മാമി തിരോധാന കേസ് ക്രൈംബ്രാഞ്ചിന് വിട്ടു; നടപടി സി.ബി.ഐ അന്വേഷണ ശിപാർശക്ക് പിന്നാലെ
text_fieldsകോഴിക്കോട്: കോഴിക്കോട്ടെ വ്യവസായിയും റിയൽ എസ്റ്റേറ്റ് ഇടനിലക്കാരനുമായ മാമി എന്ന മുഹമ്മദ് ആട്ടൂരിന്‍റെ തിരോധാന കേസ് ക്രൈംബ്രാഞ്ചിന് വിട്ട് ഡി.ജി.പി ഉത്തരവിറക്കി. പ്രത്യേക സംഘം രൂപവത്കരിച്ച് അന്വേഷണം നടത്താനുള്ള നിർദേശമാണ് ക്രൈംബ്രാഞ്ച് എ.ഡി.ജി.പിക്ക് നൽകിയിരിക്കുന്നത്. കേസ് സി.ബി.ഐക്ക് വിടണമെന്ന ശിപാർശക്കു പിന്നാലെയാണ് ഡി.ജി.പിയുടെ നടപടി. നീക്കം സ്വാഗതം ചെയ്ത കുടുംബം, നീതിയുക്തമായ അന്വേഷണം നടക്കുമെന്ന പ്രതീക്ഷ പങ്കുവെച്ചു.
അന്വേഷണം നീളുന്നതിന്‍റെ കാരണം പൊലീസിന്‍റെ കഴിവുകേടാണെന്ന് കരുതുന്നില്ലെന്നും എന്നാൽ ഇടപെടലുകൾ നടക്കുന്നുണ്ടെന്ന തോന്നലിനെ തുടർന്നാണ് പുതിയ സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ടതെന്നും കുടുംബാംഗങ്ങൾ വ്യക്തമാക്കി. പി.വി. അൻവറിന്‍റെ വെളിപ്പെടുത്തലുകളോടെ കേസ് ഏത് ദിശയിലാകും പോകുകയെന്ന ആശങ്ക ശക്തമായി. ഇടപെടലുകളില്ലാതെ ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്നാണ് പ്രതീക്ഷയെന്നും കുടുംബം പ്രതികരിച്ചു.
കഴിഞ്ഞ വർഷം ആഗസ്റ്റ് 22നാണ് മാമി എന്ന മുഹമ്മദ് ആട്ടൂരിനെ കോഴിക്കോട്ടുനിന്ന് കാണാതായത്. കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എ.ഡി.ജി.പി അജിത് കുമാറിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. എന്നാൽ അന്വേഷണത്തിൽ പുരോഗതിയുണ്ടായില്ല. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എ.ഡി.ജി.പിക്കെതിരെ ആരരോപണമുയർന്നതോടെ കുടുംബം സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് ക്രൈബ്രാഞ്ചിനെ കേസന്വേഷണത്തിന് നിയോഗിച്ചത്.
കോഴിക്കോട് വൈ.എം.സി.എ. ക്രോസ് റോഡിലുള്ള നക്ഷത്ര അപ്പാര്‍ട്ട്‌മെന്റില്‍നിന്ന് 2013 ഓഗസ്റ്റ് 21ന് ഇറങ്ങിയ മുഹമ്മദ് ആട്ടൂരിന്‍റെ മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ 22-ന് ഉച്ചവരെ അത്തോളി പറമ്പത്ത്, തലക്കുളത്തൂര്‍ ഭാഗത്ത് ഉള്ളതായി കണ്ടെത്തിയിരുന്നു. പിന്നീട് എവിടേക്ക് പോയെന്ന് കണ്ടെത്താനായില്ല. ജില്ലയില്‍ പൊലീസ് മൊബൈല്‍ ടവര്‍ ഡംപ് പരിശോധനയും നടത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് വന്‍കിട വ്യവസായികൾ ഉള്‍പ്പെടെ അഞ്ഞൂറോളം പേരെ ചോദ്യംചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.