മുകുന്ദേട്ടന്‍ തുന്നിയെടുക്കുന്നത് വിസ്മയ രൂപങ്ങള്‍
text_fieldsകോഴിക്കോട്: വയോജനദിനത്തില്‍ മാനാഞ്ചിറ ബി.ഇ.എം സ്കൂളില്‍ സാമൂഹിക സുരക്ഷാ മിഷന്‍ നടത്തിയ പരിപാടികള്‍ക്കിടയില്‍ ഒരു പ്രദര്‍ശന സ്റ്റാളുണ്ടായിരുന്നു. വര്‍ണനൂലുകളാല്‍ കരവിരുതുകള്‍ കൊണ്ട് മുകുന്ദേട്ടന്‍ എന്ന മേടപ്പറമ്പത്ത് മുകുന്ദന്‍ തീര്‍ക്കുന്ന അലങ്കാരവസ്തുക്കളുടെയും നിത്യോപയോഗ സാധനങ്ങളുടെയും പ്രദര്‍ശനം.
മൊബൈല്‍ കവര്‍, ചെറിയ ബാഗ്, ലേഡീസ് പൗച്ച്, ചവിട്ടി, മേശവിരി, സോക്സ്, മങ്കി കാപ് തുടങ്ങി മുകുന്ദന്‍െറ കൈത്തുന്നലില്‍ വിടരാത്ത വസ്തുക്കളില്ല. ആവശ്യവസ്തുക്കളോടൊപ്പം ചെറിയ അലങ്കാരപ്പണികളും അദ്ദേഹം ചെയ്യുന്നുണ്ട്. വൂളന്‍, നൈലോണ്‍, സില്‍ക്ക്, കോട്ടണ്‍, പോളിസ്റ്റര്‍ തുടങ്ങി ഏതുതരം നൂലായാലും അതുകൊണ്ടുള്ള തുന്നല്‍പണി മുകുന്ദന് ഏറെയെളുപ്പമാണ്.
20 വര്‍ഷമായി കൈത്തുന്നലില്‍ സജീവമാണ് ഇദ്ദേഹം. പോളിഷിങ്ങും പെയിന്‍റിങ്ങുമായിരുന്നു ജീവിതവൃത്തി. മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സില്‍ ഏറെക്കാലം ജോലിനോക്കി. ശ്വാസകോശ സംബന്ധമായ അസുഖങ്ങളത്തെുടര്‍ന്ന് സ്വയം ജോലിയില്‍നിന്ന് വിരമിക്കുകയായിരുന്നു. ഒരുപാട് വസ്തുക്കള്‍ ഒരുക്കിയിട്ടുണ്ടെങ്കിലും അവയൊന്നും വിറ്റ് വരുമാനം നേടാന്‍ അദ്ദേഹം തയാറല്ല. ഈ വര്‍ഷം നടന്ന ഗ്രാമീണ ഗവേഷക സംഗമത്തിലുള്‍പ്പെടെ പലയിടത്തും തന്‍െറ ഉല്‍പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ചു.
അടുത്ത ജനുവരിയില്‍ ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ളേജില്‍ നൂല്‍ വസ്തുക്കള്‍ പ്രദര്‍ശിപ്പിക്കാനും സംഘാടകരുടെ നിര്‍ദേശപ്രകാരം താല്‍പര്യമുള്ളവര്‍ക്ക് പരിശീലനം നല്‍കാനും ഒരുങ്ങുകയാണ് ഇദ്ദേഹം. ഇതിനുമുമ്പും നിരവധിപേര്‍ക്ക് കൈത്തുന്നലില്‍ പരിശീലനം നല്‍കിയിട്ടുണ്ട്.
മെഡിക്കല്‍ കോളജിനടുത്ത് മായനാട് പുത്തന്‍പറമ്പിലാണ് ഭാര്യ പത്മിനിയോടും മകന്‍ ഷാജി മുകുന്ദനോടുമൊപ്പമാണ് താമസം. മകള്‍ ഷീജയും അച്ഛന്‍െറ വഴിയേ തുന്നല്‍പ്പണിയില്‍ വൈദഗ്ധ്യം കാണിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.