മഹാപ്രളയത്തെ അതിജീവിച്ച കുരുന്ന്; സുബ്ഹാന് നാലാം പിറന്നാൾ
text_fieldsചെങ്ങമനാട് (കൊച്ചി): പ്രകൃതി സംഹാര താണ്ഡവമാടിയ 2018ലെ മഹാപ്രളയത്തിനിടെ പ്രസവവേദനയിൽ അതിസാഹസികമായി ഹെലികോപ്ടറിൽ പറന്നുയർന്ന സാജിദ ജന്മം നൽകിയ മുഹമ്മദ് സുബ്ഹാന് ബുധനാഴ്ച നാല് വയസ് തികയും. കൊച്ചി നാവികസേന ആശുപത്രിയിൽ സാജിദയുടെ പ്രസവത്തിന് നേതൃത്വം നൽകിയ ഗൈനക്കോളജിസ്റ്റ് തമന്ന ശിനോയ് സർവിസിൽ നിന്ന് വിരമിച്ചെങ്കിലും ഇപ്പോൾ ജോലി ചെയ്യുന്ന മൂവാറ്റുപുഴ നെടുഞ്ചാലിൽ ഹോസ്പിറ്റലിൽ ബുധനാഴ്ച സുബ്ഹാന്റെ ജന്മദിനം വിപുലമായി ആഘോഷിക്കും.
ആലുവ ചൊവ്വര കൊണ്ടോട്ടി കുഴിയിലകത്തൂട്ട് വീട്ടിൽ സുലൈമാൻ-റംല ദമ്പതികളുടെ മകളും ചെങ്ങമനാട് കളത്തിങ്കൽ ജബിൽ കെ. ജലീലിന്റെ ഭാര്യയുമാണ് സാജിദ.
കേരളത്തെ പ്രളയം വിഴുങ്ങിയ 2018 ആഗസ്റ്റ് 17നായിരുന്നു ചൊവ്വര റെയിൽവെ സ്റ്റേഷനടുത്തെ കൊണ്ടോട്ടി ഹിദായത്തുൽ ഇസ്ലാം മസ്ജിദിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുകയായിരുന്ന സാജിതക്ക് പ്രസവവേദന അനുഭവപ്പെട്ടത്. വേദന രൂക്ഷമായതോടെ സാജിദയെ സഹായിക്കുവാൻ പലരും പല മാർഗങ്ങൾ നോക്കിയെങ്കിലും ഫലം കണ്ടില്ല. അതോടൊപ്പം മസ്ജിദിനകത്തേക്കും ജലനിരപ്പ് ഉയർന്നു കൊണ്ടിരുന്നു. നൊമ്പരത്തിന്റെയും നിലവിളിയുടെയും പ്രാർഥനയുടെയും അന്തരീക്ഷം. ക്യാമ്പിൽ വെള്ളമുയർന്നതോടെ ചുറ്റുംകൂടിയവർ എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നിന്ന നിമിഷങ്ങൾ.
നിരന്തര ശ്രമങ്ങൾക്കൊടുവിൽ നേവിയുടെ ഹെലികോപ്റ്റർ രക്ഷക്കെത്തുകയായിരുന്നു. നാവികസേന ക്യാപ്റ്റൻ വിജയ് വർമ്മ ഹെലികോപ്റ്ററിൽ കയറിൽ തൂങ്ങി ഇറങ്ങി സാജിതക്ക് ധൈര്യവും, പിടിച്ചു കയറി പറന്നുയരേണ്ട രീതിയും വ്യക്തമാക്കി കൊടുത്തു. ആഗസ്റ്റ് 17ന് രാവിലെ 10.45ഓടെ മസ്ജിദിന് മുകളിൽ നിന്ന് നാവികസേനയുടെ കൊച്ചിയിലെ സഞ്ജീവനി ആശുപത്രിയിലേക്ക് ഹെലികോപ്ടറിലെ കയറിൽ തൂങ്ങി ഭീതിയെയും പ്രസവനൊമ്പരത്തെയും അതിജീവിച്ച് മൂന്നാമത്തെ കുഞ്ഞിന് ജന്മം നൽകാൻ സാജിദ പറന്നുയർന്നപ്പോൾ കേരളമൊന്നാകെ നെഞ്ചിടിപ്പോടെയും പ്രാർഥനയോടെയും കണ്ടുനിന്നു. മൂന്നര മണിക്കൂറിനകം ഐ.എൻ.എസ് സഞ്ജീവനിയിൽ സാജിദ സുഖ പ്രസവത്തിലൂടെ ആൺകുഞ്ഞിന് ജന്മം നൽകി.
(നാവികസേനയുടെ കൊച്ചിയിലെ ഐ.എൻ.സ് സഞ്ജീവനി ആശുപത്രിയിൽ സാജിദ സുബ്ഹാന് ജന്മം നൽകിയ ശേഷം)
രക്ഷകരായ നേവി ഉദ്യോഗസ്ഥർ അവനെ പേര് വിളിച്ചു -'സുബ്ഹാൻ'. അങ്ങനെയാണ് മുഹമ്മദ് സുബ്ഹാൻ എന്ന പേരിന്റെയും ചരിത്രം. നാവികസേനയിലെ സാഹസിക ജീവിതത്തിനിടയിൽ മറക്കാനാകാത്ത അനുഭവം എന്ന നിലയിലാണ് ഡോ. തമന്ന സുബ്ഹാന്റെ ജന്മദിനത്തിന് നേതൃത്വം നൽകുന്നത്. കഴിഞ്ഞ മൂന്ന് വർഷങ്ങളിലും സുബ്ഹാന് ജന്മദിനാശംസകൾ നൽകാൻ നാവികസേന മറക്കാതെ ചെങ്ങമനാട്ടെ വീട്ടിലെത്തിയിരുന്നു. സുബ്ഹാനെ ചെങ്ങമനാട് ഗവ. എൽ.കെ.ജി സ്കൂളിൽ ചേർത്തിരിക്കുകയാണ്. എട്ട് വയസുള്ള മുഹമ്മദ് നഹീമും അഞ്ച് വയസുള്ള മുഹമ്മദ് നുഹൈനുമാണ് ജബിൽ - സാജിദ ദമ്പതികളുടെ മറ്റ് മക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.