രണ്ടാം കുരുക്ഷേത്രയുദ്ധമെന്ന് ആൻറണി; ജന മഹായാത്രക്ക് ഉജ്ജ്വല തുടക്കം
text_fieldsകാസർകോട്: രാജ്യത്തിെൻറ മതേതരത്വവും ജനാധിപത്യ മൂല്യങ്ങളും സംരക്ഷിക്കാൻ ആഹ്വാനം ചെയ്ത് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജന മഹായാത്രക്ക് ഉജ്ജ്വല തുടക്കം. നൂറുകണക്കിന് പ്രവർത്തകരെയും നേതാക്കളെയും സാക്ഷിനിർത്തി എ.െഎ.സി.സി പ്രവർത്തക സമിതിയംഗം എ.കെ. ആൻറണി മുല്ലപ്പള്ളി രാമചന്ദ്രന് പതാക കൈമാറി യാത്ര ഉദ്ഘാടനം ചെയ്തു.
കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നടപടികൾക്കും അക്രമരാഷ്ട്രീയത്തിനുമെതിരെ പ്രചാരണത്തിനും മതേതരത്വ സംരക്ഷണം, വിശ്വാസ സംരക്ഷണം, കേരളത്തിെൻറ സമഗ്രപുരോഗതി എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയുമാണ് യാത്ര നടത്തുന്നത്. ആസന്നമായ ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രസംഗങ്ങളും ചാനൽ ചർച്ചകളും പ്രസ്താവനകളും കേന്ദ്രീകരിച്ചുള്ള പ്രവർത്തനം മാത്രംപോരെന്ന് ആൻറണി പറഞ്ഞു.
കോൺഗ്രസ് നേതാക്കളും പ്രവർത്തകരും താഴേത്തട്ടിൽ നിരന്തരമായ പ്രവർത്തനം നടത്തണം. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പ് രണ്ടാം കുരുക്ഷേത്ര യുദ്ധമാണ്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കൗരവപ്പടയെയാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നേരിടുന്നത്. കൗരവപ്പടയെ നിലം പരിശാക്കാന്‍ കോണ്‍ഗ്രസിനും മറ്റ് മതേതര ശക്തികള്‍ക്കും ശക്തിപകരണം. മോദിയെ സര്‍ക്കാറിനെ താഴെയിറക്കുന്നതിനൊപ്പം പിണറായി സര്‍ക്കാറിനുള്ള ഷോക്കുമായിരിക്കണം തെരെഞ്ഞടുപ്പ് ഫലം. ലോക്സഭ തെരഞ്ഞെടുപ്പ് അധികാര കൈമാറ്റത്തിനു മാത്രമല്ല; ജനാധിപത്യത്തെയും ജനാധിപത്യ മൂല്യങ്ങളെയും സംരക്ഷിക്കാനുമുള്ളതാണ്-അദ്ദേഹം പറഞ്ഞു.
കെ.പി.സി.സി വർക്കിങ് പ്രസിഡൻറ് കെ. സുധാകരൻ അധ്യക്ഷത വഹിച്ചു. എ.െഎ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി, കെ.സി. വേണുഗോപാൽ എം.പി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി വർക്കിങ് പ്രസിഡൻറ് കൊടിക്കുന്നിൽ സുരേഷ്, എ.ഐ.സി.സി സെക്രട്ടറി പി.സി. വിഷ്ണുനാഥ്, യു.ഡി.എഫ് കൺവീനർ ബെന്നി ബെഹന്നാൻ, കെ.സി. അബു, ഷാനിമോൾ ഉസ്മാൻ, സി.പി. ജോൺ, ജോണി നെല്ലൂർ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.