഡ്വ. സി.കെ. ശ്രീധരൻ, അഡ്വ. കെ.പി. പ്രദീപ് കുമാർ എന്നിവരാണ് പ്രോസിക്യൂഷനുവേണ്ടി ഹാജരായത്. കേസിന്റെ തുടക്കത്തിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റായിരുന്ന അഡ്വ. പി.എസ്. ശ്രീധരൻ പിള്ളയാണ് പ്രതികൾക്കുവേണ്ടി ഹാജരായിരുന്നത്. ഗവർണറായതിനുശേഷം അദ്ദേഹത്തിന്റെ ജൂനിയറാണ് വാദിച്ചത്.
അന്ന് വെള്ളരിക്കുണ്ട് സി.ഐ ആയിരുന്ന പി. ബാലകൃഷ്ണൻ നായരാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.