മുഹമ്മദ് ആട്ടൂർ തിരോധാനം: അന്വേഷണത്തിന് മലപ്പുറം എസ്.പിയുടെ മേൽനോട്ടത്തിൽ പുതിയ സംഘം
text_fieldsകോഴിക്കോട്: റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ മുഹമ്മദ് ആട്ടൂരിന്റെ (മാമി) തിരോധാനക്കേസിൽ പുതിയ അന്വേഷണസംഘം രൂപവത്കരിച്ചു. നിരവധി പ്രമാദ കേസുകൾ തെളിയിച്ച മലപ്പുറം എസ്.പി എസ്. ശശിധരന്റെ മേൽനോട്ടത്തിൽ കോഴിക്കോട് ജില്ല ക്രൈം ബ്രാഞ്ച് (സി-ബ്രാഞ്ച്) അസി. കമീഷണർ വി. സുരേഷിന്റെ നേതൃത്വത്തിലുള്ള ഒമ്പതംഗ സംഘത്തിന് അന്വേഷണ ചുമതല നൽകി എ.ഡി.ജി.പി എം.ആർ. അജിത്ത് കുമാറാണ് ഉത്തരവിറക്കിയത്.
കൽപറ്റ ഡിവൈ.എസ്.പി ബിജുലാൽ, മെഡിക്കൽ കോളജ് ഇൻസ്പെക്ടർ പി.കെ. ജിജീഷ്, നടക്കാവ് സ്റ്റേഷനിലെ എസ്.ഐ ബിനു മോഹൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ശ്രീകാന്ത്, കെ. ഷിജിത്ത്, എം. സജീഷ്, കെ.കെ. ബിജു, സൈബർ സെല്ലിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ ശ്രീജിത്ത് എന്നിവരാണ് സംഘത്തിലെ മറ്റ് അംഗങ്ങൾ. കേസ് രജിസ്റ്റർ ചെയ്ത ആദ്യഘട്ടത്തിൽ അന്വേഷണം നടത്തിയ പി.കെ. ജിജീഷാണ് അന്വേഷണം വീണ്ടും മുന്നോട്ടുകൊണ്ടുപോവുക.
പുതിയ അന്വേഷണസംഘത്തിലേക്ക് ആവശ്യമെങ്കിൽ കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിക്കാൻ കോഴിക്കോട് സിറ്റി പൊലീസ് മേധാവി രാജ്പാൽ മീണയോടും എ.ഡി.ജി.പി നിർദേശിച്ചിട്ടുണ്ട്. കേസ് ഡയറി അടക്കമുള്ളവ പുതിയ സംഘം ഏറ്റുവാങ്ങി ഉടൻ അന്വേഷണം ആരംഭിക്കും. പെട്ടെന്നു തന്നെ കേസിന്റെ അന്വേഷണ പുരോഗതി അറിയിക്കാനും എ.ഡി.ജി.പി നിർദേശിച്ചു.
കോഴിക്കോട് വൈ.എം.സി.എ ക്രോസ് റോഡിലെ പി.വി.എസ് നക്ഷത്ര അപ്പാർട്മെന്റിലെ താമസക്കാരനും ബാലുശ്ശേരി എരമംഗലം സ്വദേശിയുമായ മുഹമ്മദ് ആട്ടൂരിനെ കഴിഞ്ഞ ആഗസ്റ്റ് 21നാണ് കാണാതായത്. കുടുംബത്തിന്റെ പരാതിയിൽ നടക്കാവ് പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തിയത്. നിരവധിപേരെ ചോദ്യം ചെയ്തെങ്കിലും ഒരുവർഷത്തോളമായിട്ടും കാര്യമായ തെളിവുകളൊന്നും ലഭിച്ചിരുന്നില്ല.
തുടർന്ന് നാട്ടുകാരും സുഹൃത്തുക്കളും ചേർന്ന് ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ച് അന്വേഷണം പ്രത്യേക സംഘത്തിന് വിടണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം തുടങ്ങി.
ഡോ. എം.കെ. മുനീർ എം.എൽ.എ വിഷയം നിയമസഭയിൽ ഉന്നയിക്കുകയും ആക്ഷൻ കമ്മിറ്റി മുഖ്യമന്ത്രി പിണറായി വിജയനെയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും സന്ദർശിച്ച് അന്വേഷണം വേഗത്തിലാക്കാൻ ആവശ്യപ്പെടുകയും ചെയ്തു. കേസന്വേഷണം ഊർജിതപ്പെടുത്തണമെന്നാവശ്യപ്പെട്ട് 17ന് വൈകീട്ട് നാലിന് ടൗൺഹാളിൽ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ സംഗമം നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.