മുകേഷിന്റെ രാജി: മാർച്ച്, സംഘർഷം
text_fieldsകൊല്ലം: എം. മുകേഷ് എം.എൽ.എക്ക് എതിരെ ഉയരുന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം. രണ്ട് ദിവസമായി പ്രതിപക്ഷ സംഘടനകൾ പ്രതിഷേധവുമായി രംഗത്തുണ്ട്. എം.എൽ.എയുടെ വീട്ടിലേക്ക് മാർച്ചുൾപ്പെടെ നടത്തി രാജിയാവശ്യം ശക്തമാക്കുകയാണ് പ്രതിഷേധക്കാർ. യൂത്ത് കോൺഗ്രസ്, മഹിള കോണ്‍ഗ്രസ്, ആർ.എസ്.പി. യുവമോർച്ച എന്നീ സംഘടനകളാണ് തിങ്കളാഴ്ച മാർച്ച് നടത്തിയത്.
രാജിവെച്ചില്ലെങ്കിൽ പുറത്താക്കണം -യൂത്ത് കോൺഗ്രസ്
യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ എം. മുകേഷ് എം.എൽ.എയുടെ ഓഫിസിലേക്ക് മാർച്ച് നടത്തി. മുകേഷിന് നേരെയുള്ള ഇരകളുടെ പീഡന ആരോപണങ്ങൾ ഒന്നൊന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണെന്നും സ്ത്രീ സുരക്ഷയെക്കുറിച്ച് വാചാലനാകുന്ന പിണറായിയുടെ മാനസപുത്രനാണ് മുഖ്യപീഡകൻ മുകേഷെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു. മുകേഷ് സ്വയം രാജിവച്ച് ഒഴിയണം. അല്ലെങ്കിൽ എം.എൽ.എ സ്ഥാനത്തുനിന്ന് പുറത്താക്കാൻ മുഖ്യമന്ത്രി നടപടി സ്വീകരിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
മാർച്ച് സംസ്ഥാന വൈസ് പ്രസിഡൻറ് വിഷ്ണു സുനിൽ പന്തളം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് റിയാസ് ചിതറ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ അസൈൻ പള്ളിമുക്ക്, ശരത് മോഹൻ, നേതാക്കളായ കൗശിക് എം. ദാസ്, ഒ.ബി. രാജേഷ്, ആഷിക് ബൈജു, ഉല്ലാസ് ഉളിയക്കോവിൽ, അസ്ന അർഷാദ്, അനസ് ഇരവിപുരം, നസ്മൽ കലത്തിക്കാട്, ഹർഷാദ് മുതിരപ്പറമ്പ്, അജ്മൽ പള്ളിമുക്ക്, സിയാദ് ഇരവിപുരം, സെയ്താലി, ഗോകുൽ കടപ്പാക്കട, രമേഷ് കടപ്പാക്കട, മഹേഷ് മനു, അജു ചിന്നക്കട, സുദർശൻ എന്നിവർ സംസാരിച്ചു.
‘റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചത് മുകേഷിനെ സംരക്ഷിക്കാന്‍’
സിനിമ മേഖലയിലെ അതിക്രമങ്ങളെ തുറന്നുകാട്ടിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചത് മുകേഷ് എം.എല്‍.എയെ സംരക്ഷിക്കാനെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി അംഗം ബിന്ദു കൃഷ്ണ. മഹിള കോണ്‍ഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുകേഷിന്റെ വസതിയിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. മുകേഷിന് ജനപ്രതിനിധിയായി തുടരാന്‍ ധാര്‍മിക അവകാശമില്ലെന്നും ബിന്ദുകൃഷ്ണ കൂട്ടിച്ചേര്‍ത്തു. കൊല്ലം പോളയത്തോട്ടത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച് മുകേഷ് എം.എല്‍.എയുടെ വീടിനു സമീപത്ത് പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. ബാരികേഡ് തകര്‍ത്ത മഹിള കോണ്‍ഗ്രസുകാര്‍ മുകേഷിന്റെ കോലം കത്തിച്ചു.
