മുല്ലപ്പെരിയാർ: പ്രതീക്ഷയോടെ കേരളം, പ്രതിഷേധത്തിന് തുടക്കമിട്ട് തമിഴ് സംഘടനകൾ
text_fieldsകുമളി: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ടുമായി ബന്ധപ്പെട്ട് പരിഗണന വിഷയങ്ങൾ തീരുമാനിക്കാൻ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം കേരളത്തിന് അനുമതി നൽകിയതോടെ ഭീതിയിൽ കഴിയുന്ന പെരിയാർ തീരവാസികളിൽ പ്രതീക്ഷ. എന്നാൽ, കേന്ദ്രാനുമതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട്ടിൽ വിവിധ സംഘടനകൾ രംഗത്തെത്തിയത് ആശങ്കക്കും വഴിതുറന്നു.
നൂറ്റാണ്ടിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ അണക്കെട്ടിനു ബലക്ഷയം ഉണ്ടെന്ന് 1979ലാണ് കേന്ദ്ര ജലകമീഷനിലെ വിദഗ്ധർ കണ്ടെത്തിയത്. പിന്നീട് അണക്കെട്ട് ബലപ്പെടുത്തൽ നടന്നെങ്കിലും അണക്കെട്ടിലൂടെയുള്ള ചോർച്ച കേരളത്തിെൻറ സമാധാനം ഇല്ലാതാക്കി. ഒാരോ മഴക്കാലവും ഭീതി നിറഞ്ഞതും തീരവാസികൾക്ക് ദുരിതം വിതക്കുന്നതുമായതോടെ പുതിയ അണക്കെട്ടിനായുള്ള മുറവിളി ശക്തമായി. നിലവിലുള്ളതിൽനിന്ന് 366 മീറ്റർ താഴേക്ക് മാറി പുതിയ അണക്കെട്ടിനായി സ്ഥലം കണ്ടെത്തുകയും 2011ൽ നിർമാണത്തിന് തീരുമാനമെടുക്കുകയും ചെയ്തു.
നേരത്തേ, ഇതിനായി 2009ൽ സർവേക്കും പിന്നീട് 2014ൽ പരിസ്ഥിതി ആഘാതപഠനത്തിനും കേന്ദ്രസർക്കാർ അനുമതി നൽകി. ഇതനുസരിച്ച് ലക്ഷങ്ങൾ ചെലവഴിച്ച് മുല്ലപ്പെരിയാർ അണക്കെട്ട് മുതൽ ഉപ്പുതറ ചപ്പാത്ത് വരെയുള്ള ജലം ഒഴുകുന്ന പ്രദേശങ്ങളിൽ കേരളം സർവേ നടത്തി. പിന്നാലെ 2010ൽ ജിയളോജിക്കൽ സർവേ ഓഫ് ഇന്ത്യ അധികൃതർ പുതിയ അണക്കെട്ടിനായി കണ്ടെത്തിയ പ്രദേശത്ത് ഭൂമി തുരന്ന് ശാസ്ത്രീയ പഠനം നടത്തി. ഈ ഭാഗത്തെ മണ്ണ്, പാറ എന്നിവയുടെ ഘടന, കാഠിന്യം എന്നിവ പരിശോധിക്കാനായിരുന്നു 20ഓളം സ്ഥലത്ത് ഭൂമി തുരന്ന് സാമ്പിൾ ശേഖരിച്ചുള്ള പഠനം.
എന്നാൽ, ഇവയെല്ലാം തമിഴ്നാടിെൻറ എതിർപ്പിനെ തുടർന്ന് നിശ്ചലമായി. പുതിയ അണക്കെട്ടിെൻറ ആവശ്യമിെല്ലന്നും ഇരു സംസ്ഥാനത്തെയും ജനങ്ങളെ തമ്മിൽ തല്ലിക്കാനുള്ള നീക്കമാണ് ഉത്തരവെന്നും ഇത് പിൻവലിക്കണമെന്നും ആവശ്യപ്പെട്ടാണ് കർഷക സംഘടനകൾ രംഗത്തെത്തിയത്. തമിഴ്നാട്ടിൽ വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാനാണ് ഇവരുടെ തീരുമാനം. 53.22 മീറ്റർ ഉയരമുള്ള പുതിയ അണക്കെട്ടിന് 633 കോടി ചെലവ് വരുമെന്നാണ് കേരളം കണക്കാക്കിയിട്ടുള്ളത്. നാലുവർഷംകൊണ്ട് ഏറ്റവും ആധുനിക സാങ്കേതിക വിദ്യകളുപയോഗിച്ച് നിർമാണം പൂർത്തിയാക്കാമെന്നാണ് പ്രതീക്ഷ.
മുല്ലപ്പെരിയാറിന് മേൽ ആധിപത്യം ഉറപ്പിക്കാൻ 10 അംഗ ഉന്നതതല സമിതിയെ അടുത്തിടെയാണ് തമിഴ്നാട് നിയോഗിച്ചത്. ഇതിനു പിന്നാലെയുണ്ടായ കേന്ദ്രസർക്കാർ നടപടി തമിഴ്നാടിന് തിരിച്ചടിയായതായാണ് വിലയിരുത്തപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.