മുകേഷ് പറയുന്നത് പച്ചക്കള്ളം, ബ്ലാക്ക് മെയിൽ ചെയ്തെങ്കിൽ എന്തുകൊണ്ട് പരാതിപ്പെട്ട് കേസെടുത്തില്ല? -മിനു മുനീർ
text_fieldsകൊച്ചി: രക്ഷപ്പെടാൻ വേണ്ടി മുകേഷ് പച്ചക്കള്ളം പറയുന്നുവെന്ന് ലൈംഗികാരോപണം ഉന്നയിച്ച നടി മിനു മുനീർ. ബ്ലാക്ക് മെയിൽ ചെയ്ത് പണം ആവശ്യപ്പെട്ടെങ്കിൽ എന്തുകൊണ്ട് എം.എൽ.എയായ മുകേഷ് അന്ന് പൊലീസിൽ പരാതി നൽകിയില്ലെന്നും മിനു ചോദിച്ചു. 'അമ്മ' സംഘടനയിൽ അംഗത്വം വേണമെങ്കിൽ ലൈംഗികമായി വഴങ്ങണമെന്ന് മുകേഷ് ആവശ്യപ്പെട്ടെന്നായിരുന്നു മിനു ഉന്നയിച്ച ആരോപണം.
'എം.എൽ.എയായ ഒരാളെ ഇങ്ങനെ ഫോണിൽ വിളിച്ച് ഒരു സ്ത്രീ പണം ചോദിച്ച് ഭീഷണിപ്പെടുത്തിയെങ്കിൽ അദ്ദേഹം എന്തുകൊണ്ട് പരാതി നൽകിയില്ല? ഇന്ന നമ്പറിൽ നിന്ന് ബ്ലാക്ക് മെയിൽ ചെയ്ത് വിളി വന്നുവെന്ന് പറഞ്ഞ് പരാതി നൽകിയില്ല? ഞാനൊരു ആരോപണം ഉന്നയിച്ചപ്പോൾ അതിന് മറുപടിയായി പറയുന്ന കാര്യങ്ങൾ ശരിയാണോയെന്ന് നിങ്ങൾ ചിന്തിക്കൂ' -മിനു മുനീർ പറഞ്ഞു.
മിനു ബ്ലാക്ക് മെയിൽ ചെയ്ത് പണം ആവശ്യപ്പെട്ടെന്ന് ഇന്ന് സമൂഹമാധ്യമങ്ങളിലൂടെ നൽകിയ വിശദീകരണക്കുറിപ്പിലാണ് മുകേഷ് പറഞ്ഞത്. 2009ൽ സിനിമയിൽ അവസരം തേടുന്നയാൾ എന്ന് സ്വയം പരിചയപ്പെടുത്തിക്കൊണ്ട് ഒരു സ്ത്രീ എന്നെ ഫോണിൽ ബന്ധപ്പെട്ടു. വ്യക്തിപരമായ കൂടിക്കാഴ്ചയ്ക്കായി ഫോട്ടോ ആൽബവുമായി എന്റെ വീട്ടിൽ വന്ന അവർ മീനു കുര്യൻ എന്ന് പരിചയപ്പെടുത്തി. അവസരങ്ങൾക്കായി സഹായിക്കണമെന്ന് അവർ പറഞ്ഞപ്പോൾ സാധാരണ പറയാറുള്ളത് പോലെ ശ്രമിക്കാം എന്ന് പ്രതികരിച്ചു. പിന്നീട് വളരെ കാലത്തേക്ക് അവരെ പറ്റിയുള്ള വിവരങ്ങൾ ലഭ്യമായിരുന്നില്ല. 2022ൽ ഇതേ സ്ത്രീ വീണ്ടും ഫോണിൽ ബന്ധപ്പെടുകയുണ്ടായി. ഇത്തവണ അവർ മീനു മുനീർ എന്നാണ് പരിചയപ്പെടുത്തിയത്. തുടർന്നവർ വലിയൊരു സാമ്പത്തിക സഹായം എന്നോട് ആവശ്യപ്പെട്ടു. ഞാൻ നിസ്സഹായത അറിയിച്ചപ്പോൾ ഒരു ലക്ഷമെങ്കിലും മതിയെന്നായി. ഈ തുക ആവശ്യപ്പെട്ട് എനിക്ക് വാട്സാപ്പിൽ സന്ദേശം അയച്ചു. ഞാൻ പണം നൽകാതിരുന്നതിനെ തുടർന്ന് ഒരു പ്രത്യേക സമുദായത്തിലെ ആളുകളോട് ഇക്കാര്യത്തിൽ ഇടപെടാൻ ആവശ്യപ്പെട്ടതായി ഈ സ്ത്രീ മറ്റൊരു സന്ദേശത്തിൽ എന്നെ അറിയിച്ചു. കുറച്ചു ദിവസങ്ങൾക്ക് ശേഷം ഇവരുടെ ഭർത്താവ് എന്നവകാശപ്പെട്ട് ഫോണിൽ വിളിച്ച് മറ്റൊരാളും വൻ തുക ആവശ്യപ്പെട്ടു. പണം ആവശ്യപ്പെട്ട് നിരന്തരം ബ്ലാക്ക്മെയിൽ ചെയ്ത ഈ സംഘം ഇപ്പോൾ അവസരം ലഭിച്ചപ്പോൾ എനിക്കെതിരെ തിരിഞ്ഞിരിക്കുകയാണ് -മുകേഷ് കുറിപ്പിൽ പറഞ്ഞു.
മുകേഷ് ഉൾപ്പെടെ ഏഴ് പേർക്കെതിരെ മിനു മുനീർ ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണങ്ങൾ അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘത്തിന് പരാതി നൽകിയിരിക്കുകയാണ്. നടന്മാരായ ജയസൂര്യ, മുകേഷ്, ഇടവേള ബാബു, മണിയൻപിള്ള രാജു എന്നിവർക്കും പ്രൊഡക്‌ഷൻ കൺട്രോളർമാരായ നോബിൾ, വിച്ചു, ലോയേഴ്‌സ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റും പ്രൊഡ്യൂസറുമായ അഡ്വ. വി.എസ്. ചന്ദ്രശേഖരൻ എന്നിവർക്കുമെതിരെയാണ് പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.