മുല്ലപ്പെരിയാർ ഡാം: ഉപസമിതി സന്ദർശനം തമിഴ്നാട് ഉദ്യോഗസ്ഥർ ബഹിഷ്കരിച്ചു
text_fieldsകുമളി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ബുധനാഴ്ച നടന്ന അഞ്ചംഗ ഉപസമിതി സന്ദർശനം തമിഴ്നാട് ഉദ്യോഗസ്ഥർ ബഹിഷ്കരിച്ചു. ഉപസമിതി ചെയർമാനൊപ്പം അണക്കെട്ടിലെത്തിയ തമിഴ്നാടിന്‍റെ എക്സിക്യൂട്ടീവ് എഞ്ചിനീയർ സാം ഇർവിൻ, അസി.എക്സിക്യൂട്ടീവ് എഞ്ചിനീയർ കുമാർ എന്നിവർ പരിശോധനകളിൽ സഹകരിക്കാതെ അണക്കെട്ടിലെ ഇൻസ്പെക്ഷൻ ബംഗ്ലാവിൽ ഇരിക്കുകയായിരുന്നു.
ചെയർമാൻ കേന്ദ്ര ജലവിഭവ വകുപ്പിലെ എക്സിക്യൂട്ടീവ് എഞ്ചിനീയർ സതീഷിന്‍റെ നേതൃത്വത്തിൽ കേരളത്തിന്‍റെ പ്രതിനിധികളായ എക്സിക്യുട്ടീവ് എഞ്ചിനീയർ ലവിൻസ് ബാബു, അസി.എഞ്ചിനീയർ അരുൺ എന്നിവർ മാത്രമാണ് അണക്കെട്ടിൽ പരിശോധനകൾ നടത്തിയത്. അണക്കെട്ടിന്‍റെ ഗാലറി വഴി ഒഴുകുന്ന സീപ്പേജ് ജലത്തിന്‍റെ അളവ് ശേഖരിക്കാൻ ഗാലറി തുറന്നു നൽകാത്തതിനാൽ പരിശോധകർക്ക് കഴിഞ്ഞില്ല. സ്പിൽവേയിലെ ഷട്ടറുകൾ ഉയർത്തിയും താഴ്ത്തിയുമുള്ള കാര്യക്ഷമതാ പരിശോധനയും തമിഴ്നാട് ഉദ്യോഗസ്ഥരുടെ നിസ്സഹകരണം മൂലം നടന്നില്ല.
പ്രധാന അണക്കെട്ടിനു സമീപത്തെ ബേബി ഡാമിൽ അറ്റകുറ്റപ്പണിക്ക് കേരളം അനുമതി നൽകാത്തതാണ് തമിഴ്നാടിന്‍റെ പ്രതിഷേധത്തിനു കാരണം. അണക്കെട്ടിൽ വർഷം തോറും നടത്തുന്ന പെയിന്‍റിംഗ്, സ്പിൽവേ ഷട്ടറിന്റെ അറ്റകുറ്റപ്പണി എന്നീ ജോലികൾക്കൊപ്പമാണ് ബേബി ഡാമിന്‍റെ അറ്റകുറ്റപ്പണി ഉൾപ്പെടെ 13 ജോലികൾക്ക് തമിഴ്നാട് ഉദ്യോഗസ്ഥർ അനുമതി തേടിയത്.
എന്നാൽ, ബേബി ഡാം അറ്റകുറ്റപ്പണി സംബന്ധിച്ച് തീരുമാനം എടുക്കേണ്ടത് ഉന്നതാധികാര സമിതിയും സർക്കാരുമാണെന്നും മറ്റ് അറ്റകുറ്റപ്പണികൾ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് തയാറാക്കി നൽകണമെന്നും കേരളം ആവശ്യപ്പെട്ടെങ്കിലും തയാറല്ലെന്ന നിലപാടാണ് തമിഴ്നാട് ഉദ്യോഗസ്ഥർ സ്വീകരിച്ചതെന്ന് ഉപസമിതിയിലെ അംഗങ്ങൾ ‘മാധ്യമ’ത്തോടു പറഞ്ഞു. ഈ സാഹചര്യത്തിലാണ് അറ്റകുറ്റപ്പണികൾക്കുള്ള അനുമതി വൈകിയത്. ഉപസമിതി സന്ദർശനത്തിനു ശേഷം യോഗം ചേർന്ന് പ്രശ്നത്തിന് പരിഹാരം കാണാമെന്ന ചെയർമാന്‍റെ നിർദേശവും അംഗീകരിക്കാതെയായിരുന്നു ബുധനാഴ്ചത്തെ തമിഴ്നാട് ഉദ്യോഗസ്ഥരുടെ പ്രതിഷേധം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.