മുല്ലപ്പെരിയാർ: നടപടിയാവശ്യപ്പെട്ട് സ്റ്റാലിന് മുഖ്യമന്ത്രിയുടെ കത്ത്
text_fieldsതിരുവനന്തപുരം: നീരൊഴുക്ക് ശക്തമായ മുല്ലപ്പെരിയാറിൽ ജലനിരപ്പ് കുറക്കാൻ നടപടിയെടുക്കാൻ നിർദേശിക്കണമെന്നും സ്വീകരിക്കുന്ന നടപടികൾ 24 മണിക്കൂർ മുൻകൂട്ടി കേരളത്തെ അറിയിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് കത്തയച്ചു.
കുറെ ദിവസങ്ങളിലായി കേരളത്തിൽ കനത്ത മഴ പെയ്യുകയാണ്. ഇടുക്കിയടക്കം നിരവധി ജില്ലകൾ റെഡ് അലർട്ടിലാണ്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136 അടിയായി. അണക്കെട്ടിലേക്ക് നീരൊഴുക്ക് ശക്തിപ്പെട്ടാൽ ജലനിരപ്പ് അതിവേഗം ഉയരും.
മഴ മുന്നറിയിപ്പിന്‍റെ സാഹചര്യത്തിൽ ജലനിരപ്പ് അടിയന്തരമായി സുരക്ഷിത തലത്തിലേക്ക് താഴ്ത്താൻ അടിയന്തര ഇടപെടൽ വേണം. അണക്കെട്ട് തുറക്കുന്ന വിവരം 24 മണിക്കൂർ മുമ്പ് അറിയിക്കണം. താഴ്ഭാഗത്തുള്ള ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനാവശ്യമായ നടപടി സ്വീകരിക്കാൻ വേണ്ടിയാണിതെന്നും മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കി. വിഷയത്തിൽ ചീഫ് സെക്രട്ടറിയും ജലവിഭവ മന്ത്രിയും കഴിഞ്ഞ ദിവസം തമിഴ്നാടിന് കത്ത് നൽകിയിരുന്നു.
കഴിഞ്ഞ വർഷം കൃത്യമായ മുന്നറിയിപ്പുകൾ നൽകാതെ രാത്രി സമയത്ത് തമിഴ്നാട് മുല്ലപ്പെരിയാർ ഷട്ടറുകൾ തുറന്നത് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. പുഴയിലെ ജലനിരപ്പ് വർധിച്ച് പല വീടുകളിലും വെള്ളം കയറിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.