മുല്ലപ്പെരിയാറിൽ വീണ്ടും വാക്പോര്
text_fieldsതിരുവനന്തപുരം: നിയമപോരാട്ടങ്ങൾ തുടരുന്നതിനിടെ, തമിഴ്നാട് മന്ത്രിയുടെ പ്രതികരണത്തെച്ചൊല്ലി മുല്ലപ്പെരിയാർ വിഷയം വീണ്ടും ചൂടുപിടിക്കുന്നു. അണക്കെട്ടിന്റെ ജലനിരപ്പ് 152 അടിയാക്കുമെന്ന തമിഴ്നാട് മന്ത്രി ഐ. പെരിയസാമിയുടെ പ്രതികരണമാണ് വീണ്ടും വിഷയം സജീവ ചർച്ചയാക്കുന്നത്. തമിഴ്നാട് മന്ത്രിയുടെ പ്രതികരണത്തിന് പിന്നാലെ, ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ കേരളത്തിന്റെ നിലപാടും വ്യക്തമാക്കി. മുല്ലപ്പെരിയാറിൽ അറ്റകുറ്റപ്പണിക്ക് അനുമതി നൽകി കേരളം ഉത്തരവിറക്കി ഒരാഴ്ചക്കകമാണ് ഡാമിലെ ജലനിരപ്പ് ഉയർത്തുമെന്ന തമിഴ്നാട് മന്ത്രിയുടെ പ്രഖ്യാപനം.
വിഷയത്തിൽ സംയമനത്തോടെ മുന്നോട്ടുപോകണമെന്ന നിലപാടാണ് കേരളത്തിനുള്ളത്. അതേസമയം പുതിയ ഡാം എന്ന ആവശ്യത്തിലടക്കം തുടർനടപടികളിൽ പിന്നാക്കം പോകേണ്ടതില്ലെന്ന തീരുമാനത്തിൽ തന്നെയാണ് സംസ്ഥാനം. ഡാമിൽ അറ്റകുറ്റപ്പണി നടത്താനായി തമിഴ്നാടിന് അനുമതി നൽകിയ കേരള ജലവിഭവ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പുതിയ ഡാമിന്റെ കാര്യം എടുത്തുപറയുന്നുണ്ട്. എഴ് നിർമാണ പ്രവർത്തനങ്ങൾക്കാണ് അനുമതി നൽകിയത്. പുതിയ ഡാം നിർമിക്കുന്നതുവരെയാണ് അനുമതിയെന്നാണ് ഉത്തരവിലെ ഒന്നാമത്തെ വ്യവസ്ഥ. ഉത്തരവിൽ പുതിയ ഡാമിന്റെ കാര്യം പരാമർശിച്ചതിനോട് തമിഴ്നാടിന് താൽപര്യമുണ്ടാകാനിടയില്ല. നിലവിൽ അനുമതി നൽകിയ പ്രവൃത്തികളിൽ കൂടുതൽ ഡാം സൈറ്റിൽ നടത്താൻ പാടില്ല, രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെ മാത്രം നിർമാണ ജോലികൾ നടത്തുക തുടങ്ങിയ നിർദേശങ്ങളും കേരളം നൽകിയിട്ടുണ്ട്. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ കേരള സന്ദർശനത്തിന് തൊട്ടുമുമ്പാണ് തമിഴ്നാടിന് അറ്റകുറ്റപ്പണിക്കുള്ള അനുമതി നൽകി കേരളം ഉത്തരവിറക്കിയത്.
നിലവിൽ 142 അടി വരെയാണ് അനുവദനീയ ജലനിരപ്പ്. ഡി.എം.കെയുടെ ഭരണത്തിൽ ഇത് 152 അടിയാക്കുമെന്ന തമിഴ്നാട് മന്ത്രിയുടെ പ്രഖ്യാപനം കേരളം ഗൗരവത്തോടെയാണ് കാണുന്നത്. തമിഴ്നാട്ടിൽ മുല്ലപ്പെരിയാർ വീണ്ടും സജീവമാക്കി നിർത്തുന്നതുവഴിയുള്ള രാഷ്ട്രീയ താൽപര്യങ്ങളും പ്രസ്താവനക്ക് പിന്നിലുള്ളതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. അതേസമയം മുല്ലപ്പെരിയാറിൽ പുതിയ ഡാം ആവശ്യവുമായി കേരളം മുന്നോട്ടുപോകുകയാണ്. 1300 കോടിയോളം രൂപ ചെലവ് കണക്കാക്കുന്ന പുതിയ ഡാമിന്റെ ഡി.പി.ആർ ഇതിനകം തയാറായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.