മുകേഷിന്റെ രാജി തീരുമാനിക്കേണ്ടത് സി.പി.എം -കൊടിക്കുന്നില്‍ സുരേഷ്
text_fieldsതിരുവനന്തപുരം: ലൈംഗിക ആരോപണ വിധയേനായ മുകേഷ് എം.എൽ.എ സ്ഥാനത്ത് തുടരണമോയെന്നത് തീരുമാനിക്കേണ്ടത് സി.പി.എമ്മാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റുമായി കൊടിക്കുന്നില്‍ സുരേഷ് എംപി. വെള്ളയമ്പലം അയ്യങ്കാളി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം.
സിനിമ മേഖലയിലെ ആക്ഷേപങ്ങള്‍ ആദ്യമല്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ഞെട്ടിക്കുന്നതാണ്. അതിന്‍ മേല്‍ സര്‍ക്കാര്‍ ഉടനടി നടപടിയെടുക്കേണ്ടതായിരുന്നു. എന്നാലതിന് പകരം സര്‍ക്കാര്‍ നാലര വര്‍ഷത്തോളം റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചു. കുറ്റാരോപിതരെ സംരക്ഷിക്കാന്‍ ശ്രമിച്ചു. വിവരാവകാശ കമ്മിഷന്റെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് റിപ്പോര്‍ട്ട് സാംസ്‌കാരിക വകുപ്പ് പുറത്തുവിട്ടത്. എന്നാല്‍ കമീഷന്‍ നിർദേശിക്കാത്ത ഭാഗം സര്‍ക്കാര്‍ സ്വമേധയാ വെട്ടിമാറ്റി. അതും ദുരൂഹമാണ്. കുറ്റക്കാരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണം. എത്ര ഉന്നതരായാലും നിയമം നിയമത്തിന്റെ വഴിക്ക് പോകണം. സര്‍ക്കാരതിന് തയാറാകുമോയെന്നത് സംശയമാണ്.
പിന്നോക്ക വിഭാഗങ്ങള്‍ക്കിടയില്‍ ഉപസംവരണം കൊണ്ടുവരാനുള്ള സുപ്രീംകോടതി വിധി ആശങ്കയുണ്ടാക്കുന്നതാണ്. പട്ടികജാതി-പട്ടിക വര്‍ഗ്ഗങ്ങള്‍ക്ക് രാജ്യത്ത് ഇപ്പോഴും സാമൂഹ്യ നീതി അകലെയാണ്. അതുകൊണ്ട് തന്നെ ഇപ്പോള്‍ നിലനില്‍ക്കുന്ന സംവരണം അതേ നിലയില്‍ തുടരണം. പട്ടികജാതി-പട്ടിക വര്‍ഗ്ഗങ്ങള്‍ക്ക് ഇടയില്‍ മേല്‍ത്തട്ട് നടപ്പാക്കാനുള്ള കോടതി വിധിക്കെതിരെ നിയമം കൊണ്ടുവരാന്‍ പാര്‍ലമെന്റ് തയാറാകണം.
കേന്ദ്ര സര്‍ക്കാര്‍ അതിന് മുന്‍കൈയെടുക്കുമെന്നാണ് പ്രതീക്ഷയെന്നും കൊടിക്കുന്നില്‍ പറഞ്ഞു. പിന്നോക്ക വിഭാഗങ്ങളുടെ പുരോഗതിക്കായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒരു ഇടപെടലും നടത്തുന്നില്ല. ഭരണഘടനാപരമായ ലഭിക്കേണ്ട അവകാശങ്ങള്‍ പോലും നിഷേധിക്കുകയാണെന്നും കൊടിക്കുന്നില്‍ സുരേഷ് കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.