ചരിത്രമെഴുതി മുജാഹിദ് ഐക്യ മഹാസമ്മേളനം
text_fieldsകോഴിക്കോട്: ഐക്യപാതയില്‍ പുതിയ ചരിത്രമെഴുതി മുജാഹിദ് സംഘടനകള്‍ വീണ്ടും ഒന്നിച്ചു. ഒന്നര പതിറ്റാണ്ടോളം കാലം ഭിന്നിച്ചുനിന്ന ഇരു വിഭാഗം പ്രവര്‍ത്തകര്‍ വീണ്ടും സംഗമിച്ചപ്പോള്‍ കോഴിക്കോട് കടപ്പുറം സാക്ഷിയായത് പുതിയ ചരിത്രപ്പിറവിക്ക്. 14 വര്‍ഷമായി ഭിന്നിച്ചുനിന്ന ശേഷമുള്ള ഐക്യപ്പെടല്‍ ഹൃദയപൂര്‍വം ഏറ്റെടുത്തതിന്‍െറ തെളിവായിരുന്നു കടപ്പുറത്തെ ജനസഞ്ചയം. പരസ്പരം ആലിംഗനം ചെയ്തും കെട്ടിപ്പിടിച്ചുമാണ് പ്രവര്‍ത്തകര്‍ ഐക്യത്തെ എതിരേറ്റത്. സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് ഉച്ചയോടത്തെന്നെ പ്രവര്‍ത്തകര്‍ സമ്മേളന നഗരിയിലേക്ക് ഒഴുകി.
സമ്മേളനത്തിനു മുന്നോടിയായി രാവിലെ സി.ഡി ടവറില്‍ സമ്പൂര്‍ണ കൗണ്‍സില്‍ ചേര്‍ന്ന് മുജാഹിദ് സംഘടനകളുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. 2017 ഡിസംബറില്‍ നടക്കുന്ന മുജാഹിദ് ഒമ്പതാം സംസ്ഥാന സമ്മേളനത്തിന്‍െറ പ്രഖ്യാപനവും ലോഗോ പ്രകാശനവും സമ്മേളനത്തില്‍ നടന്നു.
കെ.എന്‍.എം സംസ്ഥാന പ്രസിഡന്‍റ് ടി.പി. അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്തു. ഭിന്നിപ്പുകള്‍ സ്വാഭാവികമെങ്കിലും വീണ്ടും ഐക്യപ്പെടല്‍ അപൂര്‍വമാണെന്ന് അദ്ദേഹം പറഞ്ഞു. സലഫികള്‍ക്കെതിരെ ഐ.എസുമായി ബന്ധപ്പെടുത്താന്‍ ഗൂഢനീക്കം നടക്കുന്നതായി അദ്ദേഹം പറഞ്ഞു. പ്രസ്ഥാനത്തിനു വേണ്ടി അഹോരാത്രം പ്രവര്‍ത്തിക്കുന്ന എം.എം. അക്ബര്‍ പോലുള്ളവര്‍ ഇക്കാരണത്താല്‍ മാനസിക പീഡനം അനുഭവിക്കുകയാണ്. തുറന്ന പുസ്തകംപോലെ പ്രവര്‍ത്തിച്ച് ആശയസംവാദവുമായി നടന്ന അദ്ദേഹത്തിനെതിരെ അപകടകരമായ സൂചനകള്‍ വരുന്നത് ഉത്കണ്ഠയുണ്ടാക്കുന്നു. ന്യൂനപക്ഷ ഭീതി ഒഴിവാക്കാന്‍ ഭരണകൂടം ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സി.പി. ഉമര്‍ സുല്ലമി അധ്യക്ഷത വഹിച്ചു. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള, കെ.ജെ.യു സെക്രട്ടറി എം. മുഹമ്മദ് മദനി, ഡോ. ഹുസൈന്‍ മടവൂര്‍, എം. സലാഹുദ്ദീന്‍ മദനി, എം. അബ്ദുറഹ്മാന്‍ സലഫി, എ. അസ്ഗറലി, ഹനീഫ് കായക്കൊടി, അബ്ദുല്ലത്തീഫ് കരിമ്പുലാക്കല്‍, അഡ്വ. മായിന്‍കുട്ടി മത്തേര്‍, ഡോ. എ.ഐ. അബ്ദുല്‍ മജീദ് സ്വലാഹി, ഡോ. ജാബിര്‍ അമാനി, അബ്ദുല്‍ ജലീല്‍ മാമാങ്കര, സിറാജ് ചേലേമ്പ്ര, ഡോ. ഫസല്‍ ഗഫൂര്‍, സി.പി. കുഞ്ഞുമുഹമ്മദ് എന്നിവര്‍ സംസാരിച്ചു.
എം.ഐ. ഷാനവാസ് എം.പി, എം.എല്‍.എമാരായ ഡോ. എം.കെ. മുനീര്‍, പി.കെ. അബ്ദുറബ്ബ്, പി.കെ. ബഷീര്‍, കെ.എം. ഷാജി, ഡി.സി.സി പ്രസിഡന്‍റ് അഡ്വ. ടി. സിദ്ദീഖ്, എ.പി. അബ്ദുല്‍ വഹാബ്, പി.കെ. അഹ്മദ്, എച്ച്.ഇ. മുഹമ്മദ് ബാബു സേട്ട്, പി.കെ. കുഞ്ഞബ്ദുല്ല ഹാജി എന്നിവര്‍ സംബന്ധിച്ചു.സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി. ഉണ്ണീന്‍കുട്ടി മൗലവി സ്വാഗതവും നൂര്‍മുഹമ്മദ് നൂര്‍ഷ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.