മുല്ലപ്പെരിയാർ ജലനിരപ്പ് 138.05 കടന്നു, രണ്ടാമത്തെ മുന്നറിയിപ്പ് ലഭിച്ചു; ഡാം നാളെ തുറക്കും
text_fieldsകുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 138 അടി കടന്നു. രാവിലെ അഞ്ചിന് രേഖപ്പെടുത്തിയ കണക്ക് പ്രകാരം 138.05 അടിയാണ് നിലവിലെ ജലനിരപ്പ്. വൃഷ്ടിപ്രദേശത്ത് നിന്ന് സെക്കൻഡിൽ 5800 ഘനയടി (ക്യുസെക്സ്) ജലമാണ് അണക്കെട്ടിലേക്ക് ഒഴുകി എത്തുന്നത്. ഇന്നലെ രാത്രി അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശത്ത് മഴ ശക്തമായിരുന്നു. തമിഴ്നാട് സെക്കൻഡിൽ 2300 ഘനയടി വെള്ളമാണ് ടണൽ വഴി വൈഗ അണക്കെട്ടിലേക്ക് കൊണ്ടു പോകുന്നത്.
ജലനിരപ്പ് 138 അടിയിലേക്ക് എത്തിയതോടെ രണ്ടാമത്തെ മുന്നറിയിപ്പ് തമിഴ്നാട് കേരളത്തിന് നൽകി. പുലർച്ചെ മൂന്നു മണിക്കാണ് ജലനിരപ്പ് 138 അടി പിന്നിട്ടത്. അണക്കെട്ടിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന്‍റെ ഭാഗമായി നാളെ രാവിലെ ഏഴു മണി മുതൽ സ്പിൽവേ ഷട്ടർ ഉയർത്തി ജലം പുറത്തേക്ക് ഒഴുക്കാൻ സാധ്യതയുണ്ടെന്ന് തമിഴ്നാട് ജല വിഭവവകുപ്പ് അറിയിച്ചു.
അതേസമയം, പീരുമേട് താലൂക്കിലെ ഏലപ്പാറ, ഉപ്പുതറ, പെരിയാര്‍, മഞ്ചുമല വില്ലേജുകൾ, ഇടുക്കി താലൂക്കിലെ അയ്യപ്പന്‍കോവില്‍, കാഞ്ചിയാര്‍ വില്ലേജുകള്‍, ഉടുമ്പഞ്ചോല താലൂക്കിലെ ആനവിലാസം എന്നിവിടങ്ങളിൽ നിന്ന് 3220 പേരെ മാറ്റി പാര്‍പ്പിക്കണം. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും എല്ലാവിധ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു.
അണക്കെട്ടിൽ നിന്ന് തുറന്നു വിടുന്ന വെള്ളം കടന്നു വരുന്ന പെരിയാറിന്‍റെ ഇരുവശങ്ങളിലും താമസിക്കുന്നവരെ ബന്ധപ്പെട്ട വില്ലേജ് ഓഫീസർമാരുടെയോ ചുമതലപ്പെട്ട മറ്റ് ഉദ്യോഗസ്ഥരുടെയോ നിർദേശ പ്രകാരം ഇന്ന് രാവിലെ ഏഴു മണി മുതൽ ക്യാമ്പുകളിലേക്ക് മാറ്റാൻ നടപടി തുടങ്ങി. ഇവർക്ക് മാറാനുള്ള വാഹന സൗകര്യം അതാത് സ്ഥലത്ത് ഏർപ്പാടാക്കിയിട്ടുണ്ട്.
തികച്ചും കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് ക്യാമ്പുകൾ സജ്ജീകരിച്ചിരിക്കുന്നത്. എല്ലാ ക്യാമ്പിലും ചാർജ് ഓഫീസർമാരെ നിയോഗിച്ചിട്ടുണ്ട്. മെഡിക്കൽ ആവശ്യത്തിനായി എല്ലായിടത്തും ടീമിനെ സജ്ജികരിച്ചിട്ടുണ്ട്. ക്യാമ്പിലേക്ക് മാറുന്നവരുടെ വീടുകളിൽ പൊലീസ് നൈറ്റ് പട്രോളിങ് ഏർപ്പാടാക്കിയതാനും ജില്ലാ കലക്ടർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.