മുഹമ്മദ് മോന് 18 കോടിയുടെ മരുന്ന് നൽകി
text_fieldsപഴയങ്ങാടി (കണ്ണൂർ): ലോക മലയാളികൾ ഹൃദയത്തോട് ചേർത്തുനിർത്തിയ മാട്ടൂലിലെ ഒന്നര വയസ്സുകാരൻ മുഹമ്മദ് മോന് 18 കോടിയുടെ മരുന്ന് കുത്തിവെച്ചു. കോഴിക്കോട് മിംസ് ആശുപത്രിയിൽ ചൊവ്വാഴ്ച ഏറ്റവും വില കൂടിയ മരുന്നായ സോൾജെൻസ്മ വിജയകരമായി കുത്തിവെച്ചത്. സ്പൈനൽ മസ്കുലർ അട്രോഫി (എസ്.എം.എ) എന്ന അപൂർവ ജനിതക രോഗബാധിതനായിരുന്നു മുഹമ്മദ്. മരുന്നിനാവശ്യമായ 18 കോടിക്ക് വേണ്ടി സഹൃദയരുടെ സഹായം തേടിയപ്പോൾ 46.78 കോടി രൂപയാണ് മലയാളികൾ കൈയയച്ച് നൽകിയത്.
മാട്ടൂലിലെ പി.കെ. റഫീഖ്, പി.സി. മറിയുമ്മ ദമ്പതികളുടെ മകനായ മുഹമ്മദ് ചൊവ്വാഴ്ച ഉച്ചക്ക് മൂന്നരയോടെയാണ് ജീൻ തെറപ്പി മരുന്നായ സോൾജെൻസ്മ കുത്തിവെപ്പിന് വിധേയനായത്. തിങ്കളാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രണ്ടു മണിയോടെ കുത്തിവെപ്പ് നൽകാനായി സജ്ജീകരിച്ച കേന്ദ്രത്തിലേക്ക് മാറ്റി. മരുന്ന് നൽകുന്നതിന് മുന്നോടിയായുള്ള പ്രധാന പരിശോധനയായ അഡിനോ വൈറസ് ആൻറിബോഡി ടെസ്റ്റ് നെതർലാൻ്റിൽ വെച്ചാണ് നടത്തിയത്.
മിംസ് ആശുപത്രി പീഡിയാട്രിക് ന്യൂറോളജിസ്റ്റ് ഡോ. സ്മിലു മോഹൻ ലാൽ, പീഡിയാട്രിക് വിഭാഗം മേധാവി ഡോ. സുരേഷ് കുമാർ, ഡോ. സതീശ് കുമാർ എന്നിവരടങ്ങിയ ഡോക്ടർമാരുടെ വിദഗ്ധ സംഘമാണ് ജീൻ തെറപ്പി ചികിത്സ നൽകിയത്. ഒരു ദിവസം കൂടി നിരീക്ഷണത്തിനായി ആശുപത്രിയിൽ കഴിയേണ്ടി വരും. പാർശ്വഫലങ്ങളൊന്നുമില്ലാതെ മുഹമ്മദ് പൂർണ ആരോഗ്യവാനാണെന്ന് ഡോക്ടർമാർ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് സോൾജെൻസ്മ അമേരിക്കയിൽ നിന്നെത്തിച്ചത്. ഇതിെൻറ കസ്റ്റംസ് ഡ്യൂട്ടിയും ജി.എസ്.ടി.യും കേന്ദ്ര സർക്കാർ ഒഴിവാക്കിയിരുന്നു. മുഹമ്മദിെൻറ സഹോദരി അഫ്രയും എസ്.എം.എ രോഗബാധിതയാണ്. നിശ്ചിത പ്രായം പിന്നിട്ടതിനാൽ ജീൻ തെറാപ്പി മരുന്നായ സോൾജെൻസ്മ അസാധ്യമാണെങ്കിലും രോഗ കാഠിന്യവും തീവ്രതയും കുറക്കാനുള്ള ചികിത്സയാണ് അഫ്രക്ക് നൽകുക. അഫ്രക്ക് വേണ്ടിയുള്ള ചികിത്സ ദിവസങ്ങൾക്കകം തുടങ്ങുമെന്ന് ചികിത്സ കമ്മറ്റി കൺവീനർ ടി.പി. അബ്ബാസ് ഹാജി പറഞ്ഞു.
മുഹമ്മദിെൻറയും അഫ്രയുടെയും ചികിത്സ ഫണ്ടിലെ മിച്ചമുള്ള തുകയിൽ നിന്ന് എട്ടര കോടി രൂപ വീതം എസ്.എം.എ ബാധിതനായ തളിപ്പറമ്പ് ചപ്പാരപ്പടവിലെ മുഹമ്മദ് ഖാസിമിനും ലക്ഷദ്വീപിലെ ഇശൽ മറിയത്തിനും നൽകാൻ മുഹമ്മദ് ചികിത്സ കമ്മിറ്റി തീരുമാനിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.