മുളന്തുരുത്തി പള്ളി ഏറ്റെടുത്തു; പ്രതിഷേധിച്ച 500 പേർ അറസ്റ്റിൽ
text_fieldsകൊച്ചി: ഹൈകോടതി വിധിയുടെ പശ്ചാത്തലത്തിൽ എറണാകുളം മുളന്തുരുത്തി മാർത്തോമൻ കത്തീഡ്രൽ ജില്ലാ ഭരണകൂടം ഏറ്റെടുത്തു. ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ മോർ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത, മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത എന്നിവരടക്കം 500 ഒാളം യാക്കോബായ വിശ്വാസികളെ പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിയുടെ ഗേറ്റ് പൊളിച്ച് അകത്ത് കയറിയാണ് ഏറ്റെടുക്കൽ നടപടി പൂർത്തിയാക്കിയത്.
പൊലീസ് ഇന്ന് രാവിലെ 5.30 ഓടെയാണ് പള്ളിയിലെത്തിയത്. സ്ത്രീകൾ ഉൾപ്പെടെയുള്ള വിശ്വാസികളെ ബലമായി നീക്കം ചെയ്യാൻ പൊലീസ് ശ്രമിച്ചത് സംഘർഷത്തിനിടയാക്കി.
സുപ്രീംകോടതി വിധിയെ തുടര്‍ന്ന് നേരത്തേയും പള്ളി ഏറ്റെടുക്കാന്‍ പൊലീസ് എത്തിയിരുന്നു. എന്നാൽ പ്രതിഷേധത്തെ തുടര്‍ന്ന് പിന്മാറേണ്ടിവന്നു. ഇതോടെ എതിർകക്ഷിയായ ഓര്‍ത്തഡോക്സ് സഭ വീണ്ടും ഹൈകോടതിയെ സമീപിച്ചു. തുടർന്ന് എത്രയും പെട്ടെന്ന് പള്ളി ഏറ്റെടുക്കണമെന്ന് കോടതി ഉത്തരവിടുകയായിരുന്നു. കോടതി നല്‍കിയ സമയം ഇന്ന് അവസാനിക്കാനിക്കുകയാണ്.
അതേസമയം, പൊലീസ് അതിക്രമത്തിനെതിരെ തിങ്കളാഴ്ച കരിദിനമായി ആചരിക്കാൻ യാക്കോബായ സുറിയാനി സഭ ആഹ്വാനം ചെയ്തു. സഭയുടെ എല്ലാ ദൈവാലയങ്ങളിലും കറുത്ത കൊടികൾ കെട്ടി പള്ളിമണികൾ മുഴക്കി സഭയുടെ പ്രതിഷേധം ശക്തമായി അറിയിക്കണമെന്ന് മെത്രാപ്പോലീത്തൻ ട്രസ്റ്റി മോർ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത ആഹ്വാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.