മുല്ലപ്പെരിയാര് സുരക്ഷാ പരിശോധന അനുമതി: കേരളത്തിന് വലിയ ആശ്വാസം; ഫലപ്രദമായി വിനിയോഗിക്കണം
text_fieldsകുമളി: നൂറ്റാണ്ടിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ബലം സംബന്ധിച്ച സുരക്ഷാ പരിശോധനക്ക് കേന്ദ്ര ജലവിഭവ കമീഷന്റെ അനുമതി ലഭിച്ചത് കേരളത്തിന് വലിയ ആശ്വാസമായി.
അണക്കെട്ട് സുരക്ഷാ ഭീതി ഉയർത്തുന്നുവെന്ന കാരണത്താൽ പുതിയ അണക്കെട്ട് നിർമാണത്തിനുള്ള നടപടികൾക്ക് കേരളം കാത്തിരിക്കുന്നതിനിടെയാണ് ജലവിഭവ കമീഷന്റെ സുപ്രധാന നീക്കം. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുല്ലപ്പെരിയാർ അണക്കെട്ട് സംസ്ഥാനത്തിന് കടുത്ത സുരക്ഷാഭീഷണി ഉയർത്തുന്നുവെന്ന കേരളത്തിന്റെ വാദം അംഗീകരിക്കപ്പെട്ടു.
ഇതിനുമുമ്പ് 2011ലാണ് അണക്കെട്ടിൽ സുരക്ഷാ പരിശോധന നടന്നത്. കേന്ദ്ര ജല കമീഷനിലെ വിദഗ്ധർ ഉൾപ്പെടെ അന്ന് നടത്തിയ പരിശോധനയുടെ ഫലം അട്ടിമറിക്കപ്പെട്ടതായി കേരളം പിന്നീട് വ്യക്തമാക്കിയിരുന്നു. ഒരു പതിറ്റാണ്ടിലധികം പിന്നിട്ടശേഷം വീണ്ടും സുരക്ഷാ പരിശോധനക്ക് കളമൊരുങ്ങുമ്പോൾ കേരളം ഇതെങ്ങനെ ഫലപ്രദമായി വിനിയോഗിക്കും എന്നതാണ് പ്രധാനം.
1896ൽ കമീഷൻ ചെയ്യപ്പെട്ട അണക്കെട്ടിൽനിന്ന് കാലപ്പഴക്കത്താൽ നിർമാണത്തിനുപയോഗിച്ച സുർക്കി മിശ്രിതം വൻതോതിൽ നഷ്ടപ്പെട്ടതായി കണ്ടെത്തിയിരുന്നു. 1931ലും 1961-65 കാലഘട്ടത്തിലുമായി ഒഴുകി നഷ്ടപ്പെട്ട സുർക്കിക്ക് പകരമായി 90 ടണ്ണിലധികം സിമൻറ് അണക്കെട്ടിൽ ഉപയോഗിച്ച് അറ്റകുറ്റപ്പണി നടത്തി. ഇതിന്റെ ബലത്തിലാണ് അണക്കെട്ട് സുരക്ഷിതമാണെന്ന് തമിഴ്നാട് വാദിക്കുന്നത്.
അണക്കെട്ട് സുരക്ഷാപരിശോധനയുടെ ഭാഗമായി മുമ്പ് കേരളം നാവികസേനയിലെ മുങ്ങൽ വിദഗ്ധരുടെ സഹായം തേടിയിരുന്നു. പ്രധാന അണക്കെട്ടിന്റെ അടിത്തട്ട് വരെ മുങ്ങിയെത്തി ആധുനിക കാമറയിൽ ചിത്രങ്ങൾ പകർത്തുകയായിരുന്നു ലക്ഷ്യം. എന്നാൽ, നാവികസേനാംഗങ്ങൾ തേക്കടിയിലെത്തിയ ഉടൻ കുമളിയിലെ കേരള -തമിഴ്നാട് അതിർത്തി സ്തംഭിപ്പിച്ചായിരുന്നു തമിഴ്നാടിന്റെ പ്രതിഷേധം. ഇതോടെ കാര്യമായ പരിശോധനകൾ നടത്താതെ മുങ്ങൽ വിദഗ്ധർക്ക് മടങ്ങിപ്പോവേണ്ടി വന്നു.
ഇപ്പോൾ കേന്ദ്ര ജല കമീഷൻ നൽകിയ അനുമതിയിൽ രാജ്യാന്തര വിദഗ്ധരെ ഉൾപ്പെടുത്തി ആധുനിക സംവിധാനങ്ങളുടെ സഹായത്തോടെ പരിശോധന നടത്താൻ കേരളം തയാറായാൽ വർഷങ്ങളായി തുടരുന്ന പ്രശ്നത്തിന് കൃത്യമായ മറുപടി ലഭ്യമാകും. 12 മാസത്തിനുള്ളിൽ പരിശോധനകൾ പൂർത്തിയാക്കണമെന്ന നിർദേശവും കേരളം സമയബന്ധിതമായി നടപ്പാക്കേണ്ടതുണ്ട്.
തമിഴ്നാട്ടിലെ തേനി, മധുര, ദിണ്ഡുഗൽ, ശിവഗംഗ, രാമനാഥപുരം ജില്ലകളിലേക്കുള്ള വെള്ളം എന്ന നിലയിൽ മുല്ലപ്പെരിയാർ തമിഴ്നാടിന്റെ വൈകാരിക വിഷയം കൂടിയാണ്. രണ്ട് സംസ്ഥാനങ്ങളിലെ ജനങ്ങൾ തമ്മിൽ ഏറ്റുമുട്ടലിന് വഴിയൊരുക്കാതെ, അണക്കെട്ടിന്റെ പ്രശ്നങ്ങൾ കൃത്യമായി പരിശോധിച്ച് പുറത്തെത്തിക്കാനായാൽ പുതിയ അണക്കെട്ടെന്ന കേരളത്തിന്റെ ആവശ്യത്തിന് പിന്നീട് കാര്യമായ എതിർപ്പുകൾ ഉണ്ടാക്കാൻ തമിഴ്നാടിന് കഴിയാതാവുമെന്നതാണ് ഇപ്പോഴത്തെ പരിശോധന അനുമതി നിർണായകമാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.