മുക്കം ആസിഡ് ആക്രമണം; പ്രതി കോടതിയിൽ കീഴടങ്ങി
text_fieldsമുക്കം: കാരശേരി കുമാരനല്ലൂർ സ്വദേശിയായ യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തി കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തിലെ പ്രതി കോടതിയിൽ കീഴടങ്ങി. മാവൂര്‍ കണ്ണിപറമ്പ് സ്വദേശി അരണപ്പുറത്ത് സുഭാഷ് (43) ആണ് താമരശ്ശേരി മജിസ്‌ട്രേറ്റ് കോടതിയിൽ കീഴടങ്ങിയത്. പ്രതി വിദേശത്തേക്ക് കടന്നതായ സൂചനയെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് അഭിഭാഷകനൊപ്പം കോടതിയില്‍ എത്തി കീഴടങ്ങിയത്.
കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് ആറോടെയാണ് കേസിനാസ്പദമായ സംഭവം. കാരശ്ശേരി കുമാരനല്ലൂർ സ്വദേശി സ്വപ്നക്ക് (31) നേരെ പ്രതി ആസിഡ് ആക്രമണം നടത്തുകയും ഇരു ചെവികളുടെ പിറകിലും, കാലിലും, കൈകൾക്കും കുത്തി പരിക്കേൽപ്പിക്കുകയുമായിരുന്നു. മുക്കം ഗോതമ്പ് റോഡിലെ സ്വകാര്യ ഹോമിയോ ക്ലിനിക്കിലെ ജീവനക്കാരിയായ സ്വപ്ന വൈകീട്ട് വീട്ടിലേക്ക് വരുന്നതിനിടെയായിരുന്നു ആക്രമണം. സാരമായി പരിക്കേറ്റ യുവതി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രതിയെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. മൊബൈല്‍ ഫോണോ, സമൂഹമാധ്യമങ്ങളോ ഉപയോഗിക്കാത്ത പ്രതിയെ കുറിച്ച് പൊലീസിന് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. വിദേശത്തേക്ക് കടക്കുമെന്ന് സൂചനയുണ്ടായിരുന്നു. പാസ്പോർട്ടിന്‍റെ കോപ്പി ലഭിക്കാത്തതിനാൽ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനും സാധിച്ചിരുന്നില്ല.
സുഭാഷ് വിദേശത്തേക്ക് കടന്നുവെന്നായിരുന്നു പൊലീസ് നിഗമനം. ഇതിനിടെയാണ് കീഴടങ്ങിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. തുടരന്വേഷണത്തിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.