മുല്ലപ്പെരിയാർ അണക്കെട്ട് തമിഴ്നാടിന്റെ സ്വന്തം, അവകാശങ്ങൾക്കായി പോരാടും- ഒ.പന്നീർശൽവം
text_fieldsകുമളി: മുല്ലപ്പെരിയാർ അണക്കെട്ട് തമിഴ്നാടിൻ്റെ സ്വന്തമാണെന്നും ജലനിരപ്പ് ഉയർത്തുന്നതിനുള്ള അവകാശം തമിഴ്നാടിനാണെന്നും ഇതിനായി പോരാട്ടം തുടരുമെന്നും തമിഴ്നാട് മുൻ ഉപമുഖ്യമന്ത്രി ഒ.പന്നീർശൽവം പറഞ്ഞു.
മുല്ലപ്പെരിയാർ പ്രശ്നത്തിൽ കേരള -തമിഴ്നാട് സർക്കാരുകൾക്കെതിരെ തേനി ജില്ലയിലെ കമ്പത്ത് എ.ഐ.എ.ഡി.എം.കെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഉത്ഘാടനം ചെയ്യുകയായിരുന്നു പന്നീർശൽവം.
മുല്ലപ്പെരിയാറിൽ 142 അടി ജലനിരപ്പ് നിലനിർത്തിയത് ജയലളിത സർക്കാർ മാത്രമാണ്. അണക്കെട്ടിന് ബലക്ഷയമില്ലന്ന് വിദഗ്ധ സംഘം വ്യക്തമാക്കിയതാണ്. എന്നാൽ 2000 മുതൽ കേരളം വ്യാജ പ്രചരണം നടത്തുകയാണെന്ന് പന്നീർശൽവം ആരോപിച്ചു.
അണക്കെട്ടിനു സമീപത്തെ ബേബി ഡാം ബലപ്പെടുത്തുന്നതിനായി ജയലളിത സർക്കാർ 6.50 കോടി രൂപ അനുവദിച്ചു. ബേബി ഡാം ബലപ്പെടുത്തിയ ശേഷം ജലനിരപ്പ് 152 അടിയാക്കി ഉയർത്താനാണ് മുൻ സർക്കാർ ശ്രമം നടത്തിയിരുന്നതെന്നും ഇപ്പോഴത്തെ സർക്കാർ കേരളവുമായി ചേർന്ന് ജലനിരപ്പ് ഘട്ടം ഘട്ടമായി കുറയ്ക്കുകയാണ് ചെയ്യുന്നതെന്നും പന്നീർശൽവം കുറ്റപ്പെടുത്തി.
മുല്ലപ്പെരിയാർ പ്രശ്നത്തിൽ കൃത്യമായ മറുപടിഇല്ലാത്ത മന്ത്രി ദുരൈ മുരുകൻ ഇല്ലാ കഥകൾ പറഞ്ഞ് ശ്രദ്ധ തിരിക്കുകയാണെന്നും അണക്കെട്ടിൻമേലുള്ള അവകാശം നില നിർത്താൻ പോരാട്ടം തുടരുമെന്നും പന്നീർശൽവം വ്യക്തമാക്കി.യോഗത്തിൽ തേനി എം പി.രവീന്ദ്രനാഥ് ഉൾപ്പടെ നിരവധി നേതാക്കൾ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.