മുകേഷിന്റെ രാജി: സി.പി.ഐ രണ്ടുതട്ടിൽ; സി.പി.എമ്മുമായി തർക്കമില്ലെന്ന് ബിനോയ് വിശ്വം
text_fieldsതിരുവനന്തപുരം: നടൻ മുകേഷ് എം.എൽ.എയുടെ രാജി ആവശ്യത്തെ ചൊല്ലി സി.പി.ഐയിൽ ഭിന്നത. മുകേഷിന്‍റെ രാജി പരസ്യമായി ആവശ്യപ്പെട്ട ദേശീയ നേതാവ് ആനി രാജയെ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തള്ളി. ബലാത്സംഗ കേസിൽ പ്രതിയായ ആൾ ഇടത് എം.എൽ.എയായി തുടരുന്നത് ശരിയല്ലെന്ന അഭിപ്രായം മുതിർന്ന നേതാവ് പ്രകാശ് ബാബുവും തുറന്നുപറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന സി.പി.ഐ സംസ്ഥാന നേതൃയോഗത്തിലും മുകേഷിന്‍റെ രാജി അനിവാര്യമെന്ന നിലപാടിനായിരുന്നു മുൻതൂക്കം.
എന്നാൽ, സി.പി.എം എം.എൽ.എയുടെ രാജി അവർ തീരുമാനിക്കട്ടെയെന്നും സി.പി.ഐ പരസ്യ അഭിപ്രായം പറഞ്ഞ് പ്രതിസന്ധിക്ക് ആക്കംകൂട്ടേണ്ടെന്നുമാണ് ബിനോയ് വിശ്വത്തിന്‍റെ നിലപാട്. മുകേഷിന്‍റെ രാജിക്ക് തിരക്ക് കൂട്ടേണ്ടെന്നും സമാന കേസിൽ പ്രതികളായ കോൺഗ്രസ് എം.എൽ.എമാർ സ്ഥാനമൊഴിഞ്ഞിട്ടില്ലെന്നും നേരത്തേ ചൂണ്ടിക്കാട്ടിയ ബിനോയ് വിശ്വം സി.പി.എം നിലപാടിനോട് ചേർന്നുനിൽക്കുകയാണ്.
മുകേഷിന്‍റെ രാജി പ്രതിപക്ഷം പോലും ശക്തമായി ആവശ്യപ്പെടാതിരിക്കെ, സി.പി.ഐ നേതാക്കൾ നടത്തിയ പരസ്യ പ്രതികരണത്തിൽ പിണറായി വിജയൻ ബിനോയ് വിശ്വത്തെ അതൃപ്തി അറിയിച്ചതായാണ് വിവരം. ഇതേതുടർന്നാണ് വെള്ളിയാഴ്ച ആലപ്പുഴയിൽ മാധ്യമങ്ങളെ കണ്ടപ്പോൾ ബിനോയ് വിശ്വം ആനി രാജയെ തള്ളിപ്പറഞ്ഞത്.
സി.പി.എമ്മുമായി തർക്കമില്ല -ബിനോയ് വിശ്വം
ആലപ്പുഴ: എം. മുകേഷ് എം.എൽ.എയുടെ രാജിയുമായി ബന്ധപ്പെട്ട് സി.പി.എമ്മും സി.പി.ഐയും തമ്മിലെ തർക്കമെന്നത് വ്യാമോഹം മാത്രമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ആനിരാജ എൻ.എഫ്.ഐ.ഡബ്ല്യു നേതാവും പാർട്ടി ദേശീയ സെക്രട്ടറിേയറ്റ് അംഗവുമാണ്. കേരളത്തിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട കാര്യം പറയാൻ ഇവിടെ സംസ്ഥാന നേതൃത്വവും സെക്രട്ടറിയുമുണ്ട്. അത് എല്ലാവർക്കും ബോധ്യമുള്ള അടിസ്ഥാന പാഠമാണ്. ആനിരാജയെ തള്ളുകയാണോയെന്ന ചോദ്യത്തിന് നിങ്ങൾ എഴുതാപ്പുറം വായിക്കുകയാണെന്നായിരുന്നു മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.