കൊല്ലപ്പെട്ട മൻസൂർ സുന്നീ പ്രസ്ഥാനത്തിൽ അംഗം, അപലപിക്കുന്നു -ഹക്കീം അസ്ഹരി
text_fieldsകൂത്തുപറമ്പ്: കണ്ണൂർ കൂത്തുപറമ്പിൽ മുസ്ലിം ലീഗ് പ്രവർത്തകൻ പാറാൽ മൻസൂറിനെ (22) വെട്ടിക്കൊന്നതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മർകസ് നോളജ് സിറ്റി ഡയറക്ടറും കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ മകനുമായ അബ്ദുൽ ഹക്കീം അസ്ഹരി. കൊല്ലപ്പെട്ട മൻസൂർ സുന്നീ പ്രസ്ഥാനത്തിൽ അംഗത്വമുള്ളയാളും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ സജീവ സുന്നീ സംഘടനാ പ്രവർത്തകരുമാണെന്ന് ഹക്കീം അസ്ഹരി പറഞ്ഞു. രാഷ്ട്രീയ കൊലപാതകങ്ങൾ ഇനിയും ആവർത്തിക്കപ്പെടരുതെന്നും സാമൂഹിക സേവനമായിരിക്കണം രാഷ്രീയ പ്രവർത്തനമെന്നും ഹക്കീം അസ്ഹരി കൂട്ടിച്ചേർത്തു.
വീട്ടിൽ കയറി ബോംബെറിഞ്ഞ ശേഷമായിരുന്നു മൻസൂറിനെതിരെയുള്ള ആക്രമണം. സഹോദരൻ മുഹ്സിന് ( 27) ആക്രമണത്തിൽ സാരമായി പരിക്കേറ്റിരുന്നു. ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം.
ഹക്കീം അസ്ഹരി പങ്കുവെച്ച ഫേസ്ബുക് കുറിപ്പ്:
വളരെ വേദനാജനകമായ മറ്റൊരു ദുരന്തവാർത്ത കൂടി കേൾക്കേണ്ടി വന്നു. പൊതുവെ സമാധാനപരമായി കഴിഞ്ഞ ഒരു തെരഞ്ഞെടുപ്പിന് ശേഷമാണ് ദാരുണമായ ഒരു കൊലപാതകത്തിന് കേരളം സാക്ഷിയാകേണ്ടി വന്നത്. കൂത്തുപറമ്പിലെ മൻസൂറിന്റെ കൊലപാതകം തീർത്തും അപലനീയം ആണ്. രാഷ്ട്രീയ കൊലപാതകങ്ങൾ ഇനിയും ആവർത്തിക്കപ്പെടരുത്. ഓരോ രാഷ്ട്രീയ കൊലപാതകങ്ങളും നമ്മുടെ നാട് അത്രമേൽ അരക്ഷിതമായ ഒരു സാമൂഹിക പരിസരത്താണിപ്പോഴും എന്ന് വ്യക്തമാക്കുകയാണ്. ആശയങ്ങളെ ആശയങ്ങൾ കൊണ്ട് നേരിടാൻ കഴിയാത്തത്ര ദുർബലമായ ഒരു രാഷ്ട്രീയ സംസ്കാരം ഈ നാടിനെന്നല്ല, ഒരു നാട്ടിലും ഭൂഷണമാകില്ല.
സാമൂഹിക സേവനമായിരിക്കണം രാഷ്രീയ പ്രവർത്തനം. ഹിംസാത്മക രാഷ്ട്രീയം ഒരു കാലത്തും ഗുണം ചെയ്യില്ല. ഇത്തരം അക്രമ രാഷ്ട്രീയത്തിൽ നിന്ന് മുഴുവൻ രാഷ്ട്രീയ സംഘടനകളും പിന്മാറണം. കൊലപാതകത്തിലെ മുഴുവൻ പ്രതികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണം.കൂത്തുപറമ്പിൽ കൊല്ലപ്പെട്ട സഹോദരൻ മൻസൂറിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതോടൊപ്പം, ഈ ചെറുപ്പക്കാരന്റെ പരലോക ജീവിതത്തിന് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നു. കൊല്ലപ്പെട്ട മൻസൂർ സുന്നീ പ്രസ്ഥാനത്തിൽ അംഗത്വമുള്ളയാളും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ സജീവ സുന്നീ സംഘടനാ പ്രവർത്തകരുമാണ്.
ദുആ സമേതം..
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.