മലവെള്ളപ്പാച്ചിലിൽ കാണാതായ യുവാവിെൻറ മൃതദേഹം കണ്ടെത്തി
text_fieldsമുക്കം: കൂട്ടുകാരോടപ്പം കൂടരഞ്ഞി ഉറുമി അണക്കെട്ടിനടുത്ത് കുളിക്കാനിറങ്ങി മലവെള്ളപാച്ചിലിൽപ്പെട്ട് കാണാതായ യുവാവിെൻറ മൃതദേഹം കണ്ടെത്തി. മുക്കം നഗരസഭയിലെ പൂളപ്പൊയിൽ പാലാട്ട് പറമ്പിൽ അബ്ദുൽ മജീദ്, റസീന ദമ്പതികളുടെ മകൻ ഹാനി റഹ് മാൻ (18) നാണ് മരണപ്പെട്ടത്. ഇന്നലെ വൈകീട്ടോടെ നിർത്തിയ തിരച്ചിൽ രാവിലെ എട്ട് മണിയോടെയാണ് പുനരാരംഭിച്ചത്.
കനത്ത മഴയും മലവെള്ളപാച്ചിലിന്‍റെ ഭീകരതയും മൂലം പ്രതികൂലമായതിനാൽ ശനിയാഴ്ച്ച വൈകിട്ട് തിരച്ചിൽ നിർത്തിവെച്ചിരുന്നു. മഴക്ക് അൽപ്പം ശമനം വന്നതും, പുഴയുടെ കലി തുള്ളലിനും കുറവു വന്നത് തിരച്ചിലിന് സഹായകമായി. മുക്കം അഗ്നിശമന സേനയിലെ ഓഫീസർ വിജയന്‍റെ നേതൃത്വത്തിലുള്ള സംഘവും വിവിധ സന്നദ്ധസേന ഗ്രൂപ്പുകളുടെ സഹായത്തോടെയും തിരച്ചിൽ നടന്നത്.
ശനിയാഴ്ച്ച ഉച്ചക്കാണ് രണ്ട് ബൈക്കുകളിലായി നാലംഗ സംഘം ഉറുമി ജലവൈദ്യുതി പ്രദേശത്തിന് വിളിപ്പാടകലെ കുളിക്കാനിറങ്ങിയത്. കുളിക്കുന്നതിനിടയിൽ മലമുകളിൽ പെയ്തിറങ്ങിയത് കനത്ത മഴ വെള്ളപ്പാച്ചിലായി പുഴയിലേക്ക് ഒഴുകിയെത്തുകയായിരുന്നു. നാല് പേരും പുഴ മുറിച്ച് കടന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിൽ ഹാനി റഹ് മാൻ പാറക്കെട്ടുകൾക്കിടയിൽ കാല് കുടുങ്ങിയതോടെ അതിവേഗത്തിൽ ഒലിച്ചിറങ്ങുന്ന മലവെള്ളത്തിൽ അകപ്പെടുകയായിരുന്നു.
വിവരമറിഞ്ഞ് നാട്ടുകാരും പൊലീസും മുക്കം അഗ്നിശമനസേനയും തിരച്ചിൽ നടത്തിയെങ്കിലും പ്രതികൂല കാലാവസ്ഥ നിമിത്തം കണ്ടെത്താൻ ഏറെ പ്രയാസപ്പെട്ടു. ഉറുമി ജല പദ്ധതിയുടെ കാഴ്ച്ചകൾ കാണാൻ നിരവധി പേർ വരാറുണ്ട്. ലോക് ഡൗൺ കാരണം സന്ദർശകർ അൽപം കുറഞ്ഞതായി നാട്ടുകാർ പറയുന്നു. തടയണ തീർത്ത് വെള്ളം നിലനിർത്തുന്ന ഭാഗങ്ങളിലും കനാലുകളിലുമൊക്കെ വേണ്ടത്ര കരുതലില്ലാതെ സഞ്ചാരികൾ ഒഴുകിയെത്തുന്നതായി നാട്ടുകാർ ആക്ഷേപം ഉന്നയിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.