ജില്ല പ്രസിഡന്റ് ഫേബ സുദര്ശനന് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് യു. വഹീദ, പ്രഭ അനില്‍, മാരിയത്ത്, സിസിലി ജോബ്, സരസ്വതി പ്രകാശ്, നെല്ലിക്കുന്നം സുലോചന, സുബി നുജ്ഉം, സി. സുവര്‍ണ, കുമാരി രാജേന്ദ്രന്, ശോഭ പ്രശാന്ത്, രേഖ ഉല്ലാസ്, ചിന്നുമോള്, സിന്ധു കുമ്പളം, ഗ്രേസി എഡ്ഗര്‍, ജയശ്രീ, അസൂറ, രാഗിണി, ഇന്ദിര, സിന്ധു ഗോപന്, ചിന്നുമോള് എന്നിവര്‍ നേതൃത്വം നല്കി.
എം.എല്‍.എയുടെ വീട്ടിലേക്ക് യുവമോര്‍ച്ച മാർച്ച്
സിനിമ മേഖലയിലെ നടിമാരോട് മോശമായി പെരുമാറിയെന്ന ആരോപണ പശ്ചാത്തലത്തില്‍ എം. മുകേഷ് എം.എല്‍.എക്കെതിരെ യുവമോര്‍ച്ച പ്രതിഷേധം. എം.എല്‍.എയുടെ വീട്ടിലേക്ക് യുവമോര്‍ച്ച ഇരവിപുരം നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം. അമ്മനടയില്നിന്ന് ആരംഭിച്ച മാര്‍ച്ച് എം. മുകേഷിന്റെ വീടിനു സമീപം ബാരിക്കേഡ് വെച്ച് പൊലീസ് തടഞ്ഞു. ബാരിക്കേഡ് മറികടക്കാനുള്ള യുവമോര്‍ച്ച പ്രവര്‍ത്തകരുടെ ശ്രമം സംഘര്‍ഷത്തിനിടയാക്കി. ബി.ജെ.പി ജില്ല ജനറല്‍ സെക്രട്ടറി എസ്. പ്രശാന്ത് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. മുകേഷ് എം.എല്‍.എ സ്ഥാനം രാജിവെച്ച് അന്വേഷണം നേരിടാന്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി ഇരവിപുരം മണ്ഡലം പ്രസിഡന്റ് ഹരീഷ് തെക്കേടം മുഖ്യപ്രഭാഷണം നടത്തി. യുവമോര്‍ച്ച ജില്ല ജനറല്‍ സെക്രട്ടറി അഭിഷേക് അധ്യക്ഷത വഹിച്ചു. പട്ടത്താനം ബാബു, സുബിന്, ശബരി എന്നിവര്‍ നേതൃത്വം നൽകി.
ആർ.എസ്.പി പ്രതിഷേധ സമരം
മുകേഷ് എം.എൽ.എയുടെ രാജിയാവശ്യപ്പെട്ട് ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫിസിനു മുന്നിൽ ആർ.എസ്.പി ജില്ല കമ്മിറ്റി പ്രതിഷേധ സമരം നടത്തി. ജില്ല സെക്രട്ടറി കെ.എസ്. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് നാലുവർഷം പൂഴ്ത്തിവെച്ചത് ചിലരെ രക്ഷിക്കാനാണെണെന്നും മുകേഷ് എം.എൽ.എ ആണെന്ന് പറയുന്നത് സാംസ്കാരിക കേരളത്തിന് അപമാനമാണും അദ്ദേഹം പറഞ്ഞു.
സി.പി.എം മുകേഷിനോട് എം.എൽ.എ സ്ഥാനത്തുനിന്നും രാജിവെക്കാൻ ആവശ്യപ്പെടേണ്ടതാണ്. അതിനു തയാറല്ലെങ്കിൽ ശക്തമായ പ്രതിഷേധങ്ങളെ സർക്കാറിന് നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ഇടവനശ്ശേരി സുരേന്ദ്രൻ, കുരീപ്പുഴ മോഹനൻ, ജസ്റ്റിൻ ജോൺ, ടി.കെ. സുൽഫി, കൈപ്പുഴ റാം മോഹൻ, പാങ്ങോട് സുരേഷ്, എം.എസ്. ഗോപകുമാർ, ആർ. സുനിൽ, ഉല്ലാസ് കോവൂർ, സജീ ഡി. ആനന്ദ്, എൻ. നൗഷാദ്, എൽ. ബീന, ഞാറക്കൽ സുനിൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.